നിയമസഭയിൽ നിർഭയൻ; സഭയ്ക്ക് പുറത്ത് സഹൃദയൻ

 

നിസാർ മുഹമ്മദ്

തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് നിർഭയനായിരുന്നു പി.ടി തോമസ്. പുറത്താകട്ടെ, തികഞ്ഞ സഹൃദയനും. ഭരണകൂടത്തിന്റെ ജനദ്രോഹങ്ങളെ നിയമസഭയിൽ നിരന്തരം തുറന്നുകാട്ടിയ പി.ടി തോമസിലെ രാഷ്ട്രീയ പോരാളി കോൺഗ്രസ് പാർട്ടിക്കും ഐക്യ മുന്നണിക്കും നൽകിയ ഊർജ്ജം ചെറുതൊന്നുമല്ല. എന്നാൽ, സഭാ കവാടത്തിന് പുറത്ത് സൗഹൃദവും അനിതര സാധാരണമായ മനുഷ്യത്വവുമായിരുന്നു പി.ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയം.  

വയലാറിന്റെ പാട്ടുകൾ മൂളുന്ന, നല്ല സിനിമകൾ കാണുന്ന, പരന്ന വായനയിലൂടെ വിജ്ഞാനം തേടുന്ന, പരിസ്ഥിതിയെ അതിരറ്റ് സ്നേഹിക്കുന്ന,
നിയമവശങ്ങളും ചട്ടങ്ങളും കീഴ്വഴക്കങ്ങളും ഇഴകീറി പഠിക്കുന്ന പി.ടി തോമസ് സാമാജികരുടെ ഹോസ്റ്റലിലെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു.  സഹായം തേടിയെത്തുന്നവരോട് പി.ടി തോമസ് കാട്ടുന്ന അനുകമ്പ കണ്ട് പലകുറി അമ്പരന്നിട്ടുണ്ട് തലസ്ഥാനത്തെ രാഷ്ട്രീയ – മാധ്യമ ലോകം. അസാധ്യമെന്ന് കരുതപ്പെട്ട പലകാര്യങ്ങളിലും സമീപിക്കുന്നവരുടെ രാഷ്ട്രീയം ചികയാതെ പി.ടി ഇടപെട്ടു, പരിഹാരമുണ്ടാക്കി.

 പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നും രണ്ടും സർക്കാരുകൾ പി.ടിയുടെ സമരതീക്ഷ്ണതയിൽ കുറച്ചൊന്നുമല്ല സഭയ്ക്കുള്ളിൽ വെന്തുരുകിയത്. ആറു വർഷത്തിനിടെ നടന്ന നിയമസഭാ സമ്മേളനങ്ങളിലെ നടപടി രേഖകൾ വെറുതെയൊന്ന് മറിച്ചു നോക്കിയാൽ മതി, പി.ടി തോമസെന്ന രാഷ്ട്രീയ പോരാളിയുടെ നാക്കും വാക്കും സർക്കാരിനെതിരെ മൂർച്ചയുള്ള ആയുധമായി മാറിയതിന്റെ മായാത്ത അടയാളങ്ങൾ അതിലുണ്ട്. കേരളത്തിന്റെ ചരിത്രത്തിലിന്നോളം കണ്ടിട്ടില്ലാത്ത പ്രതിഷേധത്തിന് സഭാ കവാടം സാക്ഷിയായപ്പോൾ പി.ടി തോമസായിരുന്നു അത് മുന്നിൽ നിന്ന് നയിച്ചത്. ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് ചർച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കർ നിരാകരിച്ചപ്പോൾ സഭാ കവാടത്തിൽ പ്രതീകാത്മകമായി അടിയന്തര പ്രമേയം അവതരിപ്പിക്കാൻ പി.ടി തോമസിനെയാണ് പ്രതിപക്ഷം തെരഞ്ഞെടുത്തത്.

സഭയിൽ പി.ടി ഉന്നയിച്ചതൊന്നും കേവലം രാഷ്ട്രീയ ആരോപണങ്ങളായിരുന്നില്ല. വ്യക്തമായ തെളിവുകളോടെ വിശദമായി പഠിച്ച് മന:പാഠമാക്കിയാണ് പി.ടി ഓരോ തവണയും സഭയിലെത്തിയത്. ഇക്കാലയളവിൽ ഒന്നും രണ്ടുമല്ല, ഒട്ടനവധി തവണ മുഖ്യമന്ത്രി പിണറായി വിജയനെയും പരിവാരങ്ങളെയും പി.ടി മുൾമുനയിൽ നിർത്തി. പ്രതിപക്ഷ ബഹുമാനം ഒട്ടും കുറയ്ക്കാതെ തന്നെ മുഖ്യമന്ത്രിക്കും ഭരണപക്ഷത്തിനും നേരെ പി.ടി ആഞ്ഞടിച്ചു. പിണറായി വിജയൻ ഒരു തികഞ്ഞ സ്റ്റാലിനിസ്റ്റാണെന്നും ഇരട്ടച്ചങ്ക് പോയിട്ട് ഒറ്റച്ചങ്ക് പോലുമില്ലാത്തയാളാണെന്നും തുറന്നുപറയാൻ പി.ടിക്ക് ആർജവം തെല്ലും കുറഞ്ഞിരുന്നില്ല. പിണറായി വിജയന്റെ നവോത്ഥാന നായക പരിവേഷത്തെ പരിഹസിക്കാനും പി.ടി മടിച്ചിരുന്നില്ല. വനിതാ മതില്‍ തീര്‍ക്കുന്നതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഫണ്ട് ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പി.ടി തോമസ് ഗവര്‍ണറെ സമീപിക്കുകയും ചെയ്തു.

സഭയിൽ പി.ടി തോമസ് നടത്തുന്ന പ്രസംഗങ്ങൾ കേട്ടിരിക്കാൻ തന്നെ ബഹുരസമായിരുന്നു. മിതമായി സംസാരിക്കുമ്പോഴും പി.ടിയുടെ വാക്കുകളിലെ മൂർച്ഛ കേൾവിക്കാരിൽ പ്രതിഫലിച്ചു. അങ്ങനെ അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ പലതുമാണ് പിന്നീട് മാധ്യമങ്ങളിലെ പ്രധാന തലക്കെട്ടുകളായി മാറിയത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം, മാധവ് ഗാഡ്ഗിൽ റിപ്പോർട്ട്, പശ്ചിമ ഘട്ട സംരക്ഷണം, നദികളും ആറുകളും കുടിവെള്ള സ്രോതസുകളും മലിനപ്പെടുന്നത്, മുട്ടിൽ മരം മുറി, സ്പിൻക്ലർ ഇടപാട്, സ്വർണ-ഡോളർക്കടത്ത് കേസ്…അങ്ങനെ പറയാനാണെങ്കിൽ ഒരുപാടുണ്ട് സഭയിൽ പി.ടിയുടെ ശബ്ദമുയർന്ന ജനകീയ വിഷയങ്ങൾ.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍  സ്ത്രീരക്ഷയുടെ പ്രവാചകനെന്ന് പറയുന്ന വി.എസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു അന്ന് പി.ടി സഭയിൽ ആവശ്യമുയർത്തിയത്. എറണാകുളം മഹാരാജാസ് കോളേജിലെ സ്റ്റാഫ് ഹോസ്റ്റലിൽ നിന്ന് ആയുധ ശേഖരം കണ്ടെടുത്ത സംഭവത്തിലും അദ്ദേഹം സഭയിൽ സർക്കാരിനെ മുൾമുനയിൽ നിർത്തി. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന അക്രമസംഭവങ്ങളും അതിന് സര്‍ക്കാരും പൊലീസും നല്‍കുന്ന ഒത്താശയും അക്കമിട്ടുനിരത്തിയായിരുന്നു അത്. സംസ്ഥാനത്തെ കലാലയങ്ങളില്‍ മികച്ച പഠനാന്തരീക്ഷം ഉണ്ടാക്കണമെന്ന ആവശ്യവുമായി പി.ടി തോമസ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ നേരിട്ട് കാണുകയും ചെയ്തു.  ഏലമലക്കാടുകള്‍ റവന്യൂ ഭൂമിയാക്കാനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കത്തിന് തുടക്കത്തിൽ തന്നെ വിലങ്ങിട്ടത് പി.ടി തോമസായിരുന്നു. വനഭൂമിക്ക് റവന്യൂ ഭൂമിയുടെ പദവി നേടിയെടുക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ മിനിട്സ് പുറത്തുവിട്ടായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതിഷേധം.

പ്രളയകാലത്ത് സ്വന്തം ആരോഗ്യം പോലും വകവെയ്ക്കാതെ ജനസേവനത്തിന് ഇറങ്ങിയ പി.ടി തോമസ്, പ്രളയകാരണങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞും സർക്കാരിന്റെ അനാസ്ഥ തുറന്നുകാട്ടിയും സഭയിൽ ആഞ്ഞടിച്ചതും രാഷ്ട്രീയ കേരളം കൺതുറന്ന് കണ്ടു. പ്രളയ ദുരന്തത്തിന് പിന്നാലെ മൂന്നാർ മേഖലയിൽ ഭൂമാഫിയ സജീവ സാന്നിധ്യമുറപ്പിച്ചതിന്റെ സൂചനകളും പി.ടി അക്കാലത്ത് തന്നെ വെളിച്ചത്ത് കൊണ്ടുവന്നു. അർഹതപ്പെട്ട ഇഎസ്ഐ ഗുണഭോക്താക്കൾക്ക് മെഡിക്കൽ റീ-ഇംബേഴ്‌സ്‌മെന്റ് നിഷേധിക്കപ്പെട്ടപ്പോഴും രാഷ്ട്രീയം നോക്കാതെ പി.ടി അതിനെ എതിർത്ത് മുന്നിൽ നിന്നു. ഡയറക്ടര്‍ ഓഫ് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ നിന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി അര്‍ഹതയുള്ളവര്‍ക്ക് മാത്രമേ റീ-ഇംബേഴ്‌സ്‌മെന്റ് ക്ലെയിം പാസാക്കാന്‍ സാധിക്കൂ എന്നറിയിച്ചുകൊണ്ട് നൂറുകണക്കിന് ക്ലെയിമുകള്‍ നിരസിച്ച വേളയിലായിരുന്നു അന്ന് അദ്ദേഹത്തിന്റെ ഇടപെടൽ.

പൊലീസിനെതിരെയുള്ള സിഎജിയുടെ വിമർശനം ആദ്യമായി സഭയിൽ ഉയർത്തിയത് പി.ടി തോമസായിരുന്നു. സിഎജി റിപ്പോർട്ട് ചോർത്തിയെടുക്കുകയായിരുന്നുവെന്ന് ആരോപിച്ച് ഭരണപക്ഷം പ്രതിരോധമുയർത്തിയെങ്കിലും പി.ടി തോമസിന്റെ നിലപാടിന് മുന്നിൽ അത് വിലപ്പോയില്ല. കൊറോണ പ്രതിരോധത്തിലെ സർക്കാർ വീഴ്ചകളും കോവിഡിന്റെ പേരിൽ സർക്കാർ നടത്തിയ രാഷ്ട്രീയ പ്രതികാരങ്ങളും വാക്സിനേഷനിലെ പോരായ്മകളും നെല്ലു സംഭരണത്തിലെ അഴിമതികളും, ഏറ്റവുമൊടുവിൽ ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്ര സർക്കാർ നടപടിയെ വിമർശിക്കാതെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലെ പൊള്ളത്തരങ്ങളും പി.ടിയെന്ന പോരാളി സഭയിൽ തുറന്നുകാട്ടി.

Related posts

Leave a Comment