പ്രതിപക്ഷ പ്രതിഷേധം ഫലിച്ചു; മരണക്കണക്ക് അറിയാൻ പോർട്ടൽ

തിരുവനന്തപുരം:  കോവിഡ് ബാധിച്ചു മരിച്ചവരുടെ യഥാർത്ഥ കണക്കു പുറത്തുവിടാതെ ഒളിപ്പിച്ചുവെയ്ക്കുന്ന നടപടിക്കെതിരെ നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം നടത്തിയ പ്രതിഷേധം ഫലം കണ്ടു. മരണക്കണക്ക് പ്രസിദ്ധീകരിക്കുന്നതിനായി സർക്കാർ പോർട്ടൽ സജ്ജമാക്കിയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സർക്കാർ ഏജൻസിയായ ഇൻഫർമേഷൻ കേരള മിഷൻ പുറത്തുവിട്ട മരണക്കണക്കുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നൽകിയ കണക്കുകളിലും വലിയ വ്യത്യാസം വന്നത് നേരത്തെ വിവാദമായിരുന്നു.
ഇപ്പോൾ സജ്ജീകരിച്ച കോവിഡ് 19 ഡെത്ത് ഇൻഫർമേഷൻ പോർട്ടൽ പൊതുജനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാനാകും. പൊതുജനങ്ങൾക്ക് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങൾ തിരയുന്നതിനുള്ള ഓപ്ഷൻ പോർട്ടലിലുണ്ട്. സർക്കാർ ഔദ്യോഗികമായി കോവിഡ് മരണമാണെന്ന് റിപ്പോർട്ട് ചെയ്തവ എല്ലാം ഈ പോർട്ടലിലൂടെ കണ്ടെത്താനാകും. പേര്, ജില്ല, മരണ തീയതി തുടങ്ങിയ വിശദാംശങ്ങൾ നൽകിയാൽ പോർട്ടലിൽ നിന്ന് വിവരങ്ങൾ ലഭ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഇതുകൂടാതെ പ്രഖ്യാപിക്കപ്പെട്ട കോവിഡ് മരണങ്ങളുടെ, ഡി.എം.ഒ. നൽകുന്ന ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റിന്റെ ആധികാരികത പരിശോധിക്കുന്നതിന് വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് കഴിയുന്നതാണ്. നിലവിൽ ജൂലൈ 22 വരെയുള്ള മരണങ്ങളുടെ പട്ടികയാണ് പോർട്ടലിൽ ലഭ്യമാകുന്നത്. അതിന് ശേഷമുള്ള മരണങ്ങൾ ഉടൻ തന്നെ അപ്‌ഡേറ്റ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
പോർട്ടലിന്റെ ലിങ്ക്: https://covid19.kerala.gov.in/deathinfo/

Related posts

Leave a Comment