ആയുര്‍വേദ ആചാര്യന്‍ ഡോ. പി.കെ. വാര്യരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു

ആയുര്‍വേദ ആചാര്യനും കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പി.കെ വാര്യരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. ആയുര്‍വേദ ചികിത്സാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രേഷ്ഠ വ്യക്തിത്വമായിരുന്നു പി.കെ വാര്യര്‍. ആയുര്‍വേദ നവോത്ഥാനത്തിന് നേതൃത്വം നല്‍കി ലോക ശ്രദ്ധയിലേക്കെത്തിയ പി.കെ വാര്യര്‍ മലയാളിയെന്ന നിലയില്‍ കേരളീയരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. അടുത്തിടെ നൂറാം പിറന്നാള്‍ ആഘോഷിച്ച അദ്ദേഹത്തിന്റെ വിയോഗം ആയുര്‍വേദ ചികിത്സാരംഗത്തിനും രാജ്യത്തിനും തീരാനഷ്ടമാണ്.

ആയുര്‍വേദ ആചാര്യന്‍ എന്നതിലുപരി സ്വാതന്ത്ര്യസമരത്തിലും വിദ്യാര്‍ഥിയായിരിക്കെ പി.കെ വാര്യര്‍ പങ്കാളിയായിട്ടുണ്ട്. മഹാത്മഗാന്ധിയുടെ ആഹ്വാനം അനുസരിച്ച് 1942ലാണ് വാര്യര്‍ പഠനം ബഹിഷ്‌ക്കരിച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഫാക്ടറി മാനേജറായി ഔദ്യോഗിക ജീവിതം ആരംഭിച്ച്, കേരളത്തിന്റെ ആയുര്‍വേദ സംസ്‌കൃതി ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ആയുര്‍വേദ ആചാര്യന്‍ എന്നനിലയിലാകും പി.കെ വാര്യരെ ചരിത്രം രേഖപ്പെടുത്തുക. പി.കെ വാര്യര്‍ എന്ന മഹാവൈദ്യന്റെ വിയോഗം ലോകത്തിനു തന്നെ തീരാനഷ്ടമാണെന്നും പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Related posts

Leave a Comment