കരുവന്നൂ‍ർ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം; ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും

തൃശൂർ: കരുവന്നൂ‍ർ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. കരുവന്നൂർ ബാങ്കിൽ ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടായിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ 70 കാരി മരിച്ച സംഭവം വിവാദമായിരിക്കെയാണ് സിബിഐ അന്വേഷണം തേടിയുള്ള ഹർജി ഹൈക്കോടതി മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പരിഗണിക്കുന്നത്. 104 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് സിപിഎം ഉന്നത നേതാക്കൾ ഇടപെട്ട് അട്ടിമറിക്കുകയാണെന്നും കോടതി മേൽനോട്ടത്തിൽ സിബിഐ കേസ് അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം.കഴിഞ്ഞ വർഷം ജൂലൈ 21 ന് മുൻ ജീവനക്കാരനായ എം.വി സുരേഷ് നൽകിയ ഹർജിയിൽ സർക്കാരും ബാങ്കും സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു. ക്രൈം ബ്രാ‌ഞ്ച് ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് സർക്കാർ പറഞ്ഞിരുന്നു. നിക്ഷേപർക്ക് പണം നഷ്ടപ്പെടില്ലെന്ന് ബാങ്കും കോടതിയെ അറിയിച്ചു. എന്നാൽ വർഷം ഒന്ന് കഴി‌ഞ്ഞിട്ടും മുഴുവൻ പ്രതികളും കേസിൽ പ്രതിയായില്ല. തട്ടിപ്പ് പണം കണ്ടെടുക്കാനുള്ള നടപടിയും ഇതുവരെ ആയിട്ടില്ല.നിക്ഷേപകർ നൽകിയ രണ്ടാമതൊരു ഹർജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചും നാളെ പരിഗണിക്കുന്നുണ്ട്. ഈ ഹർജിയിൽ കാലാവധി പൂർത്തിയായ സ്ഥിരം നിക്ഷേപം പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയെന്നും സർക്കാറിന് ഇക്കാര്യത്തിൽ എന്തുചെയ്യാൻ കഴിയുമെന്നും അറിയിക്കാൻ ജസ്റ്റിസ് ടി.ആർ രവി നിർദേശം നൽകിയിട്ടുണ്ട്. നാളെ ഹർജി പരിഗണിക്കുമ്പോൾ സർക്കാരിന് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടിവരും.ഒരു വർഷം മുമ്പ് തന്നെ 6 പേരെ പ്രതിയാക്കി എൻഫോഴ്സ്മെന്‍റും കേസിൽ അന്വേഷണം തുടങ്ങിയിരുന്നു. ഇരിങ്ങാലക്കുട പോലീസ് എടുത്ത എഫ്ഐആർ അടിസ്ഥാനത്തിലായിരുന്നു അന്വഷണം. ബാങ്കിൽ കോടികളുടെ കള്ളപ്പണം ഉണ്ടെന്നും ഇവ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നുമായിരുന്നു ഇഡി വ്യക്തമാക്കിയത്. എന്നാൽ പ്രാഥമിക പരിശോധനയല്ലാതെ തുടർന്നടപടികൾ ഇഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതേസമയം വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.

Related posts

Leave a Comment