സഭാ സമ്മേളനത്തിൽ ഹാജരില്ല; പി.വി അൻവറിന് അയോഗ്യതാക്കുരുക്ക്

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ തുടർച്ചയായി വിട്ടുനിൽക്കുന്ന ഇടതുപക്ഷ അംഗം പി.വി അൻവർ അയോഗ്യതാക്കുരുക്കിൽ. അവധി അപേക്ഷ നൽകാതെ സഭാ സമ്മേളനത്തിൽ പങ്കെടുക്കാത്ത സാമാജികർക്ക് അയോഗ്യത കൽപ്പിക്കേണ്ടി വരുന്ന ഭരണഘടനാ ചട്ടത്തിന്റെ അടിസ്ഥാനത്തിൽ പി.വി അൻവർ നടപടി നേരിടേണ്ടിവരുമോയെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.  ഭരണഘടനയുടെ 190 (4) പ്രകാരം, 60 സഭാ സമ്മേളനങ്ങളിൽ തുടർച്ചയായി പങ്കെടുക്കാതിരുന്നാൽ എംഎൽഎയെ അയോഗ്യനാക്കാൻ സഭയ്ക്ക് അധികാരമുണ്ട്. ആ സീറ്റ് ഒഴിവ് വന്നതായി പ്രഖ്യാപിക്കും. അതേസമയം, സഭയുടെ അനുമതിയോടെ എംഎൽഎയ്ക്ക് അവധിയെടുക്കാമെങ്കിലും ഇത്തരമൊരു അപേക്ഷ അൻവർ നൽകിയിട്ടില്ലെന്നതാണ് ശ്രദ്ധേയം.
പതിനഞ്ചാം കേരള നിയമസഭ മൂന്നുവട്ടം സമ്മേളിച്ചിട്ടും ചുരുക്കം ചില ദിവസങ്ങളിൽ മാത്രമാണ് പി.വി അൻവർ സഭയിൽ ഹാജരായത്. ഒന്നാം സമ്മേളനം 12 ദിവസവും രണ്ടാം സമ്മേളനം 17 ദിവസവുമാണ് ചേർന്നത്. ഒന്നാം സമ്മേളനത്തിൽ അഞ്ച് ദിവസമാണ് അൻവർ സഭയിൽ ഹാജരായത്. രണ്ടാം സമ്മേളനത്തിൽ ഹാജരായില്ല. മൂന്നാം സമ്മേളനം ഇക്കഴിഞ്ഞ നാലിന് ആരംഭിച്ചെങ്കിലും പി.വി അൻവർ ഇതുവരെ ഹാജർ രേഖപ്പെടുത്തിയിട്ടില്ല. സർക്കാർ നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി, ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി, ഭക്ഷ്യവും സിവിൽ സപ്ലൈസും സഹകരണവും സംബന്ധിച്ച സമിതി തുടങ്ങിയവയിൽ പി.വി അൻവർ അംഗമാണ്. സർക്കാർ നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി രണ്ടു യോഗവും മറ്റു സമിതികൾ മൂന്നു യോഗങ്ങൾ വീതവും ചേർന്നു. ഈ സമിതി യോഗങ്ങളിലൊന്നും എംഎൽഎ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്.

Related posts

Leave a Comment