സ്പീക്കറുടെ ഏകപക്ഷീയ നിലപാടിൽ പ്രതിപക്ഷ ബഹളം; അൻവറിന്റെ ആരോപണത്തിൽ അന്വേഷണം നടക്കട്ടെയെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: അവധി അപേക്ഷ പോലും നൽകാതെ നിയമസഭാ സമ്മേളനത്തിൽ നിന്ന് തുടർച്ചയായി വിട്ടുനിന്ന പി.വി അൻവറിന്റെ നടപടിയെ വിമർശിച്ചതിന്റെ പേരിൽ പ്രതിപക്ഷ നേതാവിനെ അപമാനിക്കാൻ അവസരം നൽകിയ സ്പീക്കറുടെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. കഴിഞ്ഞദിവസം വി.ഡി സതീശൻ സഭയിൽ ഇല്ലാത്ത നേരം നോക്കി പി.വി അൻവറിന് ആരോപണം ഉന്നയിക്കാൻ അവസരം നൽകിയ സ്പീക്കർ, വിവാദ പരാമർശങ്ങൾ സഭാ നടപടികളിൽ നിന്ന് നീക്കം ചെയ്യുന്നതിന് വിമുഖത കാട്ടുകയും ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ബഹളം.

നിയമസഭാ അംഗത്തിനെതിരെ ആരോപണം ഉന്നയിക്കണമെങ്കിൽ സ്പീക്കർ എഴുതി നൽകി അനുവാദം വാങ്ങണമെന്ന ചട്ടം ലംഘിച്ചായിരുന്നു പി.വി അൻവർ വിവാദ പരാമർശങ്ങൾ നടത്തിയത്. അക്കാര്യം ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തുവന്നതിന് പിന്നാലെ വി.ഡി സതീശന് ആരോപണത്തിൽ വിശദീകരണം നൽകാൻ സ്പീക്കർ അനുമതി നൽകുകയായിരുന്നു.

വി.ഡി സതീശൻ സഭയിൽ നൽകിയ വിശദീകരണം: 1991-92 കാലത്ത് പറവൂര്‍ കേന്ദ്രമാക്കി ഞാന്‍ മണിചെയിന്‍ തട്ടിപ്പു നടത്തിയെന്നാണ് ആക്ഷേപം. ആദ്യം പറഞ്ഞത് ഓണ്‍ലൈന്‍ തട്ടിപ്പെന്നാണ്. അന്ന് ഓണ്‍ലൈനും ഫോണും ഇല്ലെന്ന് അദ്ദേഹത്തെ ആരോ തിരുത്തി. പിന്നീടാണ് മണിചെയിന്‍ തട്ടിപ്പെന്നു പറഞ്ഞത്. ഞാന്‍ 1996 ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായാണ് പറവൂരില്‍ എത്തുന്നത്. അതിന് മുന്‍പ് രണ്ട് വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ മാത്രമാണ് പറവൂരില്‍ പോയിട്ടുള്ളത്. അങ്ങനെയുള്ള ഞാന്‍ ആയിരം പേരെ പറ്റിച്ചെന്നാണ് ആരോപണം. അഞ്ച് തവണയായി പറവൂരില്‍ എം.എല്‍.എയാണ്. ഒരോ തവണയും ഭൂരിപക്ഷം കൂടിയിട്ടുണ്ട്. അങ്ങനെ ജയിക്കുന്ന സ്ഥലത്താണ് ഞാന്‍ ആയിരം പേരെ പറ്റിച്ചെന്നു പറയുന്നത്. തട്ടിപ്പ് നടന്നെന്നു പറയുന്ന 1991- 92 കാലഘട്ടത്തില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജില്‍ ഞാന്‍ എല്‍.എല്‍.എമ്മിനു പഠിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും എം.എല്‍.എ അടിസ്ഥാനരഹിതമായ ഈ ആരോപണം ഉന്നയിച്ചു. 23 വര്‍ഷം മുന്‍പ് മരിച്ചുപോയ എന്റെ അച്ഛനെതിരെ വരെ മോശമായി എഴുതി. അദ്ദേഹത്തിന് എന്താണ് എന്നോടിത്ര വിരോധമെന്ന് അറിയില്ല. അന്റാര്‍ട്ടിക്കയില്‍ പോയോ ആഫ്രിക്കയില്‍ പോയോ അദ്ദേഹം ബിസിനസ് നടത്തിയാല്‍ എനിക്ക് യാതൊരു പരാതിയുമില്ല.

ഉമ്മന്‍ ചാണ്ടിയും കെ.ടി ജലീലും അവധിക്ക് അപേക്ഷ നല്‍കിയപ്പോഴാണ് പി.വി അന്‍വറിന് ഇതൊന്നും ബാധകമല്ലേയെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചോദിച്ചത്. അതാണ് വിരോധത്തിന് കാരണം. ഞാന്‍ ബോംബെ ആസ്ഥാനമായുള്ള കമ്പനി നടത്തി തട്ടിപ്പു നടത്തിയെന്നാണ് പറയുന്നത്. ഞാന്‍ ആകെ ഡയറക്ടറായിട്ടുള്ളത് സര്‍ക്കാരിന്റെ കീഴില്‍ ടൂറിസം മന്ത്രി ചെയര്‍മാനായുള്ള മുസരിസിലാണ്. അതുതന്നെ രാജിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. ഞാന്‍ ആരെയെങ്കിലും പറ്റിച്ചിട്ടുണ്ടെന്നു കാട്ടി ഏതെങ്കിലും ഒരു പൊലീസ് സ്റ്റേഷനിലോ കോടതിയിലോ ഒരു പരാതി പോലുമില്ല. ഈ സ്ഥാനത്ത് ഇരുന്നു പോയി എന്നതുകൊണ്ട് എന്തും പറയാമെന്നാണോ? മരിച്ചു പോയ പിതാവിനെ പോലും അപമാനിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ പോലുള്ള ആളുകളെയും ഇതിന്റെ പേരില്‍ ആക്ഷേപിക്കുകയാണ്. ഞാന്‍ മറുപടി കൊടുക്കണമെന്നും ഞങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടണമെന്നുമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അങ്ങനെ മുഖ്യധാരയിലേക്ക് എത്താമെന്നായിരിക്കും വിചാരിക്കുന്നത്. ഏതായാലും ഞാന്‍ അതിനില്ല.

എം.എല്‍.എമാര്‍ക്കെതിരെ പലരും നിരവധി പരാതികള്‍ എന്നോട് പറയാറുണ്ട്. 50 ലക്ഷം രൂപ തട്ടിച്ച കാര്യവും മറ്റു പല തട്ടിപ്പുകളും. നിയമസഭയില്‍ ഉന്നയിക്കണമെന്നാണ് ആവശ്യം. മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ അത് അന്വേഷിച്ച് അവതരിപ്പിക്കും. എന്നാല്‍ എം.എല്‍.എമാര്‍ക്കെതിരായ ആരോപണങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാനാകില്ലെന്ന മറുപടിയാണ് ഞാന്‍ അവര്‍ക്കു നല്‍കാറുള്ളത്. ഞാന്‍ ആര്‍ക്കും 50 ലക്ഷം രൂപ കൊടുക്കാനില്ല. കടം വാങ്ങാറുണ്ട്. വാങ്ങിയാല്‍ തിരിച്ചുകൊടുക്കാറുമുണ്ട്. അല്ലാതെ ഇതുവരെ ഒരാളെയും പറ്റിച്ചിട്ടില്ല. മുഖ്യന്ത്രിയുടെ കൈയ്യില്‍ 50 ലക്ഷം തട്ടിച്ചതിന്റെ ക്രൈംബ്രാഞ്ച് അന്വേഷിച്ച ഫയലുകളുണ്ട്. ഞാന്‍ ഇതൊന്നും നിയമസഭയില്‍ പറഞ്ഞിട്ടില്ല. എം.എല്‍.എമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്. ഇതനുവദിച്ചാല്‍ നിയമസഭയുടെ കീഴ് വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് ആര്‍ക്കെതിരെയും അടിസ്ഥാനരഹിതമായ ആരോപണം ആര്‍ക്കും ഉന്നയിക്കാമെന്ന സ്ഥിതിവരും.

സര്‍ക്കാര്‍ നിങ്ങളുടെ കൈയ്യിലല്ലേ. ഭരണകക്ഷി എം.എല്‍.എ എനിക്കെതിരെ ആക്ഷേപം ഉന്നയിച്ചിരിക്കുകയാണ്. വേണമെങ്കില്‍ മുഖ്യമന്ത്രിക്ക് ഏതു തരത്തിലുള്ള അന്വേഷണവും നടത്താം. 32 വര്‍ഷം പഴക്കുമുണ്ടെന്നൊന്നും വിചാരിക്കേണ്ട. വേണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തോ. പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തെന്നും മൊഴിയെടുത്തെന്നുമൊക്കെ പറഞ്ഞ് അപമാനിക്കാമല്ലോ. അപമാനിക്കാം, പക്ഷെ തോല്‍പ്പിക്കാനാകില്ല. വേണമെങ്കില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉള്ള കാര്യങ്ങള്‍ കൂടി അന്വേഷിച്ചോ. മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെ ബില്‍ ചര്‍ച്ചാവേളയില്‍ ഉന്നയിച്ച ഈ അടിസ്ഥാനരഹിതമായ ആരോപണം സഭാരേഖകളില്‍ നിന്നും നീക്കം ചെയ്യണം. ഇന്നലെ ഞാന്‍ സഭയില്‍ ഇല്ലാതിരുന്ന സമയത്താണ് ആരോപണം ഉന്നയിച്ചത്. ഉണ്ടായിരുന്നെങ്കില്‍ ആപ്പോള്‍ തന്നെ മറുപടി നല്‍കാമായിരുന്നു. ഇനി അപമാനിക്കാന്‍ വേണ്ടി എല്ലാവരും കൂടി ചേര്‍ന്ന് ചെയ്തതാണെങ്കില്‍ അതിനെ ആ രീതിയില്‍ തന്നെ കാണാം.

Related posts

Leave a Comment