കരുവന്നൂർ ബാങ്കിലെ ഒരു വായ്പക്കാരൻ കൂടി ജീവനൊടുക്കി

തൃശൂർ: ജീവനക്കാരും സിപിഎം നേതൃത്വത്തിലുള്ള ഭരണ സമതിയും ചേർന്നു കോടികളുടെ തിരിമറി നടത്തിയ കരുവന്നൂർ ബാങ്കിൽ ജപ്തി ഭീഷണി മൂലം ഒരു വായ്പക്കാരൻ കൂടി ജീവനൊടുക്കി. തളിയക്കോണം ആലപ്പാടൻ ലാസ്സർ മകൻ ജോസ് (62) ആണ് മരിച്ചത്.രാവിലെ എഴ് മണിയോടെയായിരുന്നു സംഭവം. ഫിലോമിനയാണ് ഭാര്യ. ജോഫീന, ഫിൽജോ എന്നിവർ മക്കളും പ്രിനു മരുമകനുമാണ്.
സഹോദരിയുടെ വിവാഹവും വീട് പണിയുമായും ബന്ധപ്പെട്ട് നേരത്തെ കരുവന്നൂർ ബാങ്കിൽ നിന്ന് നാല് ലക്ഷത്തോളം രൂപ പിതാവ് വായ്പ എടുത്തിരുന്നുവെന്നും കോവിഡ് സാഹചര്യത്തിൽ കൽപണിക്കാരനായ പിതാവിൻ്റെ വരുമാനം നിലച്ചത് കൊണ്ട് തിരിച്ചടവ് മുടങ്ങിയിരുന്നുവെന്നും ലോൺ തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ബാങ്കിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ടിരുന്നുവെന്നും മകൻ പറഞ്ഞു. വേറെ വിഷമങ്ങൾ ഒന്നും പിതാവിന് ഉണ്ടായിരുന്നില്ലെന്നും മകൻ ഫിൽജോ പറഞ്ഞു. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
ബാങ്കിലെ ജീവനക്കാർ ചേർന്ന് നാലു കോടിയോളം രൂപ തിരിമറി നടത്തിയ സംഭവത്തിൽ അന്വേഷണം നടക്കുന്നതേയുള്ളു. ഇവർ തട്ടിയെടുത്ത പണം ഇതേവരെ കണ്ടെത്തുകയോ ബാങ്കിലേക്ക് അടയ്ക്കുകയോ ചെയ്തിട്ടില്ല. വമ്പൻമാരെ വെറുതേ വിട്ട് സാധാരണ ഇടപാടുകാരെ ദ്രോഹിക്കുകയാണു ബാങ്ക് അധികൃതർ ചെയ്യുന്നതെന്ന് കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു. ഒരു മാസം മുന്ർപും ഇവിടെ ഒരു വായ്പക്കാരന് ജീവനൊടുക്കിയിരുന്നു.

Related posts

Leave a Comment