ഒറ്റക്കെട്ടായി പ്രതിപക്ഷം ; സെപ്റ്റംബറിൽ രാജ്യവ്യാപക പ്രതിഷേധം

ഡൽഹി : സെപ്തംബറിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനവുമായി രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ. സെപ്തംബർ 20 മുതൽ 30 വരെയുള്ള തീയതികളിലാണ് പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. 19 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ഇന്ന് വിഡിയോ കോൺഫറൻസിലൂടെയാണ് ഇക്കാര്യം തീരുമാനിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. അതാത് സംസ്ഥാനങ്ങൾ ഈ പ്രതിഷേധങ്ങളുടെ സ്വഭാവം തീരുമാനിക്കും. അതാത് സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങൾ പരിഗണിച്ചാവും തീരുമാനം. ധർണയും ഹർത്താലുമൊക്കെ പ്രതിഷേധങ്ങളിൽ ഉണ്ടാവും.2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അത്യന്തികമായ ലക്ഷ്യമായിരിക്കണമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തയാറെടുപ്പുകൾ ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ സോണിയ ഗാന്ധി അറിയിച്ചു.തിരഞ്ഞെടുപ്പിനായി ഒറ്റ ലക്ഷ്യത്തോടെ ആസൂത്രണം ആരംഭിക്കണം. പാർട്ടി താല്പര്യത്തിന് അതീതമായി രാജ്യതാൽപ്പര്യത്തിന് പ്രാധാന്യം നൽകിയുള്ള നീക്കങ്ങളുണ്ടാകണം.സർക്കാരിന്റെ ധാർഷ്ട്യവും അഹങ്കാരവും വർഷകാല സമ്മേളനം അലങ്കോലമാക്കി. നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷയെന്നും സോണിയ ഗാന്ധി യോഗത്തിൽ കൂട്ടിച്ചേർത്തു.പെഗാസിസ് ഫോൺ ചോർത്തൽ, കർഷക സമരം, ഇന്ധന വിലക്കയറ്റം ഉൾപ്പടെ സർക്കാരിനെതിരെ യോജിച്ച പ്രക്ഷോഭങ്ങൾക്കുള്ള തീരുമാനം യോഗത്തിലുണ്ടാകും. നേരത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളന സമയത്ത് മുമ്പൊന്നുമില്ലാത്ത രീതിയിൽ പ്രതിപക്ഷത്ത് യോജിപ്പ് പ്രകടമായിരുന്നു. ഈ രീതിയിൽ മുന്നോട്ട് പോകണമെന്നാണ് സോണിയ ഗാന്ധിയുടെ നിർദേശം.

Related posts

Leave a Comment