ഓൺലൈൻ ക്ലാസിന് അധ്യാപകർ ഫോൺ വാങ്ങി നൽകേണ്ട ;ഉത്തരവ് വിവാദമായതോടെ തലയൂരി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ക്ലാസിൽ നിലനിൽക്കുന്ന ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കുന്നതിനായി അധ്യാപകർ പണം കണ്ടെത്തി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകണമെന്ന നിർദ്ദേശം വിവാദമായതോടെ തിരുത്തുമായി വിദ്യാഭ്യാസ വകുപ്പ്.  ഓൺലൈൻ പഠനത്തിന്റെ ഭാഗമായി ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ക്യാമ്പയിൻ സംബന്ധിച്ച ഉത്തരവിൽ പണം കണ്ടെത്തി ഓൺലൈൻ ക്ലാസിന് ഫോൺ വാങ്ങി നൽകേണ്ടത് അധ്യാപകർ ആണെന്ന് നിഷ്കർഷിച്ചിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ വിശദീകരണം. ജൂലൈ ഒമ്പതിലെ സർക്കാർ ഉത്തരവിൽ സ്കൂൾതല സമിതിയാണ് ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികളെ കണ്ടെത്തേണ്ടത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് ഉപകരണങ്ങൾ ലഭ്യമാക്കാനുള്ള ചുമതലകൂടി ഈസമിതിയിൽ നിക്ഷിപ്തമായിരിക്കും എന്നാണ് ഉത്തരവിൽ പരാമർശിച്ചിട്ടുള്ളതെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നറിയിച്ചു.
അധ്യാപകരോ സ്കൂൾ തല സമിതിയോ ഇതിനുവേണ്ടി സ്വന്തം നിലയിൽ പണം മുടക്കണം എന്നല്ല, മറിച്ച് കുട്ടികൾക്ക് ഇത് ലഭ്യമാക്കാനുള്ള ചുമതല പറ്റിയാണ് ഉത്തരവിൽ സൂചിപ്പിച്ചിരിക്കുന്നത്.സ്കൂള്‍ തലസമിതിയുടെ  ഘടനയും പ്രസ്തുത ഉത്തരവുകളില്‍ വ്യക്തമാണ്. ഇക്കാര്യത്തില്‍ സ്കൂള്‍തല സമിതിക്ക്  ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് സംഭാവന, സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വനിധി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ധനസഹായം, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ തത്പരര്‍ തുടങ്ങിയ നാട്ടിലുള്ള  വിപുലമായ സാധ്യതകള്‍ ഏകോപിപ്പിച്ച് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിലൂടെ ലക്ഷ്യത്തിലെത്താന്‍ കഴിയണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു.

Related posts

Leave a Comment