ദുരന്തബാധിതർ പെരുവഴിയിൽ; പുനരധിവാസമില്ല, വാടകയുമില്ല പ്രളയഫണ്ട് സർക്കാർ വകമാറ്റി നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം:  കവളപ്പാറ, പുത്തുമല, പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തങ്ങളിൽ വഴിമുട്ടിയ കുടുംബങ്ങളോട് സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രളയബാധിതരെ സഹായിക്കാനായി മലയാളികൾ ഒത്തുചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 കോടി രൂപയോളം നൽകി രണ്ടുവർഷം കഴിഞ്ഞിട്ടും ഈ കുടുംബങ്ങൾക്ക് അർഹമായ ധനസഹായമോ പുനരധിവാസമോ നൽകാൻ സർക്കാർ തയാറാകാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പ്രളയത്തിന്റെ പേരിൽ സ്വരുക്കൂട്ടിയ ഫണ്ടും ലോകബാങ്ക് വായ്പയും ഉൾപ്പെടെ വകമാറ്റി ചെലവഴിച്ച സർക്കാരിനെതിരെ കോൺഗ്രസ് അംഗം ടി. സിദ്ധീഖ് അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചു.
 പ്രളയ പുനരധിവാസത്തിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടെന്ന് ടി. സിദ്ധീഖ് കുറ്റപ്പെടുത്തി. ആറുമാസത്തിനുള്ളിൽ പുനരധിവാസം പൂർത്തിയാക്കുമെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, പൂത്തുമലയിൽ രണ്ടു വർഷം ആയിട്ടും ഒരു വീട് പോലും കൈമാറിയില്ല. വാടക കെട്ടിടത്തിൽ താമസിക്കുന്നവരുടെ വാടക പോലും സർക്കാർ കൊടുക്കുന്നില്ല. ദുരിതാശ്വാസ പ്രവർത്തനത്തിലും സർക്കാർ പരാജയമാണ്. സ്പോൺസേഴ്സിനെ ഏകോപിപ്പിക്കുന്നതിൽ പോലും സർക്കാരിന് വീഴ്ചയുണ്ടായി. ദുരന്തഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പ്രദേശവാസികൾ പരാതി നൽകിയിട്ട് അവരെ മാറ്റിത്താമസിപ്പിക്കാൻ പോലും ഇപ്പോഴും തയാറായിട്ടില്ല. സ്പോൺസർമാർ പൂർത്തീകരിച്ച വീടുകളിൽ വൈദ്യുതിയോ വെള്ളമോ ലഭ്യമാക്കിയിട്ടില്ല. നിർമാണ സാമഗ്രികൾ എത്തിക്കുന്നതിന് റോഡുപോലും ഇല്ലെന്നും പ്രകൃതി ദുരന്തത്തേക്കാൾ വലിയ ദുരന്തമാണ് ഈ സർക്കാരെന്നും സിദ്ധീഖ് കുറ്റപ്പെടുത്തി.
പ്രകൃതി ദുരന്തങ്ങളിൽ കേരളത്തിന് ലഭ്യമാകുമായിരുന്ന വിദേശസഹായം തടഞ്ഞത് കേന്ദ്ര സർക്കാരാണെന്നായിരുന്നു റവന്യൂ മന്ത്രി കെ രാജന്റെ മറുപടി. കേന്ദ്ര മാനദണ്ഡത്തിലുള്ള ധനസഹായം കേരളത്തിന്റെ സാഹചര്യത്തിൽ അപര്യാപ്തമാണ്. ദേശീയ ദുരന്ത നിവാരണ മാനദണ്ഡമനുസരിച്ച് വാടക നൽകാനാകില്ല. പുത്തുമലയിൽ18 വീടുകൾ നിർമ്മിക്കാമെന്നേറ്റ സ്പോൺസർ പിൻമാറി. അതിനു പകരം പുതിയ പദ്ധതി തയ്യാറാക്കുന്നു. എല്ലാവരുമായും സഹകരിച്ചു പുനരധിവാസം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.
മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ലോകത്തിലെ എല്ലാ മലയാളികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പണം എന്തിന് വേണ്ടി ചെലവഴിച്ചുവെന്ന് വാക്കൗട്ട് പ്രസംഗത്തിൽ വി.ഡി സതീശൻ ചോദിച്ചു. പ്രളയ ബാധിതരെ സഹായിക്കാനാണ് എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പണം നൽകിയത്. എന്നാൽ, എറണാകുളത്ത് പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുകാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്.  നിലമ്പൂരില്‍ എംഎല്‍എയും കളക്ടറും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായം ലഭിക്കാത്ത സ്ഥിതിയാണ്. പറ്റിയ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശാസ്ത്രീയമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ പാവങ്ങളെ വിധിക്ക് വിട്ടുകൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Related posts

Leave a Comment