അപൂര്‍വയിനങ്ങളാല്‍ ‘ശ്രീബുദ്ധ’ന്റെ നെല്‍ചിത്രം: കൗതുകകാഴ്ചയായി പ്രസീദിന്റെ പാടശേഖരം

സുല്‍ത്താന്‍ബത്തേരി: ധ്യാനമിരിക്കുന്ന ശ്രീബുദ്ധന്റെ നെല്‍ചിത്രമൊരുക്കിയ വയനാട് ബത്തേരി തയ്യില്‍ പ്രസീദ്കുമാറിന്റെ പാടശേഖരം വിസ്മയ കാഴ്ചയാവുന്നു. സുല്‍ത്താന്‍ബത്തേരി നമ്പിക്കൊല്ലി കഴമ്പുവയലിലെ രണ്ടരയേക്കര്‍ പാടശേഖരത്തിലെ 30 സെന്റ് സ്ഥലത്താണ് പ്രസീദ് ശ്രീബുദ്ധന്റെ നെല്‍ചിത്രമൊരുക്കിയിരിക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവുമധികം നെല്‍ചിത്രമൊരുക്കിയിട്ടുള്ള പ്രസീദിന്റെ ഒടുവിലത്തെ പാഡി ആര്‍ട്ടാണ് ശ്രീബുദ്ധന്‍. ഇതിന് മുമ്പ് ഇന്ത്യയുടെ ഭൂപടം, ഗുരുവായൂര്‍ കേശവന്‍, കഴുകന്‍, പ്രണയമീനുകള്‍ എന്നീ നെല്‍ചിത്രങ്ങളും പ്രസീദ് തന്റെ പാടത്തൊരുക്കിയിരുന്നു. സുഹൃത്തും ചിത്രകാരനുമായ ഓടപ്പള്ളം സ്വദേശി എ വണ്‍ പ്രസാദാണ് ഇത്തവണയും നെല്‍ചിത്രത്തിന്റെ രൂപരേഖ തയ്യാറാക്കിയതെന്ന് പ്രസീദ് വീക്ഷണത്തോട് പറഞ്ഞു. അത്യപൂര്‍വ്വനെല്ലിനങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തുകയെന്നതാണ് പാഡി ആര്‍ട്ട് കൊണ്ട് ലക്ഷ്യമിടുന്നത്. ഇത്തവണ രക്തശാലി, നസര്‍ബാത്ത്, ചിന്നാര്‍, ജീരകശാല എന്നീ നെല്ലിനങ്ങളാണ് ശ്രീബുദ്ധന്റെ ചിത്രത്തിനായി ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 125-ഓളം ഇനത്തില്‍പ്പെട്ട നെല്‍വിത്തുകള്‍ നിലവില്‍ പ്രസീദിന്റെ കൈയ്യിലുണ്ട്. ഇതില്‍ 75 നെല്ലിനങ്ങളാണ് ഇത്തവണ നമ്പിക്കൊല്ലി, പുല്‍പ്പള്ളി റോഡിലെ പണയമ്പം എന്നിവിടങ്ങളിലെ എട്ട് ഏക്കറോളം പാടത്തായി നട്ടിരിക്കുന്നത്. 2017-ലാണ് ആദ്യമായി സ്വന്തം വയലില്‍ പാഡി ആര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ തവണ ചെയ്ത ‘പ്രണയമീനുകള്‍’ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇത്തവണ ശ്രീബുദ്ധന്റെ ചിത്രമൊരുക്കാന്‍ തീരുമാനിച്ചതിന് പിന്നിലും ഒരു കാരണമുണ്ടെന്ന് പ്രസീദ് പറയുന്നു. ലോകം മൊത്തം ‘കാലാ നമക്ക്’ എന്ന നെല്ലിനം പ്രചരിപ്പിച്ചത് ശ്രീബുദ്ധനാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതാണ് ബുദ്ധന്റെ നെല്‍ചിത്രം തന്നെ ഇത്തവണയൊരുക്കിയത്. കൃഷ്ണകാമോദ്, മുള്ളന്‍കുറുവ, മുള്ളന്‍പുഞ്ച, ബ്ലാക്ക്പാഡി, രാംലി, രക്തശാലി, സബര്‍ബാത്ത്, കല്ല്യാണി വയലറ്റ്, ചെന്നെല്ല്, നവര, അടുക്കന്‍, തൊണ്ടി, പാല്‍തൊണ്ടി, ബ്ലാക്ക് ജാസ്മിന്‍, കാക്കിശാല, കീരോ, അണ്ണൂരി, കരിവസുമതി, ചിന്നാര്‍, ജീരകശാല എന്നിങ്ങനെ പോകുന്നു പ്രസീദിന്റെ ശേഖരത്തിലെ അപൂര്‍വനെല്ലിനങ്ങള്‍. വയലറ്റ്, മഞ്ഞ അടക്കമുള്ള ഒരുപാട് നിറങ്ങളിലുള്ള നെല്ലിനങ്ങളും ഇതിലുള്‍പ്പെടുന്നു. ജീവിതശൈലി രോഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതടക്കം 52-ഓളം ഔഷധനെല്ലിനങ്ങളും ഇത്തവണ പ്രസീദിന്റെ പാടത്ത് വിളയുന്നുണ്ട്. ലോകത്തിന്റെ പല ഭാഗത്തുള്ള അപൂര്‍വ നെല്‍വിത്തുകള്‍ ഇനിയും സ്വന്തം കൃഷിയിടത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് പ്രസീദ്. ഭാര്യ വിശ്വപ്രിയയും, വിദ്യാര്‍ഥിനികളായ ആകര്‍ഷിമ, ആത്മിക എന്നിവരും പ്രസീദിനൊപ്പം നെല്‍കൃഷിയില്‍ സജീവമാണ്.

Related posts

Leave a Comment