സെലൻസ്കിയെ വധിക്കാൻ റഷ്യ കൂലിപ്പടയെ ഇറക്കിയെന്ന് റിപ്പോർട്ട്, യൂറോപ്യൻ യൂണിയനിൽ അം​ഗത്വം തേടി യുക്രൈൻ

കീവ്: യുക്രൈൻ പ്രസിഡൻറ് ളാദിമിർ സെലെൻസ്കിയെ വധിക്കാൻ റഷ്യ കൂലിപ്പടയെ ഇറക്കിയെന്നു രഹസ്യ വിവരം. നാനൂറ് കൂലിപ്പടയാളികളെ ഇതിനായി റഷ്യ യുക്രൈനിൽ ഇറക്കിയെന്നു യക്രൈൻ അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഫ്രിക്കയിൽ നിന്നും അഞ്ച് ആഴ്ച മുൻപ് തന്നെ ഈ സംഘം യുക്രൈൻ തലസ്ഥാനമായ കീവിൽ എത്തിയെന്നാണ് റിപ്പോർട്ട്. കീവ് ന​ഗരത്തെ റഷ്യ പൂർണമായും വളഞ്ഞെങ്കിലും കീഴടക്കാനായിട്ടില്ല. അതിശക്തമായ ചെറുത്ത് നില്പാണ് യുക്രൈൻ നടത്തുന്നത്. കീവിലെ തന്ത്ര പ്രധാന മേഖലയിലിരുന്ന് സെലൻസ്കിയുടെ നേതൃത്വത്തിലാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
ഈ സംഘം കീവിൽ പ്രവേശിച്ചു എന്ന വിവരത്തെ തുടർന്നാണ് ശനിയാഴ്ച രാവിലെ മുതൽ യുക്രൈൻ സർക്കാർ കീവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 36 മണിക്കൂർ കർഫ്യൂആണ് പ്രഖ്യാപിച്ചത്. റഷ്യൻ കൂലിപ്പടയെ പിടികൂടാൻ കൂടിയായിരുന്നു ഇത്. കർഫ്യൂ ലംഘിക്കുന്നവരെ പിടികൂടുക, അല്ലെങ്കിൽ വെടിവയ്ക്കുക എന്നതായിരുന്നു യുക്രൈൻ സൈന്യത്തിന് കർഫ്യൂ സമയത്ത് ലഭിച്ച നിർദേശം.
അതേ സമയം അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വന്നതോടെ റഷ്യയിലെ സാമ്പത്തികരംഗം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. റഷ്യൻ കറൻസിയായ റൂബിൾ മൂല്യം കുത്തനെ ഇടിഞ്ഞതോടെ പലിശ നിരക്കുകൾ ഉയർത്തി ഈ തകർച്ചയെ പ്രതിരോധിക്കാനാണ് രാജ്യത്തെ ധനകാര്യ മാനേജ്മെന്റ് സംവിധാനങ്ങൾ ശ്രമിക്കുന്നത്. റൂബിളിനെ ജനം കൈയ്യൊഴിയുന്നത് ഒഴിവാക്കാൻ രാജ്യത്തെ പൗരന്മാർ വിദേശത്തേക്ക് പണം അയക്കരുതെന്ന് ഉത്തരവിടുകയും ചെയ്തിരിക്കുകയാണ് പുടിൻ.
അതേസമയം, യൂറോപ്യൻ യൂണിയനിൽ ചേരാൻ ഔദ്യോഗികമായി യുക്രൈൻ അപേക്ഷ നൽകി. റഷ്യയ്ക്കെതിരെ ശക്തമായ യുക്രൈൻ ചെറുത്ത് നിൽപ്പിന് നേതൃത്വം നൽകുന്ന യുക്രൈൻ പ്രസിഡൻറ് സെലെൻസ്കിയെ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച രേഖയിൽ ഒപ്പിട്ടു. യൂറോപ്യൻ യൂണിയനിൽ യുക്രൈന് എത്രയും പെട്ടെന്ന് അംഗത്വം നൽകാനുള്ള നടപടി ആവശ്യമാണെന്ന് യുക്രൈൻ പ്രസിഡൻറ് യൂറോപ്യൻ യൂണിയനോട് അഭ്യർഥിച്ചു.

Related posts

Leave a Comment