രാജ്യത്ത് കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള പ്രതിപക്ഷ മുന്നേറ്റം അസാധ്യം : കെ സുധാകരൻ

കൊച്ചി: ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തിയേറുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള പ്രതിപക്ഷ മുന്നേറ്റം അസാധ്യമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിനല്ലാതെ മറ്റാർക്കും സംഘപരിവാറിനെതിരായ പോരാട്ടം നയിക്കുവാൻ കഴിയില്ല. കോൺഗ്രസിന്റെ ശത്രുക്കൾ പോലും പാർട്ടിയെ മാറ്റിനിർത്തിയുള്ള പ്രതിപക്ഷനിര അപ്രസക്തമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിന് അതിന്റേതായ പ്രാമുഖ്യമുണ്ട്. ബൂത്ത് തലം മുതൽ സാമൂഹ്യ പ്രതിബദ്ധതയോടെ സാധാരണ ജനങ്ങളിലേക്കിറങ്ങി അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി അവർക്കൊപ്പം നിലകൊള്ളണമെന്നും സുധാകരൻ പറഞ്ഞു. സർക്കാരിനെതിരെ കെ-റെയിൽ വിരുദ്ധ സമരങ്ങൾ ശക്തി പ്രാപിക്കുകയാണ്. ജില്ലയിലും അത്തരത്തിലുള്ള സമരങ്ങൾ നടക്കുന്നുണ്ട്. സമരങ്ങളിൽ ഉൾപ്പെടുന്ന പ്രവർത്തകർക്കെതിരെ പൊലീസ് ഗുരുതരമായ നിയമ നടപടികളാണ് സ്വീകരിക്കുന്നത്. ചിലയിടങ്ങളിൽ പ്രവർത്തകരെ അക്രമത്തിലൂടെയാണ് പൊലീസും സർക്കാരും നേരിടുന്നത്. സമരമുഖത്ത് സജീവമായി നിലകൊള്ളുന്ന പ്രവർത്തകരെ സംരക്ഷിക്കുന്നതിന് ജില്ലയിലെ പാർട്ടി നേതൃത്വം ഇടപെടലുകൾ നടത്തുന്നുണ്ട്. ഒറ്റക്കെട്ടായി കൃത്യമായ പ്രവർത്തനങ്ങളിലൂടെ പാർട്ടിക്ക് കൂടുതൽ ശക്തി പകരേണ്ടത് അനിവാര്യതയാണ്. രാജ്യമാകെ കോൺഗ്രസ് ശക്തിയാർജിക്കുന്ന വേളയിൽ കേരളത്തിലെ പ്രവർത്തനങ്ങൾ അതിന് കരുത്തേകണം. കോൺഗ്രസിന് പുനർജീവൻ നൽകുന്ന യൂണിറ്റ് കമ്മിറ്റികളുടെ (സിയുസി) രൂപീകരണം ദേശീയതലത്തിലേക്കും പാർട്ടി വ്യാപിപ്പിക്കുകയാണ്. ജില്ലയിലെ സിയുസി രൂപീകരണം മികച്ച രീതിയിൽ ആണെന്നും ഇനിയും കമ്മിറ്റികൾ രൂപീകരിക്കുവാനുള്ള ഇടങ്ങളിൽ മെയ് 31നു മുമ്പ് മുഴുവൻ യൂണിറ്റ് കമ്മിറ്റികളും രൂപീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ ഭരണത്തിനിടയിൽ കേരളത്തിന്റെ ചരിത്രത്തിൽ മുമ്പ് ഒരു മുഖ്യമന്ത്രിയും ഉൾപ്പെടാത്ത തരത്തിലുള്ള സ്വർണക്കടത്ത് പോലെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ മുഖ്യമന്ത്രിയും ഓഫീസും പ്രതിസ്ഥാനത്ത് വന്നിരുന്നു. എന്നിട്ടും ഗവൺമെന്റിന്റെ ക്ഷേമപദ്ധതികളെയും കോവിഡ് പ്രതിരോധത്തെയും രാഷ്ട്രീയമായി ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിച്ചാണ് പിണറായി സർക്കാർ രണ്ടാമതും അധികാരത്തിലെത്തിയത്. സിപിഎമ്മിന്റെ ഇത്തരം കുതന്ത്രങ്ങളെ ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടേണ്ട കടമ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നിർവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ ടി.ജെ വിനോദ്, അൻവർ സാദത്ത്, റോജി.എം.ജോൺ, മാത്യു കുഴൽനാടൻ, കെ. പി.സി.സി വൈസ് പ്രസിഡന്റുമാരായ വി.ജെ പൗലോസ്, വി.പി സജീന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ എസ്. അശോകൻ, അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗീസ്, കെപിസിസി നിർവാഹക സമിതി അംഗം ജെയ്സൺ ജോസഫ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമനിക് പ്രസന്റേഷൻ, നേതാക്കളായ ജോസഫ് വാഴയ്ക്കൽ, കെ.പി ഹരിദാസ്, എൻ വേണുഗോപാൽ, അജയ് തറയിൽ, മുഹമ്മദ് കുട്ടി, മിനിമോൾ, ഉല്ലാസ് തോമസ്, ജോസഫ് ആന്റണി, മനോജ്‌ മൂത്തേടൻ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment