കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്, കല്ലാർ ഡാം തുറന്നു

കൊച്ചിഃ സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയെന്നു കാലാവസ്ഥാ പ്രവചനം. 40 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും സാധ്യത. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ‍ഞായറാഴ്ച വരെ മഴ തുടർന്നേക്കാമെന്നു മുന്നറിയിപ്പ്. ഇടുക്കി കല്ലാർ ഡാം തുറന്നു. ഇന്നു പുലർച്ചെ 2.30 ന് ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. കല്ലാർ, ചിന്നാർ പുഴകളുടെ കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

മലപ്പുറം ജില്ലയിൽ രാത്രിയിൽ കാര്യമായ മഴ ഉണ്ടായില്ല. പുലർച്ചെ കാലാവസ്ഥ ശാന്തമാണ്. വയനാട്ടിൽ കനത്ത മഴയ്ക്ക് ശമനം. ജില്ലയിൽ എവിടെയും ഇപ്പോൾ മഴയില്ല. വെള്ളക്കെട്ട് രൂപപ്പെട്ട ബത്തേരി, ചീരാൽ എന്നിവിടങ്ങളിൽ നിന്ന് വെളളം ഇറങ്ങി. കോഴിക്കോട് നഗര മേഖലകളിൽ ഇന്നലെ മുതൽ മഴയില്ല. എന്നാൽ മലയോര മേഖലകളിൽ നല്ല മഴ തുടരുന്നു.

കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ അടക്കം പുലർച്ചെ വരെ ശക്തമായ മഴ ഉണ്ടായിരുന്നു. മഴ ഇപ്പോൾ മിക്കയിടത്തും കുറഞ്ഞിട്ടുണ്ട്. കൂട്ടിക്കൽ പഞ്ചായത്തിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഇപ്പോഴും മഴ പെയ്യുന്നത് നേരിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇന്നലത്തെ മഴയിൽ തീ കോയിൽ മണ്ണിടിച്ചിലുണ്ടായി. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്ത് പുലർച്ചയോടെ മഴ കുറഞ്ഞു. ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ രാത്രിയിൽ മഴ പെയ്തു.

തൃശ്ശൂരിൽ രാത്രിയിൽ മഴ പെയ്തെങ്കിലും ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല. ജലനിരപ്പ് ഏഴു മീറ്റർ കടന്നാൽ മാത്രമാണ് ചാലക്കുടിപ്പുഴയിൽ അപകട മുന്നറിയിപ്പ് നൽകുക. എന്നാൽ ഇപ്പോൾ മൂന്നര മീറ്റർ മാത്രമാണ്
ജലനിരപ്പ്.
പത്തനംതിട്ടയിൽ കക്കി ആനത്തോട് റിസർവോയറിന്റെ രണ്ടു ഷട്ടറുകളും 90 സെന്റിമീറ്ററിൽ നിന്നും ഘട്ടം ഘട്ടമായി 60 സെന്റിമീറ്റർ ആയി താഴ്ത്തുകയും ഡാമിൽ നിന്നും പുറത്തേക്കു വിടുന്ന ജലത്തിന്റെ അളവ് 150 കുമെക്സിൽ നിന്നു 96 കുമെക്സായി കുറയ്ക്കുകയും ചെയ്തതായി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു.

Related posts

Leave a Comment