‘ ഉമ്മന്‍ചാണ്ടിയിടുന്ന ഖദറിന് നിറയെ ചുളിവുകളുണ്ടാകുമെങ്കിലും അദ്ദേഹത്തിന് ജനങ്ങളോടുള്ള അടുപ്പത്തിന് സ്‌നേഹത്തിന്റെ മിനുമിനുപ്പുണ്ട്’ : ആന്റോ ജോസഫ്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അൻപതാം വാർഷികാഘോഷത്തിന് സമാപനമാവുകയാണിന്ന്. ഈ അവസരത്തിൽ ശ്രദ്ധേയമാകുകയാണ് ഉമ്മൻ ചാണ്ടിയെക്കുറിച്ച് നിർമ്മാതാവായ ആന്റോ ജോസഫ് എഴുതിയിരിക്കുന്ന ഫേസ്ബുക്ക് കുറിപ്പ്. രക്ഷിതാക്കൾക്കൊപ്പം വോട്ട് ചെയ്യാൻ പോയ അഞ്ചു വയസുകാരൻ ആന്റോ ആദ്യമായി ഉമ്മൻ ചാണ്ടിയെ കണ്ട അനുഭവത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്.

ഫേസ്ബുക് പോസ്റ്റ് വായിക്കാം :

ഞാൻ ആദ്യമായി ‘പരിചയപ്പെട്ട’ രാഷ്ട്രീയനേതാവാണ് ഉമ്മൻചാണ്ടി. പശുവിനും കിടാവിനുമൊപ്പം ഞങ്ങളുടെ നാട്ടിലെ മതിലിൽ തെളിഞ്ഞുനിന്ന കൗതുകം. 1977 ലെ തിരഞ്ഞെടുപ്പായിരുന്നു അത്. പുതുപ്പള്ളി മണ്ഡലത്തിൽ ഉൾപ്പെട്ട കൂരോപ്പട പഞ്ചായത്തിലെ പങ്ങട സ്‌കൂളിൽ വോട്ട് ചെയ്യാൻ പോയ അച്ഛയോടും അമ്മയോടുമൊപ്പം വിരലിൽതൂങ്ങി ഞാനുമുണ്ടായിരുന്നു. സ്‌കൂളിലേക്കുള്ള വഴിയിൽ അങ്ങിങ്ങായി ചില ചുവരെഴുത്തുകൾ. അച്ഛ പറഞ്ഞുതന്നു. ‘ഇതാണ് നമ്മുടെ സ്ഥാനാർഥീടെ പേര്-ഉമ്മൻചാണ്ടി’. പേരിനേക്കാൾ എൻ്റെ നോട്ടത്തെ പിടിച്ചെടുത്തത് അതിനൊപ്പമുള്ള ചിത്രമാണ്. അദ്ദേഹത്തിന്റെ ചിഹ്നം അന്ന് പശുവും കിടാവുമായിരുന്നു. ആരോ വരച്ച ആ ചിത്രത്തിലേക്ക് നോക്കിനോക്കി നടന്നുപോയ അഞ്ചുവയസുകാരനെ കാലം പിന്നീട് കേരള വിദ്യാർഥി യൂണിയന്റെ നീലക്കൊടിയേന്തിച്ചു,ഖദർ ഇടുവിച്ചു. മതിലിൽ നിന്ന് എന്റെ മനസിലേക്ക് ഉമ്മൻചാണ്ടി കടന്നുവന്നു. അന്നുതുടങ്ങിയതാണ് അദ്ദേഹവുമായുള്ള ബന്ധം. ഒരു മുതിർന്ന ജ്യേഷ്ഠൻ. കരുതലിന്റെ മറുവാക്ക്. ഏതുപാതിരയ്ക്കും വിളിച്ചാൽ വിളിപ്പുറത്തുള്ള നേതാവ്. ഇതെല്ലാമാണ് എനിക്ക് അദ്ദേഹം. ഇതിനപ്പുറം പലതുമാണ്. വിശേഷണങ്ങൾക്ക് അതീതമായ വ്യക്തിത്വം. ഉമ്മൻചാണ്ടിയിടുന്ന ഖദറിന് നിറയെ ചുളിവുകളുണ്ടാകുമെങ്കിലും അദ്ദേഹത്തിന് ജനങ്ങളോടുള്ള അടുപ്പത്തിന് സ്‌നേഹത്തിന്റെ മിനുമിനുപ്പുണ്ട്. അതുകൊണ്ടുതന്നെയാണ് പുതുപ്പള്ളി എന്ന മണ്ഡലം അരനൂറ്റാണ്ടായി ആ പേരിൽ തന്നെ മന:സാക്ഷിയുടെ മുദ്ര പതിപ്പിച്ചുകൊണ്ടേയിരിക്കുന്നതും. സെപ്റ്റംബർ 17ന് അദ്ദേഹം അപൂർവമായ നേട്ടത്തിലേക്കെത്തുകയാണ്. നിയമസഭയിൽ ഉമ്മൻചാണ്ടി എന്ന പേര് മുഴങ്ങിക്കേൾക്കാൻ തുടങ്ങിയിട്ട് ഇന്ന് 51 വർഷങ്ങൾ തികയുന്നു. പാർലമെന്ററി ചരിത്രത്തിലെ അവിസ്മരണീയ അധ്യായങ്ങളിലൊന്ന്. ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വസുവർണജൂബിലിയുടെ ഒരു വർഷം നീണ്ട ആഘോഷങ്ങൾക്കും ഇന്ന് തിരശീല വീഴുകയാണ്. പക്ഷേ ഉമ്മൻചാണ്ടിയെന്ന നേതാവിനെ ഇനിയും കേരളം ആഘോഷിച്ചുകൊണ്ടേയിരിക്കും. കാരണം, പ്രാഞ്ചിയേട്ടൻ സിനിമയിൽ പറയുന്നതുപോലെ ഉമ്മൻചാണ്ടിയെന്ന് പറഞ്ഞിട്ട് ഒരേ ഒരാളേയുള്ളൂ കേരളത്തിൽ. അത് പുതുപ്പള്ളിക്കാരൻ ഉമ്മൻചാണ്ടിയാണ്. ആൾക്കൂട്ടങ്ങളുടെ നായകന്…ജനമനസറിയുന്ന,അവരുടെ കണ്ണീരിന്റെ വിലയറിയുന്ന ജനപ്രതിനിധിക്ക്.. അഭിവാദ്യങ്ങൾ..

Related posts

Leave a Comment