തിരുവോണനാളിൽ നടുറോഡിൽ പൂക്കളമിട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം

വൈപ്പിൻ : തകർന്നു കിടക്കുന്ന നെടുങ്ങാട് – നായരമ്പലം റോഡ് നിർമ്മാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നായരമ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവോണ ദിനത്തിൽ തകർന്ന റോഡിൽ പൂക്കളമിട്ട് പ്രതിഷേധിച്ചു. നെടുങ്ങാട് പള്ളിപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട നിർമ്മാണ സാമഗ്രഹികളുമായുള്ള ഭാരവാഹനങ്ങൾ നിരന്തരം സഞ്ചരിച്ചതുമൂലമായിട്ടാണ് റോഡ് തകർന്നത്. പാലം നിർമ്മാണം അഞ്ച് വർഷമെടുത്ത് പൂർത്തിയാക്കിയെങ്കിലും തകർന്ന റോഡിൽ ഒന്നും ചെയ്തിരുന്നില്ല. ഇപ്പോഴത്തെ അവസ്ഥയിലെത്തിയിട്ട് ഏകദേശം രണ്ട് വർഷത്തോളമായി. മുൻ എം.എൽ.എ. എസ് ശർമ്മ രണ്ട് വർഷമായി പലപ്പോഴായി പല വേദികളിലും ഈ റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. പാലം പണിയുടെ ബാലൻസ് ഫണ്ട് ഉപയോഗിച്ച് നെടുങ്ങാട് മുതൽ നായരമ്പലം വരെ ബി.എം.ബി.സി. നിലവാരത്തിൽ റോഡ് പുനർ നിർമ്മിക്കമെന്നും പറഞ്ഞിരുന്നു. എന്നാൽ അങ്ങനെയൊരു ഫണ്ട് ഇല്ലെന്നായിരുന്നു പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞത്. പിന്നീട് എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് റോഡ് പുനർ നിർമ്മിക്കുമെന്ന് ബോർഡ് വെക്കുകയാണുണ്ടായത്. ഇതിനിടെ തിരക്കിട്ട് നിയമസഭാ ഇലക്ഷനു തൊട്ട് മുൻപ് പാലം ഉദ്ഘാടനം ചെയ്യുകയും നെടുങ്ങാട് ജംഗ്ഷൻ മുതൽ പാലം വരെയും പാലത്തിന് ശേഷം നൂറ് മീറ്റർ ദൂരത്തിലും മടവേസ്റ്റ് ഉപയോഗിച്ച് റോഡ് ഉയർത്തുകയുമാണുണ്ടായത്. പക്ഷേ പിന്നീട് റോഡ് നിർമ്മാണം പൂർത്തീകരിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കോൺട്രാക്ടറോഡും ഉദ്യോഗസ്ഥരോടും അന്വേഷിച്ചപ്പോൾ റോഡ് പണി ഉടൻ തുടങ്ങില്ല എന്ന ധിക്കാരപരമായ മറുപടിയാണ് ലഭിച്ചത്. ഇപ്പോഴത്തെ എം.എൽ.എ. കെ.എൻ ഉണ്ണികൃഷ്ണനും ഇക്കാര്യത്തിൽ കടുത്ത അലംഭാവമാണ് പുലർത്തുന്നത്. ഈ അവസരത്തിലാണ് യൂത്ത് കോൺഗ്രസ് സമര പരമ്പരകൾ തുടങ്ങുന്നതിന്റെ ഭാഗമായി തിരുവോണ നാളിൽ തകർന്ന റോഡിൽ പൂക്കളമിട്ട് പ്രതിഷേധിച്ചത്.

യൂത്ത് കോൺഗ്രസ് നായരമ്പലം മണ്ഡലം പ്രസിഡന്റ് ലിയോ കുഞ്ഞച്ചൻ അദ്ധ്യക്ഷനായിരുന്ന പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ദീപക് ജോയ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് (ഐ) നായരമ്പലം മണ്ഡലം പ്രസിഡന്റ് അഡ്വ. പി.ജെ. ജസ്റ്റിൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഗസ്റ്റിൻ മണ്ടോത്ത്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിഷ്ണു പ്രദീപ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ സഹദ് സമൻ, ജോഹൻ പരപ്പൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ എസ്.ഡി. ജോഷി, ആന്റണി വട്ടത്തറ, സുനീവ് പുളിക്കൽ, 4-ാംവാർഡ് പ്രസിഡന്റ് ഡിക്സൻ ജോർജ്, 3-ാം വാർഡ് പ്രസിഡന്റ് റോയ് മാളിയേക്കൽ, പഞ്ചായത്തംഗം അഭിലാഷ് പള്ളത്തുപടി, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ജെയ്സൻ പോളി, അശ്വിൻ വേണു, വിപിൻ സാബു, റെൻസൻ പി.ടി., ഗോകുൽ, ജ്യോതിഷ്, കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment