പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണം: പി. രാജേന്ദ്രപ്രസാദ്

കൊല്ലം: തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജേക്കബ് നല്ലിലയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സി പി എം – ഡി വൈ എഫ് ഐ ഗൂണ്ടകളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. രാഷ്ട്രീയ നിലപാടുകൾ ജനപക്ഷത്ത് നിന്നെടുക്കുന്ന കോൺഗ്രസ് നേതാക്കളെയും, ജനപ്രതിനിധികളെയും വാൾമുന കൊണ്ട് ഇല്ലാതാക്കാമെന്നുള്ള സി പി എമ്മിന്റെ കണ്ണൂർ രാഷ്ട്രീയം കൊല്ലത്ത് നടപ്പിലാക്കുവാൻ അനുവദിക്കില്ലെന്നും ഡി സി സി പ്രസിഡന്റ്.

പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പടെയുള്ള കോൺഗ്രസ് ജനപ്രതിനിധികളെ ഓഫീസിനകത്ത്‌ കയറി ആക്രമിച്ചിട്ടും കൈയ്യും കെട്ടി നോക്കി നിൽക്കുന്ന പോലീസ് അധികാരികൾ സി പി എമ്മിന് ഓശാന പാടുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാത്തപക്ഷം പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള ശക്തമായ സമര പരിപാടികൾ കോൺഗ്രസ് നേതൃത്വത്തിൽ ആരംഭിക്കുമെന്നും ഡി സി സി പ്രസിഡന്റ് അറിയിച്ചു. നെടുമ്പന പഞ്ചായത്തിൽ നടക്കുന്ന അഴിമതികൾ പുറത്ത് കൊണ്ട് വന്നതിന്റെ പേരിലാണ് ജേക്കബ് നല്ലിലയെ ഡി വൈ എഫ് ഐക്കാർ വധിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി എല്ലാവിധ സംരക്ഷണം നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു.

Related posts

Leave a Comment