മുല്ലപ്പെരിയാറിലെ മരം മുറി ഉന്നത ഭരണ നേതൃത്വത്തിന്റെയും സി.പി.എമ്മിന്റെയും അറിവോടെ; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം; ജൂഡീഷ്യല്‍ അന്വേഷണം വേണം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് അനുമതി നല്‍കിക്കൊണ്ട് കേരള വനം വകുപ്പിലെ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉദ്യോഗസ്ഥന്‍മാര്‍ ഉത്തരവിറക്കിയത് വനം മന്ത്രി അറിഞ്ഞില്ലെങ്കില്‍ എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നത്. ഉത്തരവ് മരവിപ്പിച്ചതല്ലാതെ റദ്ദാക്കാന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. രാഷ്ട്രീയ നേതൃത്വവും സര്‍ക്കാരും അറിഞ്ഞുകൊണ്ടെടുത്ത തീരുമാനം വിവാദമായപ്പോള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്. 126 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന തമിഴ്‌നാട് നിലപാടിലേക്ക് സി.പി.എമ്മും കേരള സര്‍ക്കാരും എത്തിയിരിക്കുകയാണോയെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷയുമെന്ന നിലപാടാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കാലങ്ങളായി സംസ്ഥാനം സ്വീകരിച്ചിരിക്കുന്ന പൊതുനിലപാട്. ഇതിനു വിരുദ്ധമായാണ് മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ കേരളം തമിഴ്‌നാടിന് അനുമതി നല്‍കിയത്. ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മരം മുറിക്കാന്‍ അനുമതി നല്‍കിയതിലൂടെ പുതിയ ഡാം വേണ്ടെന്ന തമിഴ്‌നാടിന്റെ തീരുമാനം കേരളം അംഗീകരിച്ചിരിക്കുകയാണ്. ഈ ഉത്തരവിനു പിന്നില്‍ ദുരൂഹതയും ഗൂഡാലോചനയുമുണ്ട്. 5 തമിഴ്‌നാട് മന്ത്രിമാര്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്കകമാണ് കേരള വനം വകുപ്പ് ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയും റവന്യൂ, വനം മന്ത്രിമാരും ഉത്തരവ് അറിഞ്ഞില്ലെന്നാണ് പറയുന്നത്. കേരള സര്‍ക്കാരും മുഖ്യമന്ത്രിയും അറിയാത്ത ഉത്തരവിനെ കുറിച്ച് തമിഴ്‌നാട് അറിഞ്ഞത് വിചിത്രമാണ്. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയിലെ കേരളത്തിന്റെ ഏകാംഗമായ ജല വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിനു പിന്നാലെയാണ് ഉത്തരവിറക്കുന്നതു സംബന്ധിച്ച ഗൂഡാലോചനയ്ക്ക് തുടക്കമായത്. സര്‍ക്കാരിന്റെ അറിവോടെ പുറത്തിറക്കിയ ഉത്തരവ് വിവാദമായപ്പോള്‍ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കുന്നത്.

സാമാന്യ ബുദ്ധിക്കും യുക്തിക്കും നിരക്കുന്നതല്ല ഉത്തരവ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദമാണ്. മാവിലായിക്കാരനെപ്പോലെയാണ് മുഖ്യമന്ത്രി. എന്ത് താല്‍പര്യത്തിന്റെ പുറത്താണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നു വ്യക്തമാക്കണം. സി.പി.എം കേന്ദ്ര നേതൃത്വം മുല്ലപ്പെരിയാറില്‍ ഡാം വേണ്ടെന്ന തമിഴ്‌നാട് നിലപാടിനൊപ്പമാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ നാലു പേര്‍ മാത്രം മത്സരിച്ച സി.പി.എമ്മിനും സി.പി.ഐക്കും ഡി.എം.കെ 25 കോടി രൂപ സംഭാവന നല്‍കിയത് തമിഴ്‌നാട്ടില്‍ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് രാഷ്ട്രീയ തീരുമാനം ആണോയെന്നു സംശയിക്കുന്നത്. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് വിരുദ്ധമായാണ് മരം മുറിക്കാന്‍ ഉത്തരവ് നല്‍കിയത്. ഇത് കേരളത്തിന്റെ വാദത്തെ ദുര്‍ബലപ്പെടുത്തും. മുട്ടില്‍ മരം മുറി കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ പോലും തൊടാന്‍ പറ്റാത്തയാളാണ് വനം മന്ത്രി. ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഇറക്കിയ ഉത്തരവിനെ കുറിച്ച് അറിഞ്ഞില്ലെന്നു പറയുന്ന മന്ത്രി എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഉത്തരവ് ഇറങ്ങിയത് കെ-റെയിലിനെക്കാള്‍ വേഗത്തിലായിരുന്നെന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഉത്തരവിനെ കുറിച്ച് മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും അറിഞ്ഞില്ലെന്നു പറയുന്നത് വിശ്വസിക്കാന്‍ മണ്ടന്‍മാരല്ല കേരളത്തിലെ പൊതുസമൂഹമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment