ഇന്ത്യയിലെ ലക്ഷക്കണക്കിന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ഹൃദയ വികാരങ്ങള്‍ തൊട്ടറിഞ്ഞ നേതാവായിരുന്നു ഓസ്ക്കാര്‍ ഫെർണാണ്ടസ് : കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: മുന്‍ കേന്ദ്ര മന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന ഓസ്ക്കാര്‍ ഫെര്‍ണാണ്ടസിന്‍റെ നിര്യാണം ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഇന്ത്യയിലെ ലക്ഷക്കണക്കിന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ഹൃദയ വികാരങ്ങള്‍ തൊട്ടറിഞ്ഞ നേതാവായിരുന്നു ഓസ്ക്കാര്‍ ഫെര്‍ണാണ്ടസെന്ന് അദ്ദേഹം  അനുസ്മരിച്ചു. മികച്ച സംഘാടകനും കഴിവുറ്റ ഭരണധികാരിയുമായിരുന്ന ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ് സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് എന്നും താങ്ങും തണലുമായിരുന്നു. താഴേത്തട്ടില്‍ നിന്നും കഠിനാധ്വാനം കൊണ്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളില്‍ ഒരാളായി മാറിയ ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ് രാജീവ് ഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തന്‍ കൂടിയായിരുന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ വിദ്യാര്‍ത്ഥി-യുവജന നേതാക്കൾക്ക് വലിയ പിന്തുണയും പ്രോത്സാഹനവും നല്‍കിയിരുന്ന ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ് അഴിമതിയുടെ കറപുരളാത്ത സത്യസന്ധനായ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. ലളിത ജീവിതവും സൗമ്യമായ പെരുമാറ്റവും കൊണ്ട് രാഷ്ട്രീയ എതിരാളികളുടെ പോലും വിശ്വാസ്യത നേടിയ അദ്ദേഹത്തിന്‍റെ വേര്‍പാട് മൂലം കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് മാത്രമല്ല, രാജ്യത്തിനാകെത്തന്നെ ഏറ്റവും പ്രിയങ്കരനായ നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Related posts

Leave a Comment