ഊരകം ആരോഗ്യ കേന്ദ്രത്തിൽ സ്ഥിരമായി ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കണം ; കോൺഗ്രസ്


പുല്ലൂർ : മുരിയാട് പഞ്ചായത്തിലെ പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് വാർഡുകളിലെ ജനങ്ങളുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഊരകം ആരോഗ്യ കേന്ദ്രത്തിൽ സ്ഥിരമായി ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കണമെന്ന് കോൺഗ്രസ് ഊരകം മേഖല സമ്മേളനം ആവശ്യപ്പെട്ടു.  മുൻകാലങ്ങളിൽ ആഴ്ചയിൽ മൂന്നു ദിവസം പ്രവർത്തിച്ചിരുന്ന ഈ ആരോഗ്യകേന്ദ്രം ഇപ്പോൾ വല്ലപ്പോഴും പ്രവർത്തിക്കുന്ന അവസ്ഥയിലെത്തിയിരിക്കയാണ്. ആരോഗ്യ കേന്ദ്രം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു മാത്രം ഉപയോഗിക്കണമെന്നും നിലവിലെ ആരോഗ്യ കേന്ദ്രത്തിനു മുകളിൽ ആരോഗ്യ പ്രവർത്തകർക്ക് താമസിക്കുന്നതിനുള്ള ക്വാർട്ടേഴ്‌സ് നിർമിച്ച് ഇവിടെ  സ്ഥിരം ആരോഗ്യപ്രവർത്തകരുടെ സേവനം  ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കെപിസിസി നിർവാഹക സമിതിയംഗം എം.പി.ജാക്സൺ ഉദ്‌ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. ബ്ളോക് പ്രസിഡന്റ് ടി.വി. ചാർളി, വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോർജ്, സെക്രട്ടറി അശ്വതി സുബിൻ, ബൂത്ത് പ്രസിഡന്റുമാരായ കെ.എൽ.ബേബി, എം.കെ.കലേഷ് എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment