കോഴിക്കോട്ട് വീടിന്റെ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു

കോഴിക്കോട്: പെരുമണ്ണ കൊളാത്തൊടി മേത്തലിൽ വീടിന്റെ മതിൽ പണിക്കിടെ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. മൂന്നു പേരെ രക്ഷപ്പെടുത്തി. പാലാഴി സ്വദേശി ബൈജു(48) ആണ് മരിച്ചത്. മറ്റ് മൂന്ന് പേരെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രയിലാക്കി. മഴയെ തുടർന്ന് സുരക്ഷയ്ക്കായി മൂന്ന് വീടുകളോട് ചേർന്ന മതിലാണ് കെട്ടിക്കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസമാണ് ഇതിന്റെ പണി തുടങ്ങിയത്. മണ്ണിടിച്ചിൽ ഭയന്ന് അടിഭാഗം കമ്പിയിട്ട് ഉയർത്തി ക്കെട്ടാൻ ശ്രമം നടത്തുകയായിരുന്നു. ഇതിനായി മണ്ണ് നീക്കിത്തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെ താഴെ നിന്ന് ജോലി ചെയ്യുന്നവരുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.മതിൽ കെട്ടുന്ന സ്ഥലത്ത് പൈപ്പിന് പൊട്ടലുണ്ടായിരുന്നതിനെ തുടർന്ന് വെള്ളം ഉള്ളിലേക്ക് ഇറങ്ങിയിരുന്നു. ഇങ്ങനെ മണ്ണ് കുതിർന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉൾപ്രദേശമായതിനാൽ രക്ഷാപ്രവർത്തനം വൈകി. ഒരു മണിക്കൂറോളം അപകടത്തിൽപ്പെട്ട് ബൈജു മണ്ണിനടിയിൽ കുടുങ്ങിക്കിടന്നു. നാട്ടുകാരും പ്രദേശവാസികളുമെത്തിയാണ് ആദ്യം മണ്ണ് മാറ്റിയത്. പിന്നീട് ഫയർഫോഴ്സും സ്ഥലത്തെത്തി.

Related posts

Leave a Comment