സഭയ്ക്കു പുറത്ത് പ്രതിപക്ഷ ധര്‍ണ

തിരുവനന്തപുരംഃ ഡോളര്‍ കടത്തിലും സ്വര്‍ണക്കടത്തിലും മുഖ്യ പങ്കാളിത്തം ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരേ മറ്റു നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണണെന്ന പ്രതിപക്ഷ ആവശ്യം നിരാകരിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചു സഭ വിട്ട പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ ധര്‍ണ നടത്തി. നയതന്ത്ര ബാഗേജ് വഴി കേരളത്തിലേക്കു സ്വര്‍ണം കടത്തിയതിനും കമ്മിഷന്‍ തുക ഡോളറാക്കി വിദേശത്തേക്കു കടത്തിയതിനും മുഖ്യമന്ത്രിയുടെ സഹായം ലഭിച്ചു എന്ന മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ കൂട്ടാളിയുടെ മൊഴി അതീവ ഗുരുതരമാണ്. ആരോപണം നേരിടുന്ന മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. കോടതിക്കുമുന്നില്‍ ലഭിച്ച മൊഴികള്‍ മാത്രം മതി, അന്തസുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കു രാജി നല്‍കാന്‍. എന്നാല്‍ ഇതേക്കുറിച്ചു സഭയില്‍ ചര്‍ച്ച ചെയ്യാനോ വിശദീകരണം നല്‍കാനോ പോലും മുഖ്യമന്ത്രിയും ഭരണ പക്ഷവും തയാറല്ല- പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യില്ലെന്ന വാദം ശരിയല്ല. മുന്‍പും ഇത്തരം വിഷയങ്ങളില്‍ സഭ ചര്‍ച്ച ചെയ്തിട്ടുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശം, സ്വാശ്രയ കോളെജുകളിലെ ഫീസ് തുടങ്ങിയ വിഷയങ്ങള്‍ കോടതി പരിഗണിക്കുമ്പോള്‍ത്തന്നെ സഭയും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഡോളര്‍ കടത്തില്‍ പ്രതികളുടെ മൊഴി അസാധാരണമായ നിലയിലാണ് പ്രതിപക്ഷം ആയുധമാക്കുന്നത്. അതു നേരിടാനുള്ള ആര്‍ജവം കാണിക്കേണ്ട മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു. സഭയ്ക്കുള്ളില്‍ പ്രതിപക്ഷം അവതരിപ്പിക്കേണ്ടിയിരുന്ന നോട്ടീസിന്‍റെ വിശദാംശങ്ങള്‍ പി.ടി. തോമസ് സഭയ്ക്കു പുറത്ത് അവതരിപ്പിച്ചു.

Related posts

Leave a Comment