ഒരു കുഞ്ഞു നൊമ്പരം- ഷീബ പിപി ; ചെറുകഥ വായിക്കാം

അമ്മയുടെ വീട്ടിൽ കളിക്കാൻ പോയി വന്നതുമുതൽ അവളുടെ സ്വഭാവത്തിൽ എന്തോ ഒരു മാറ്റം പോലെ… മുഖത്ത് വലിയ തെളിച്ചം ഇല്ല . കണ്ണൻ എന്തെങ്കിലും ചോദിച്ചു അടുത്തു പോയാൽ അവൾ അവനോട് ചാടി ക്കയറും. അവളുടെ മനസ്സിന് എന്തോ വിഷമം തട്ടിയിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി.
അടുക്കളയിൽ രാത്രി ഭക്ഷണത്തിൻ്റെ തിരക്കുള്ളതിനാൽ അന്നേരം ഞാൻ ഒന്നും ചോദിച്ചില്ല. സന്ധ്യയ്ക്ക് വിളക്കുവച്ച് നാമം ജപിക്കുമ്പോഴും പാഠഭാഗങ്ങൾ ഉറക്കെ വായിക്കുമ്പോഴും അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

ഡൈനിംഗ് ടേബിളിലെ അലമ്പുകാരി ആയിരുന്ന അവൾ മൗനത്തിൻ്റെ തണൽ പായയിൽ തനിച്ചിരുന്ന് കഴിക്കുന്നത് കണ്ടപ്പോൾ വ്യസനം തോന്നി.
രാത്രിയിലെ ക്ലീനിങ് പണികൾ മുഴുവൻ തീർക്കാതെ ,ഞാനവളുടെ അരികിൽ പോയി കിടന്നു.

” മോൾക്ക് എന്താ ഒരു വിഷമം പോലെ – ഞാൻ ചോദിച്ചു.

ഒന്നുമില്ലെന്ന് പറഞ്ഞ് അവൾ എന്നെ കെട്ടിപ്പിടിച്ചു .

അമ്മയോട് കളവു പറയേണ്ട മക്കളുടെ മനസ്സ് വേദനിച്ചാൽ അത് അമ്മമാർക്ക് മനസ്സിലാകും. – ഞാനത് പറഞ്ഞതും
അവൾ കരയാൻ തുടങ്ങി.
” ഞാൻ മാത്രമെന്തേ അമ്മേ ഇങ്ങനെ കറുത്തിട്ട്? കണ്ണനും ദേവേട്ടനുമൊക്കെ നല്ല വെളുത്തിട്ട് ആണല്ലോ?

ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം അവൾ ഉന്നയിച്ചപ്പോൾ, എനിക്ക് കാര്യം മനസ്സിലായി.

“അച്ഛാഛൻ നിന്നെ കളിയാക്കിയോ?”ഉം. ദേവേട്ടൻ്റേയും കാശൂൻ്റേയും എല്ലാരുടേയും മുന്നിൽ വച്ച് .

അവൾ ഏങ്ങലിട്ടു.

പ്രായം കൂടുന്തോറും മനുഷ്യന് അറിവും പക്വതയും കൂടുമെന്നാണ് കേട്ടിട്ടുള്ളത്. അച്ഛനുമായി അച്ചാച്ചനും ആയി വയസ്സ് അറുപത്തിയഞ്ചുമായി. എന്നിട്ടും വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന സ്വഭാവം ഈ അച്ഛന് മതിയാക്കുവാനായില്ലേ? എനിക്ക് ദേഷ്യം വന്നു.
വലിയവരുടെ വിടുവാക്കുകൾ കുഞ്ഞുമനസ്സുകളെ എന്തുമാത്രം വേദനിപ്പിക്കുമെന്ന് അനുഭവിച്ചവർക്കേ മനസ്സിലാകൂ.
ഒരു കാലത്ത് അച്ഛൻ്റെ ഇര ഞാൻ ആയിരുന്നു.അധികം കറുത്തിട്ടുമല്ല നല്ല വെളുത്തിട്ടുമല്ല.ഇടത്തരം നിറമായിരുന്നു എനിക്ക്. എന്നാൽ എൻ്റെ അനുജനും അനുജത്തിയും വെളുത്തിട്ടായിരുന്നു.അതു കൊണ്ടായിരിക്കാം അച്ഛനെപ്പോഴും എന്നെ “കരിഞ്ചീ, കരിഞ്ചീ” എന്നു വിളിച്ചത്.
കൂട്ടുകാരുടെ മുന്നിൽ… നാട്ടുകാരുടെ മുന്നിൽ… ബന്ധുക്കളുടെ മുന്നിൽ… എല്ലാവരുടെയും മുന്നിൽ പലപ്പോഴും നിറത്തിൻ്റെ പേരിൽ ഞാനൊരു ഒരു പരിഹാസ കഥാപാത്രമായി മാറി.
കേട്ടവർ കേട്ടവർ എന്നെ നോക്കി ചിരിക്കും. അനുതാപത്തിൻ്റ ചെറു കണികപോലും ആരുടെയും മുഖത്ത് ഞാൻ കണ്ടില്ല. പഴുത്തു തുടങ്ങുന്ന വ്രണത്തിൽ ഉപ്പ് തേവുന്ന നീറ്റലായി അത് എന്നുള്ളിൽ പുകഞ്ഞു.വെളുത്ത നിറമുള്ള എല്ലാവരേയും ഞാൻ അകറ്റി നിറുത്തി. വല്ലാത്തൊരു അപകർഷതാബോധം കൊട്ടമുള്ളുപോലെ എന്നെ പൊതിഞ്ഞു.
ആ മാനസീകാവസ്ഥ ഞാനെങ്ങനെയാണ് തര ണം ചെയ്തതെന്നു ചോദിച്ചാൽ ഇന്നും എനിക്കറിയില്ല. ഒരു പക്ഷേ … കാലത്തിൻ്റെ കുത്തൊഴുക്കിൽപ്പെട്ട് ഒരുപാടു മുറിവും ചതവും പറ്റി മനസ്സ് തഴമ്പിച്ചതുകൊണ്ടാകാം. ഓർമ്മയിലൊരു വടു മാത്രമായി ആ വിളി അവശേഷിച്ചത്.

ഞാനന്നുഭവിച്ച ആ മാനസീകവ്യഥ എൻ്റെ മകൾക്ക് മാത്രമല്ല, ഒരു കുഞ്ഞിനും ഉണ്ടാകാൻ പാടില്ല.
അച്ഛനോട് ഇതേക്കുറിച്ച് രണ്ടുവാക്ക് ചോദിക്കുവാൻ തന്നെ തീരുമാനിച്ചു . വിദ്വേഷം നുരയുന്ന മനസ്സുമായി ഫോൺ കയ്യിലെടുത്ത് കോൺടാക്ട് ലിസ്റ്റിൽ നിന്ന് അച്ഛൻ്റെ നമ്പർ തിരയവേ മനസ്സ് എന്നോട് എന്തോ പറയുന്നതായി തോന്നി.
” ഇക്കാര്യത്തെക്കുറിച്ച് അച്ഛനോട് ചോദിക്കേണ്ടത് ആവശ്യമാണ് . പക്ഷേ അത് മകളുടെ മുന്നിൽ വച്ച് വേണ്ട. നെല്ലും പതിരും തിരിച്ചറിയാനുള്ള പ്രായം അവൾക്കായിട്ടില്ല.”
ഒന്നാലോചിച്ചപ്പോൾ ശരിയാണെന്നു തോന്നി. മകളുടെ മുന്നിൽ വച്ച് അച്ഛനെ ചോദ്യം ചെയ്യേണ്ട. ഞാൻ ഫോൺ താഴെ വച്ചു.
ഏഴു വയസ്സുകാരിയുടെ കണ്ണു തുടച്ചു കൊടുത്ത് .അവളെ ഇറുകെ പുണർന്നു.
‘മോളെ ഗാന്ധിജി നമ്മുടെ ആരാ?”
സാഹചര്യവുമായി ആയി ഒരു ബന്ധവും ഇല്ലാത്ത ചോദ്യം കേട്ട് അവൾ എൻ്റെ മുഖത്തേക്ക് നോക്കി.

"രാഷ്ട്രപിതാവ് "- തെളിച്ചക്കുറവോടു കൂടി അവളുടെ മറുപടി വന്നു.

അദ്ദേഹം വെളുത്തിട്ടാണോ?
– അല്ലെന്ന് അവൾ മൂളി.
നമുക്ക് മലയാളിയായ ഒരു രാഷ്ട്രപതി ഉണ്ടായിരുന്നു. അദ്ദേഹമാരാണെന്നറിയോ?
അമ്മ എന്തിനാ ഇപ്പോൾ ജികെ ചോദിക്കുന്നത്?
അവൾ എന്നിൽ നിന്നും അൽപ്പം മാറിക്കിടന്നു.

ഞാൻ ഫോണെടുത്ത് കെ ആർ നാരായണൻ എന്ന് ഗൂഗിളിൽ ടൈപ്പ് ചെയ്തപ്പോൾ അദ്ദേഹത്തിൻറെ പിക്ചർ സ്ക്രീനിൽ തെളിഞ്ഞു.
അത് ഞാൻ മക്കൾക്ക് കാണിച്ചു കൊടുത്തു.
ഇദ്ദേഹമാണ് കെ ആർ നാരായണൻ .ഇദ്ദേഹം വെളുത്ത് സുന്ദര കുട്ടപ്പനാ ണോ ഞാൻ ചോദിച്ചു. “
” അല്ല . അവൾപിരികം ചുളിച്ചു കൊണ്ട് മറുപടി പറഞ്ഞു.
എന്നിട്ടും ഇവരൊക്കെ നമ്മുടെ ആരാ?
” രാഷ്ട്രപിതാവും രാഷ്ട്രപതിയും…. “
പെട്ടെന്നു തന്നെ അവൾ മറുപടി പറഞ്ഞു.
കറുത്ത നിറമാ യിരുന്നിട്ടും ഇവർ നമ്മുടെ രാജ്യത്തിൻ്റെ വലിയ വലിയ ആൾക്കാരായ് മാറി. വെളുത്ത നിറമുള്ള അച്ചാച്ചനോ?
ആ ചോദ്യം കരഞ്ഞുകലങ്ങിയ അവളുടെ കണ്ണുകളിൽ ചെറിയ ഒരു മിന്നലൊളി തെളിയിച്ചു.
അവൾ എഴുന്നേറ്റിരുന്നു .

‘ അമ്മ ഒന്നുകൂടി പറഞ്ഞേ?”
അവളുടെ സ്വരത്തിന് അൽപ്പം മാറ്റമുണ്ടായിരുന്നു.
ഞാനും എഴുന്നേറ്റിരുന്നു.
മോളെ കറുത്ത നിറമുള്ള കെ.ആർ നാരായണനും ഗാന്ധിജിയുമൊക്കെ നമ്മുടെ രാഷ്ട്രത്തിൻ്റെ വലിയ വലിയ ആൾക്കാരായ്മാറിയില്ലേ..’ വെളുത്തനിറമുള്ള നിൻ്റെ അച്ചാച്ചനോ? ഇപ്പഴും വെറും അച്ഛാച്ചൻ.
ഞാനത് പറഞ്ഞതും അതും അവൾക്ക് ചിരി പൊട്ടി.
പുതപ്പിൽ മുഖം പൂഴ്ത്തി വെച്ച് അവൾ പൊട്ടിപ്പൊട്ടി ചിരിച്ചു .
” വെറും അച്ചാച്ചൻ വെറും അച്ചാച്ചൻ “
ഞാൻ അവളെ മടിയിൽ പിടിച്ചു കിടത്തി.
” കറുപ്പിലും വെളുപ്പിലും ഒന്നും ഒരു കാര്യവുമില്ല മോളെ ,പഠിച്ചു പഠിച്ച് വലിയ ആളായി നന്മ ചെയ്യുന്നവരെ എപ്പോഴും എല്ലാവരും ഓർക്കും.
“മോള് അങ്ങനെയുള്ള നല്ല കുട്ടിയായ് വളരണം കേട്ടോ “
അവൾ മടിയിൽക്കിടന്ന് ഉം…ഉം…. എന്ന് മൂളിക്കളിച്ചു.
അച്ചാച്ചന് ഇതൊന്നും അറിയാത്തോണ്ടാ എന്തൊക്കെയോ പറയുന്നത്. അതൊന്നും കാര്യാക്കണ്ട.”
ഞാൻ അവളുടെ മൂർദ്ധാവിൽ പതിയെ തലോടി. നല്ലൊരു ഉറക്കത്തിൻ്റെ വരവിനായി മുടിയിഴകളിലൂടെ വിരൽ ചലിപ്പിച്ചു കൊടുത്തപ്പോൾ, ഒന്നു രണ്ടു തവണ “വെറും അച്ചാച്ചൻ വെറും അച്ചാച്ചൻ ” എന്ന് അവളുടെ ചുണ്ടുകൾ മന്ത്രിക്കുന്നത് ഞാൻ കേട്ടു.
ഇരുണ്ടു കൂടിയ കാർമേഘം പെയ്തൊഴിഞ്ഞ തണുപ്പിൽ അവൾ ഉറങ്ങാൻ തുടങ്ങവേ ഞാനും അവളോടൊപ്പം ഉറക്കത്തിൻ്റെ മടിയിൽ തലചേർത്തു കിടന്നു

Related posts

Leave a Comment