കോൺഗ്രസ് പ്രവർത്തകർക്കുനേരെ തീവ്രവാദ ബന്ധം ആരോപിച്ചതിന് പിന്നിൽ മന്ത്രി പി രാജീവെന്ന് മുഹമ്മദ് ഷിയാസ്

കൊച്ചി : മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവയിൽ സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് തീവ്രവാദ ആരോപണം ഉന്നയിച്ചതിന് പിന്നിൽ മന്ത്രി പി രാജീവ് ആണെന്ന ആരോപണവുമായി കോൺഗ്രസ്. പോലീസിനെ നിരന്തരം സമ്മർദം ചെലുത്തിയാണ് മന്ത്രി തീവ്രവാദ ആരോപണം ഉന്നയിപ്പിച്ചതെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ജനങ്ങളെ തമ്മിൽത്തല്ലിച്ച് ബി ജെ പി ക്ക് വഴിയൊരുക്കാനുള്ള സി പി എം ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി പി എം നേതൃത്വത്തിന്റെ അറിവോടെയാണോ മന്ത്രി ഇത്തരം ഹീനമായ നീക്കം നടത്തിയതെന്നറിയാൻ താല്പര്യമുണ്ടെന്നും ഷിയാസ് പറഞ്ഞു.

പോലീസ് സേനയിലും ഇത് ചേരിതിരിവ് സൃഷ്ടിച്ചു. ആലുവയിൽ ഇരു വിഭാഗം പോലീസുകാർ ചേരി തിരിഞ്ഞ് ഉന്തിലും തള്ളിലും വരെ കാര്യങ്ങൾ എത്തി. യോഗി ആദിത്യനാഥിന്റെയും നരേന്ദ്രമോദിയുടെയും രാഷ്ട്രീയ സംസ്കാരം കേരളത്തിൽ നടപ്പാക്കാനാണ് ജില്ലയിലെ മന്ത്രിയും സി പി എമ്മും ശ്രമിക്കുന്നത്. കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള സി പി എം ശ്രമം അനുവദിക്കില്ല. ആലുവ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാഗമല്ലെന്ന തരത്തിൽ നിയമസഭയിൽ പോലും മുഖ്യമന്ത്രി ആക്ഷേപം ഉന്നയിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് തീവ്രവാദ ആരോപണം. ആലുവക്കാർ വർഗീയവാദികളോ, മതഭ്രാന്തന്മാരോ, തീവ്രവാദികളോ അല്ല. അവരെ തമ്മിലടിപ്പിക്കാൻ നോക്കേണ്ട. സംഘ പരിവാറിന്റെ ശ്രമങ്ങൾക്ക് വഴിയൊരുക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. ഒരു പ്രദേശത്തെ ജനങ്ങളെയാകെ മതവിദ്വേഷികളായി ചിത്രീകരിക്കുകയാണ്.

വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവിന്റെ കസ്റ്റഡി മരണത്തിന് പിന്നിലും ജോജു വിഷയം വഷളാക്കിയതിന് പിന്നിലും ഇതേ മന്ത്രി തന്നെയാണ് പ്രവർത്തിച്ചത്. ഇത്തരം മന്ത്രിയമാരാണ് നാട് കുട്ടിച്ചോറാക്കുന്നത്. മാന്യത നടിച്ചാൽ പോരാ പെരുമാറ്റത്തിലും പ്രവൃത്തിയിലും കൂടി വേണമെന്നും ഡി സി സി പ്രസിഡന്റ് പറഞ്ഞു. നാണം കെട്ട ആഭ്യന്തരമന്ത്രിയാണ് ഇപ്പോഴുള്ളത്. രണ്ട് ഉദ്യോഗസ്‌ഥരെ ബലിയാടാക്കി മുഖം രക്ഷിക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു.

Related posts

Leave a Comment