‘നമ്മുടെ പി. ടിയുടെ ആളല്ലേ…’ ; ഉമ തോമസിനോടുള്ള ജനങ്ങളുടെ വൈകാരിക സമീപനം തുറന്നുകാട്ടി ഫേസ്ബുക്ക് കുറിപ്പ്

കൊച്ചി : തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനോടുള്ള ജനങ്ങളുടെ വൈകാരിക സമീപനം തുറന്ന് കാട്ടിയ മാഹിൻ അബൂബക്കറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഒട്ടേറെ പേരാണ് ഏറ്റെടുത്തിരിക്കുന്നത്. പരിചയപ്പെടുത്തലുകൾ വേണ്ടാത്ത വിധം
” നമ്മുടെ പി. ടിയുടെ ആളല്ലേ ” എന്ന തുറന്ന മനസ്സോടെ ഉമ തോമസിനെ ജനങ്ങൾ സ്വീകരിക്കുന്നതായി കുറിപ്പിൽ പറയുന്നു. മണ്ഡലത്തിൽ ഉടനീളം അന്തരിച്ച മുൻ എംഎൽഎ പി.ടി തോമസിന് ലഭിച്ച അതേ പിന്തുണ തന്നെ ഉമ തോമസിനും ലഭിക്കുന്നതായും എല്ലാവർക്കും സുപരിചിതയായ സ്ഥാനാർഥി ആണെന്നും ജനങ്ങൾ പങ്കുവയ്ക്കുന്നതായി കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഇക്കഴിഞ്ഞ ദിവസം തൃക്കാക്കര സെൻട്രലിൽ എത്തിയ യൂഡിഎഫ് സ്ഥാനാർഥി ഉമ തോമസ് വഴിയരികിലെ വോട്ടർമാരോട് വോട്ട് അഭ്യർത്ഥിക്കുകയുണ്ടായി.

അവിടെയുണ്ടായിരുന്ന കുറെ മനുഷ്യരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.

കടന്ന് ചെല്ലുന്ന മനുഷ്യരിൽ ഓരോരുത്തരും അവരെ നിറഞ്ഞ സ്നേഹത്തോടെയാണ് സ്വീകരിക്കുന്നത്. ആര് വോട്ട് അഭ്യർത്ഥിച്ചാലും പുഞ്ചിരിയോടെ മാന്യതയോടെ കൈകാര്യം ചെയ്യുന്ന മലയാളികളുടെ പൊതുവായ രീതിയായിരിക്കും എന്നാണ് കരുതിയത്. പക്ഷെ അതിനപ്പുറമുള്ള ഒരു ആത്മാർത്ഥയുടെ നൂലിഴ ബന്ധം ഈ ജനങ്ങളിൽ നിന്നും ഉമ തോമസിലേക്കുണ്ടെന്ന് വ്യക്തം.

” ഞാൻ ഉമ തോമസ്, യൂഡിഎഫ് സ്ഥാനാർഥിയാണ് “

പരിചയപ്പെടുത്തി തീരുന്നതിനു മുൻപേ
” ചേച്ചിയെ അറിയാം ” എന്ന് ചെറു ചിരിയോടെ മറുപടി പറഞ്ഞ മുപ്പതിനോടടുത്തു മാത്രം പ്രായമുള്ള യുവതിക്കും തൊട്ടടുത്തുള്ളൊരാളെന്ന പോലെ ഉമ തോമസ്‌ മാറുന്നുണ്ട്.

” നിങ്ങൾ പി. ടിക്ക് നൽകിയ പോലെ സ്നേഹം എനിക്കും നൽകണം, അദേഹത്തിന്റെ വികസന സ്വപ്നങ്ങളുടെ തുടർച്ചക്ക് വേണ്ടി എന്നെ സഹായിക്കണം “

ഉമ തോമസിന്റെ ഈ വാക്കുകളോടുള്ള ജനങ്ങളുടെ പ്രതികരണം ഏത് രീതിയിൽ ആണെന്ന് മനസ്സിലാകണമെങ്കിൽ അവരോടൊപ്പം ഒരു ദിനമെങ്കിലും യാത്ര ചെയ്യണം.

എവിടെ നിന്നാണ് ഉമ തോമസിനിത്ര ആത്മവിശ്വാസം എന്ന് കരുതിയിട്ടുണ്ട്. ഓടിയെത്താവുന്ന അത്രയും പേരിലേക്ക് എത്തിയതിനു ശേഷവും ആത്മവിശ്വാസത്തിന്റെ ഒരംശം കുറയാതെ നിൽക്കുന്നത് എന്ത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ട്.

അത്, ജനങ്ങളുടെ പ്രതികരണം നൽകുന്ന ആത്മവിശ്വാസമാണെന്ന് നേരിൽ കാണുന്നവർക്ക് തിരിച്ചറിയാം.

പരിചയപ്പെടുത്തലുകൾ വേണ്ടാത്ത വിധം
” നമ്മുടെ പി. ടിയുടെ ആളല്ലേ ” എന്ന തുറന്ന മനസ്സോടെ അവരെ ജനങ്ങൾ സ്വീകരിക്കുന്നുണ്ട്. തൃക്കാക്കരയിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും ആഴത്തിൽ പടർന്ന പി. ടി എന്ന ജനപ്രതിനിധിയുടെ നിഴലിനപ്പുറം പി. ടിയോളം തന്നെ തൃക്കാക്കരയുടെ സാമൂഹ്യ സാംസ്കാരിക രംഗത്ത് ഉമ തോമസിന്റെ സാന്നിധ്യമുണ്ടായിരുന്നു. രാവെന്നോ പകലെന്നോ ഇല്ലാതെ ജനങ്ങൾക്കായി ഇറങ്ങി ചെല്ലുന്ന ഭർത്താവിനെ സ്വാർത്ഥതയില്ലാതെ സമൂഹത്തിന് വിട്ട് നൽകിയതോടൊപ്പം, മാറി നിൽക്കാതെ കൂടെ ചെല്ലുന്ന ഉമയെ തൃക്കാക്കരയിലെ ജനങ്ങൾ കണ്ടിട്ടുണ്ട്.

പി. ടിയോടുള്ള സ്നേഹവും വൈകാരികതയും അവസാനിച്ചുവെന്ന് കരുതുന്ന, കുറഞ്ഞുവെന്ന് പറയാതെ പറയുന്ന എതിരാളികളും കുറച്ചു മാധ്യമങ്ങളും ഉമ തോമസിനോടുള്ള ജനങ്ങളുടെ പ്രതികരണം സ്വതന്ത്രമായി വിലയിരുത്തേണ്ടതുണ്ട്.

എൽ ഡി എഫ് സ്ഥാനാർഥിയുടെ ബയോ ഡാറ്റയും തയ്യാറാക്കി, അദേഹത്തിന്റെ പ്രൊഫഷണൽ യോഗ്യതകളുടെ സർട്ടിഫിക്കറ്റ് നിരത്തി, എവിടെ നിന്നോ തയ്യാറാക്കി വിടുന്ന കപടമായ വികസന നരേറ്റീവുകൾ അന്തരീക്ഷത്തിലേക്ക് ഉയർത്തി വിട്ട് നിർമ്മിച്ചെടുക്കുന്ന ഇടത് ബിംബം സഞ്ചരിക്കുന്ന ദൂരത്തേക്കാൾ കൂടുതലാണ്, ജനങ്ങളുടെ പൾസ് നൽകുന്ന പോസിറ്റീവ് ഇന്ധനത്തിൽ നിന്നും ഉമ തോമസ് സഞ്ചരിക്കുന്ന ദൂരം.

അത് കൊണ്ട്, പി. ടി എന്ന ഒരൊറ്റ വാക്കിലേക്ക് ഉമയെ ഒതുക്കി നിർത്തി ഇടത് സ്ഥാനാർഥിക്ക് ബിംബം പണിയുന്നവർ, പി. ടിയിലൂടെ സഞ്ചരിച്ചു ഉമയിലേക്ക് എത്തുന്ന ജനങ്ങളുടെ ആത്മ ബന്ധത്തെ വില കുറച്ചു കാണരുത്.

കാരണം, പ്രൊഫഷണൽ ബയോ ഡാറ്റയുടെ മതിൽ കെട്ടിനുള്ളിലുള്ള ആളെക്കാൾ എളുപ്പത്തിൽ ജനങ്ങൾക്ക് സമീപിക്കാൻ കഴിയുന്നത് തൊട്ടടുത്ത വീട്ടിലെ ആളെ പോലെ തോന്നുന്നവരെയാണ്. ആ ജനകീയ ബന്ധങ്ങളാണ് കേരളത്തിന്റെ ജനാധിപത്യ പ്രക്രിയയയുടെ അടിത്തറ!

Related posts

Leave a Comment