അവയവദാനം മഹാദാനം; വീക്ഷണം എഡിറ്റോറിയൽ വായിക്കാം

ഇന്ന് ലോക അവയവദാന ദിനം. പ്രവര്‍ത്തനക്ഷമമല്ലാത്ത അവയവങ്ങള്‍ കാരണം ലക്ഷക്കണക്കിന് ആളുകളാണ് വര്‍ഷംതോറും മരിച്ചുകൊണ്ടിരിക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയ ലോകത്ത് അസാധാരണവും അപൂര്‍വവുമല്ല. ആരോഗ്യമുള്ളവരുടെ അവയവങ്ങള്‍ നല്‍കി അവരെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നത് മഹത്തായ കാര്യമാണ്. അവയവദാനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുകയാണെങ്കില്‍ കൂടുതല്‍പേരെ മരണത്തില്‍ നിന്ന് രക്ഷിക്കാനാകും. മരണശേഷം ആരോഗ്യമുള്ള അവയവങ്ങള്‍ രോഗികള്‍ക്ക് നല്‍കുന്നത് മനുഷ്യത്വപരമായ ഉദാത്ത നടപടിയാണ്. വൃക്കകള്‍, ഹൃദയം, പാന്‍ക്രിയാസ്, ശ്വാസകോശം, കണ്ണുകള്‍ തുടങ്ങിയ അവയവങ്ങള്‍ ദാനം ചെയ്യുന്നത് ഒരു ജീവന്‍ രക്ഷിക്കുന്നതിന് സഹായകരമായിരിക്കും. വൈദ്യശാസ്ത്രം കൂടുതല്‍ പുരോഗമിക്കുകയും അവയവങ്ങള്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് മാറ്റിവെയ്ക്കുകയും ആരോഗ്യകരമായ ജീവിതം നയിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നു. 1954-ല്‍ അമേരിക്കയിലാണ് ജീവനുള്ള ദാതാക്കളുടെ അവയവമാറ്റം വിജയകരമായി നടപ്പാക്കിയത്. 1990-ല്‍ ഇരട്ട സഹോദരങ്ങളുടെ വൃക്ക മാറ്റിവെയ്ക്കലും വിജയകരമായിരുന്നു. രണ്ട് രീതിയിലാണ് അവയവങ്ങള്‍ മാറ്റിവെയ്ക്കല്‍ നടക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്ന് അവയവങ്ങള്‍ സ്വീകരിക്കുന്നതാണ് ഒരു രീതി. ഇതിനെ കഡാവര്‍ ട്രാന്‍സ്പ്ലാന്റ് എന്ന് പറയുന്നു. അടുത്ത ബന്ധുക്കളില്‍ നിന്ന് അവയവം സ്വീകരിക്കുന്നതാണ് രണ്ടാമത്തെ രീതി. ഇതിനെ ലൈവ് ഡോണര്‍ ട്രാന്‍സ്പ്ലാന്റ് എന്ന് പറയുന്നു. മരണപ്പെട്ട വ്യക്തിയുടെ ഉറ്റ ബന്ധുക്കള്‍ക്ക് അവയവം ദാനം ചെയ്യണമെങ്കില്‍ കേരള നെറ്റ്‌വര്‍ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് സര്‍ക്കാര്‍ സംവിധാനമാണ്. ഉറ്റ ബന്ധുക്കള്‍ ദാതാക്കളാകുന്ന ട്രാന്‍സ്പ്ലാന്റിംഗാണ് നമ്മുടെ നാട്ടില്‍ കൂടുതലായും നടക്കുന്നത്. കരള്‍, വൃക്ക എന്നിവയുടെ മാറ്റിവെയ്ക്കലാണ് കൂടുതലായും നടക്കുന്നത്. സാധാരണ ആരോഗ്യമുള്ള വ്യക്തിക്ക് 30 ശതമാനം കരള്‍ പ്രവര്‍ത്തനക്ഷമമാണെങ്കില്‍ പതിവ് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും. എഴുപത് ശതമാനംവരെ ദാനം ചെയ്യുവാനും സാധിക്കും. സ്വയം വളരുവാന്‍ പ്രത്യേക കഴിവുള്ള അവയവമാണ് കരള്‍. ഇത് ദാനം ചെയ്യപ്പെട്ടാലും കാലക്രമേണ കരള്‍ വളര്‍ന്ന് പൂര്‍വ സ്ഥിതിയിലാകുന്നു. പതിനെട്ട് വയസ്സിന് മുകളിലും അന്‍പത് വയസ്സിന് താഴെയുള്ളവരും ആരോഗ്യവാനും സ്വയംസന്നദ്ധനുമായ വ്യക്തിക്കാണ് ദാതാവാകാന്‍ സാധിക്കുക. റോഡ് അപകടമോ സ്‌ട്രോക്കോ മൂലം തലച്ചോറിനുണ്ടാകുന്ന ക്ഷതമാണ് ഭൂരിപക്ഷം പേരുടെയും മസ്തിഷ്‌ക മരണത്തിന് കാരണമാകുന്നത്. ഇങ്ങനെ സംഭവിച്ചവരുടെ മറ്റ് അവയവങ്ങള്‍ സാധാരണ നിലയില്‍ തുടരുകയും പ്രവര്‍ത്തനം നടക്കുകയുമായിരിക്കണം. അവയവദാതാവിന് ദീര്‍ഘകാലം കഴിഞ്ഞാല്‍ ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല. ദാതാവ് നിത്യരോഗിയോ സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്ന അവസ്ഥയോ ഉണ്ടാകുന്നില്ല. അവയവദാനത്തോടുള്ള അവബോധം വളരെ വേഗത്തിലാണ് വളരുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രമല്ല, സന്നദ്ധ സേവന സംഘടനകളും അവബോധ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കുന്നു. അവയവദാനത്തെക്കുറിച്ച് ജനങ്ങളുടെ അവബോധം ക്രിയാത്മകമായി വര്‍ധിച്ചിട്ടുണ്ട്. അവയവദാനം വിപുലമാക്കുന്നതില്‍ അവയവദാനം വിപുലമാക്കുന്നതില്‍ ഇന്ത്യ പിന്നിലാണ്. ദശലക്ഷം പേരില്‍ വെറും ആറുലക്ഷം പേര്‍ മാത്രമാണ് അവയവദാനത്തിന് തയ്യാറാവുന്നുള്ളൂ. ഇത് ബോധവത്കരണം വേണ്ടരീതിയില്‍ നടക്കാത്തതുകൊണ്ടാണ്. നമ്മുടെ ശരീരത്തില്‍ എട്ടുപേരുടെ ജീവന്‍ നിലനിര്‍ത്താനാകുന്ന അവയവങ്ങളുണ്ട്. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ദാതാവും സ്വീകര്‍ത്താവും തമ്മിലുള്ള രക്തഗ്രൂപ്പ് ചേര്‍ച്ച പരിശോധിക്കുന്നു. പല പരീക്ഷണവും നിരീക്ഷണവും നടത്തുന്നു. ഇതില്‍ 25 ശതമാനം വ്യത്യസ്തമാണെങ്കില്‍ അവയവമാറ്റം സാധ്യമല്ല. അവയവങ്ങള്‍ യോജിച്ചാല്‍ ദാതാവില്‍ നിന്ന് അവയവങ്ങള്‍ വേര്‍പെടുത്തി സ്വീകര്‍ത്താവില്‍ വെച്ച് പിടിപ്പിക്കുന്നു. അവയവമാറ്റത്തെക്കുറിച്ച് നേരത്തെ നല്ല ധാരണയുണ്ടെങ്കില്‍ കൂടുതല്‍ ആളുകള്‍ ദാതാക്കളാകും. ദാതാവും സ്വീകര്‍ത്താവും ഉയര്‍ന്ന മനസാന്നിധ്യം പ്രകടമാക്കിയാല്‍ അവയവമാറ്റങ്ങള്‍ക്കുള്ള സന്നദ്ധത വര്‍ധിക്കുമെന്ന് തീര്‍ച്ച. മനുഷ്യന് തന്റെ ജീവിതത്തില്‍ കൈവരിക്കാന്‍ സാധിക്കുന്ന പുണ്യമാണ് അവയവദാനം.

Related posts

Leave a Comment