പാലക്കാട് സിപിഎമ്മിൽ തമ്മിലടി; ഏരിയാ സമ്മേളനം മാറ്റിവച്ചു

പാലക്കാട്: പാലക്കാട് സിപിഎമ്മിൽ തമ്മിലടി. സിപിഎം പുതുശ്ശേരി ഏരിയാ സമ്മേളനം മാറ്റിവച്ചു. ബ്രാഞ്ച് – ലോക്കൽ സമ്മേളനങ്ങളിൽ കടുത്ത വിഭാഗീയത കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വാളയാർ – എലപ്പുള്ളി ലോക്കൽ സമ്മേളനങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു. വിഷയം കൈകാര്യം ചെയ്യുന്നതിൽ ഏരിയാ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് പാർട്ടി വിലയിരുത്തൽ.

നവംബർ 27, 28 തിയ്യതികളിലായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. പാലക്കാട് ജില്ലയിൽ എറ്റവും കൂടുതൽ വിഭാഗീയത രൂക്ഷമായ കമ്മിറ്റിയായാണ് പാർട്ടി പുതുശ്ശേരിയെ കാണുന്നത്.

പുതുശ്ശേരി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കൽ കമ്മിറ്റികൾ വിഭജിക്കാനുള്ള തീരുമാനം നേരത്തെ പാർട്ടി റദ്ദാക്കിയിരുന്നു. വിഭജനത്തെ ചൊല്ലിയുള്ള തർക്കം സമ്മേളനങ്ങളിൽ സംഘർഷത്തിലേക്ക് വഴിമാറിയതിനെ തുടർന്നാണ് ജില്ലാ നേതൃത്വം തീരുമാനം റദ്ദാക്കിയത്. ഏരിയാ കമ്മിറ്റിക്ക് കീഴിൽ കടുത്ത വിഭാഗീയതയാണുള്ളതെന്ന് എ പ്രഭാകരൻ എംഎൽഎ സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

വാളയാർ ലോക്കൽ സമ്മേളനത്തിൽ അഗങ്ങൾ പരസ്പരം പോരടിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. ലോക്കൽ കമ്മിറ്റി രണ്ടായി വിഭജിക്കാനുള്ള തീരുമാനത്തിനെതിരെ ആയിരുന്നു പ്രതിഷേധം. എലപ്പുള്ളി ലോക്കൽ സമ്മേളനവും പൂർത്തിയാക്കാനായില്ല. പുതുശേരി ഏരിയാ കമ്മിറ്റിക്ക് കീഴിൽ രൂക്ഷമായ വിഭാഗീയതയാണ് പരസ്യ വിഴുപ്പലക്കലിലേക്ക് എത്തിയതെന്നായിരുന്നു മലമ്പുഴ എംഎൽഎ എ പ്രഭാകരൻ സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രിക്കും നൽകിയ പരാതി.

എലപ്പുള്ളി, വാളയാർ ലോക്കൽ കമ്മിറ്റിയ്ക്കൊപ്പം കണ്ണാടി, പൊൽപ്പുള്ളി, മരുതറോഡ് ഏരിയാ കമ്മിറ്റികളും വിഭജിക്കേണ്ടെന്നും ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചിരുന്നു. വിഭാഗീയതയെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന കമ്മിറ്റിയംഗം കെ വി രാമകൃഷ്ണൻ ജില്ലാ സെക്രട്ടേറിയേറ്റംഗം ഇ എൻ സുരേഷ്ബാബു എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

Related posts

Leave a Comment