സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കേരളത്തില്‍ ഇല്ലാതായിഃ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്ഃ ഇന്ത്യയില്‍ മറ്റെല്ലാ സംസ്ഥാനങ്ങളിലും നിലവിലുള്ള സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കേരളത്തിലെ ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മത ന്യൂനപക്ഷങ്ങള്‍ക്കു സ്കോളര്‍ ഷിപ്പ് നല്‍കണമെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തി ബജറ്റ് വിഹിതം അനുവദിക്കണമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.

മുസ്ലിംകളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിക്കാനും പരിഹാരം നിര്‍ദേശിക്കാനുമാണ് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ സച്ചാര്‍ കമ്മിഷനെ നിയോഗിച്ചത്. മുസ്ലിം സമുദായത്തിന്‍റെ പിന്നാക്കാവസ്ഥയ്ക്കു പരിഹാരങ്ങളാണ് അന്നു സച്ചാര്‍ കമ്മിഷന്‍ നിര്‍ദേശിച്ചതും രാജ്യത്ത് നടപ്പായതും. അതാണിപ്പോള്‍ കേരളത്തില്‍ ഇല്ലാതായത്.

ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ആനുകൂല്യം നല്‍കുന്നതിനെ ആരും എതിര്‍ക്കില്ല. എന്നാല്‍ സച്ചാര്‍ കമ്മിഷനില്‍ നിന്നുള്ള വിഹിതമല്ല അതിനുള്ള മാര്‍ഗം. അതിനു പ്രത്യേകമായ കമ്മിഷനെ നിയോഗിക്കുകയോ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ വേണം. എന്നാല്‍ അതി്നു മുതിരാതെ, വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. സര്‍വകക്ഷി യോഗത്തില്‍ താന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയ കാര്യം കുഞ്ഞാലിക്കുട്ടി ഓര്‍മിപ്പിച്ചു. എന്നാല്‍ മുഖ്യമന്ത്രി അതു കേട്ടില്ല. ഇപ്പോഴത്തെ മന്ത്രിസഭാ തീരുമാനം മുസ്ലിം സമൂഹം അംഗീകരിക്കില്ല. സര്‍ക്കാരിനെ തിരുത്താന്‍ അവര്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനമെന്ന വാദവും കുഞ്ഞാലിക്കുട്ടി തള്ളി. ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കണമായിരുന്നു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related posts

Leave a Comment