ഗൂ​ഗിൾ ഇന്ത്യ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി സ്പെഷ്യൽ വിഡിയോയിൽ മലയാളിത്തിളക്കം

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ലോകമെങ്ങും പരക്കുന്നതിനൊപ്പം, ​അന്താരാഷ്‌ട്ര ടെക്നോ -ഇൻഫർമേറ്റിവ് ഭീമന്മാരായ ​ഗൂ​ഗിൾ ഒരുക്കിയ ഹ്രസ്വ വിഡിയോയിൽ മലയാളിത്തിളക്കം. ലോകത്തെ ഏറ്റവും വലിയ നിയോ ബാങ്കിം​ഗ് പ്ലാറ്റ്ഫോം ഓപ്പൺ ആണ് സ്വതന്ത്രഭാരതത്തിന്റെ 75 വർഷത്തെ നാഴിക്കല്ലുകളിൽ ഒന്നായി ​ഗൂ​ഗിൾ തെരഞ്ഞെടുത്തത്. മലയാളികളായ അനീഷ് അച്യുതൻ, അജീഷ് അച്യുതൻ, മേബിൾ ചാക്കോ, ഡീനാ ജേക്കബ് എന്നിവർ കോ ഫൗണ്ടർമാരായ ഓപ്പൺ നിയോബാങ്കിം​ഗ് സ്റ്റാർട്ട് അപ് ഇതോടെ മലയാണ്മയുടെ സ്വാതന്ത്ര്യ ദിന സമ്മാനമായി. 2017 ലാണ് ഇവർ ഓപ്പൺ തുടങ്ങിയത്. ഇന്നതു ലോകത്തെ ഏറ്റവും വലിയ നിയോബാങ്കിം​ഗ് സേവനദാതാക്കളാണ്. ചെറുകിട ഇടത്തരം ബിസിനസുകളുടെ (എസ്എംബി) മുഴുവൻ സാമ്പത്തിക സേവനങ്ങളും ഇവർ ലഭ്യമാക്കുന്നു.
ഇന്ത്യയുടെ നൂറാമത്തെ യുണികോൺ എന്ന നിലയിലാണ് ഓപ്പൺ ​ഗൂ​ഗിൾ സെർച്ച് എൻജിന്റെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയത്. നൂറു കോടി യുഎസ് ഡോളറിന്റെ (7,963 കോടി രൂപ) നിക്ഷേപമുള്ള സ്റ്റാർട്ട് അപ് കമ്പനികളാണു യൂണികോൺ വിഭാ​ഗത്തിൽ വരിക. ഇതുവരെ നൂറ് സ്റ്റാർട്ടപ്പുകൾ ഇന്ത്യയിൽ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. നൂറാമത്തേതാണ് ഓപ്പൺ. 75 വർഷത്തെ സ്വതന്ത്ര ഭാരതത്തിന്റെ നേട്ടങ്ങളുടെ നിരയിലാണ് ​ഗൂ​ഗിൾ ഓപ്പൺ ടീമിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
മഹാത്മജി നയിക്കുന്ന സ്വാതന്ത്ര്യ സമരപ്രക്ഷോഭം, പണ്ഡിറ്റ് നെഹ്റുവിന്റെ സ്വാതന്ത്ര്യ ദിന സന്ദേശം, പഞ്ചവത്സര പദ്ധതി, ഹരിത വിപ്ലവം, ധവള വിപ്ലവം, രാകേശ് ശർമയുടെ ബഹിരാകാശ യാത്ര, 1991ലെ സാമ്പത്തിക പരിഷ്കരണം, ഇന്ത്യയുടെ ലോകകപ്പ് കിരീടം, വിദ്യാഭ്യാസ അവകാശ സംരക്ഷണം, അ​ഗ്നി മിസൈൽ, ഇൻഫോസിസ് തുടങ്ങിയവയാണ് ​ഗൂ​ഗിളിന്റെ മറ്റ് സ്വതന്ത്രഭാരത നാഴികക്കല്ലുകൾ.
ആ​ഗോള സാമ്പത്തിക സ്ഥാപനങ്ങളായ ഐഐഎഫ്എൽ, ടെമാസെക് (സിം​ഗപ്പൂർ), ടൈ​ഗർ ​ഗ്ലോബൽ (യുഎസ്), ത്രീ വൺ ഫോർ ക്യാപ്പിറ്റൽ (ഇന്ത്യ) തുടങ്ങിയവയാണ് ഓപ്പൺ നിക്ഷേപകർ.

Related posts

Leave a Comment