അടിയന്തിര യാത്രക്കുള്ള എയർ സുവിധ ഇളവുകൾ പുനഃസ്ഥാപിക്കണമെന്ന് സംഘടനകൾ; കൾച്ചറൽ ഫോറം കേന്ദ്ര, കേരള സർക്കാറുകൾക്ക് ഇമെയിൽ അയച്ചു

ദോഹ: വിദേശ രാജ്യങ്ങളിൽ നിന്നും അടിയന്തിര സഹചാര്യങ്ങളിൽ യാത്ര ചെയ്യുന്ന പ്രവാസികൾക്ക് പിസി ആർ ടെസ്റ്റിൽ അനുവദിച്ചിരുന്ന ഇളവ് പുനഃസ്ഥാപിക്കണമെന്ന്‌ ഖത്തറിലെ പ്രവാസി സംഘടനകളുടെ കൂട്ടായമയായ പ്രവാസി കോ ഓർഡിനേഷൻ കമ്മിറ്റി ആവശ്യപെട്ടു. കഴിഞ്ഞ രണ്ടു മാസങ്ങൾക്കു മുൻപ് ഈ ഇളവ് എയർ സുവിധ പോർട്ടലിൽ നിന്നും എടുത്തുമാറ്റിയതു കാരണം മരണം പോലുള്ള അത്യാവശ്യ ഘട്ടങ്ങളിൽ യാത്ര ചെയ്യേണ്ട നിരവധി പേരുടെ യാത്രയാണ് മുടങ്ങുന്നത് . ഖത്തറിൽ നിന്നും തന്നെ ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ഉയരുന്നത് . കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് പി സി ആർ ടെസ്റ്റ് റിപ്പോർട്ട് ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ട് . മണിക്കൂറുകൾക്കുള്ളിൽ ടെസ്റ്റ് റിപ്പോർട്ട് ലഭിക്കാനുള്ള സാഹചര്യം ഇപ്പോൾ ഇല്ല . ഈ അവസ്ഥ കൂടി പരിഗണിച്ച് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം ഇടപെട്ടു അടിയന്തിര സാഹചര്യത്തിൽ യാത്രചെയ്യുന്നവർക്കുള്ള പിസി ആർ ടെസ്റ്റിലെ ഇളവ് പുനസ്ഥാപിക്കണം. ഇതിനായി വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും കേരള ഗവർമെന്റും കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും പ്രവാസി കോഓർഡിനേഷൻ കമ്മറ്റി ആവശ്യപ്പെട്ടു.

അടിയന്തിര ആവശ്യങ്ങൾക്കായി ഇന്ത്യയിൽ എത്തുന്ന പ്രവാസികൾക്ക് നൽകിയിരുന്ന ഇളവുകൾ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി പിൻ വലിക്കണമെന്ന് കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഒക്ടോബർ മുതൽ കേന്ദ്ര സർക്കാർ ഇത് നിർത്തലാക്കിയിരിക്കുയാണ്‌. വിദേശത്ത് നിന്നും വരുന്ന എല്ലാവരും യാത്രയ്ക്ക് മുൻപ് എയർ സുവിധയിൽ രജിസ്റ്റർ ചെയ്യണമെന്നും 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലം അപ് ലോഡ് ചെയ്യണമെന്നുമാണ്‌ പുതിയ നിർദ്ദേശം. അധിക തുക നൽകിയാൽ നാലു മണിക്കൂറിനുള്ളിൽ ടെസ്റ്റ് റിസൾട്ട് കിട്ടുന്ന സൗകര്യം സ്വകാര്യ ലാബുകൾ വഴിയുണ്ടായിരുന്നതിനാലാണ്‌ ഒരു പരിധി വരെ ഈ ബുദ്ധിമുട്ടിനെ മറികടന്നിരുന്നത്. എന്നാൽ ഒമിക്രോൺ അതിരൂക്ഷമായ സാഹചര്യത്തിൽ മിക്കലാബുകളിലും പരിശോധന നിർത്തുകയോ ബുക്കിംഗ് ലഭ്യമല്ലാത്ത സാഹചര്യമോ ആണുള്ളത്. ഇതോടെ പെട്ടെന്ന് നാട്ടിലെത്തേണ്ടവർക്ക് ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.
വിഷയത്തിൽ കേരള സർക്കാർ ഗൗരവപൂർവ്വം ഇടപെട്ട് പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്ന ഈ നടപടി പിൻവലിക്കാൻ കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്നും കൾച്ചറൽ ഫോറം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.സി. മുനീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ചന്ദ്രമോഹൻ, ഷാനവാസ് ഖാലിദ്, മുഹമ്മദ് കുഞ്ഞി, സജ്ന സാക്കി ജനറൽ സെക്രട്ടറിമാരായ മജീദ് അലി, താസീൻ അമീൻ തുടങ്ങിയവർ സംസാരിച്ചു.കേന്ദ്ര പ്രവാസികാര്യ മന്ത്രി , വ്യോമയാന മന്ത്രി എന്നിവർക്കും വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരള മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, നോർക്ക ഡയറക്ടർ തുടങ്ങിയവർക്കും കൾച്ചറൽ ഫോറം ഇ-മെയിൽ അയച്ചു.

Related posts

Leave a Comment