ചെറിയാന്‍ ഫിലിപ്പിനെ തഴഞ്ഞു, പി.കെ. ശശി കെടിഡിസി ചെയര്‍മാന്‍

  • സ്ത്രീപീഡനക്കേസിലെ പ്രതിക്കു പാര്‍ട്ടി പ്രൊമോഷന്‍

തിരുവനന്തപുരം: കേരള ടൂറിസം ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി മുന്‍ ഷൊര്‍‌ണൂര്‍ എംഎല്‍എ പി.കെ. ശശിയെ സിപിഎം നാമനിര്‍ദേശം ചെയ്തു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുമിറങ്ങി. ഈ പദവി നേരത്തേ വഹിച്ചിട്ടുള്ള സിപിഎം അനുഭാവി ചെറിയാന്‍ ഫിലിപ്പിനെ തഴഞ്ഞാണ് പുതിയ നിയമനം. പഴയ പദവിയില്‍ തിരിച്ചെത്തുമെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്‍റെ പ്രതീക്ഷ.

അതേ സമയം, സ്ത്രീപീഡന കേസില്‍ പാര്‍ട്ടി അച്ചടക്ക നടപടിക്കു വിധേയനായ ആളെ സുപ്രധാന പദവിയില്‍ നിയമിച്ചതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. നേതൃത്വത്തെ ഭയന്ന് ആരും പുറത്തു പറയുന്നില്ലെങ്കിലും ഷൊര്‍ണൂരിലെ ഡിവൈഎഫ്ഐ നേതാക്കള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ട്.

മൂന്നു വര്‍ഷം മുന്‍പ് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിനു വിധേയനായ ആളാണു ശശി. സംഭവം പുറത്തായപ്പോള്‍ ഒരു കോടി രൂപ വാഗ്ദാനം നല്‍കി കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നും ആരോപണമുയര്‍ന്നു. ഈ സംഭവം സിപിഎം സംസ്ഥാന സമിതിയില്‍ വരെ രൂക്ഷമായ അഭിപ്രായ ഭിന്നതയ്ക്കും ചര്‍ച്ചകള്‍ക്കും അച്ചടക്ക നടപടികള്‍ക്കും വിധേയമായിരുന്നു.

പാര്‍ട്ടി നടത്തിയ രണ്ടംഗ കമ്മിഷന്‍റെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ശശിയെ പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് എ.കെ. ബാലന്‍റെ നേതൃത്വത്തിലുള്ള പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ശക്തമായ സമ്മര്‍‌ദത്തെത്തുടര്‍ന്നാണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിക്കുന്ന ജില്ലയിലെ പ്രമുഖനാണ് എന്നതും പുതിയ നിയമനത്തിനു കാരണമായി.

താന്‍ നേരിട്ട ദുരന്തത്തില്‍ പാര്‍ട്ടി കൈവിട്ടതില്‍ പ്രതിഷേധിച്ച് പരാതിക്കാരിയായ യുവതി പിന്നീടുനേതൃസ്ഥാനങ്ങളെല്ലാം രാജിവച്ചു. ഇപ്പോള്‍ പാര്‍ട്ടിയുമായി നേരിട്ട് ബന്ധമില്ലാതെ ഒഴിഞ്ഞു നില്‍ക്കുകയാണ് ഈ വനിതാ സഖാവ്.

Related posts

Leave a Comment