ഓണത്തിനും ഓട്ടോ മൊബൈൽസിൽ ശമ്പളമില്ല

തിരുവന്തപുരം : ഓണത്തിനും കേരളാ ഓട്ടോ മൊബൈൽസിലെ തൊഴിലാളികൾക്ക് ശമ്പളമില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കഴിഞ്ഞ അഞ്ചുമാസമായി ഇവിടെ ശമ്പളം നൽകിയിട്ടില്ല. ജീവനക്കാരുടെ പിഎഫ് അടയ്ക്കാത്തതിനാൽ വിരമിച്ചവർക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. പത്തിലധികം ഡീലര്‍മാര്‍ തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേ വാഹനങ്ങൾ വാങ്ങുന്നുള്ളൂവെന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
നൂറിലധികം തൊഴിലാളികളാണ് ശമ്പളത്തിന് വേണ്ടി മാനേജ്മെന്റിന്റെ പിന്നാലെ നടക്കുന്നത്. ശമ്പളവും ആനുകൂല്യവും ഉടൻ നൽകാമെന്ന വാഗ്ദാനമല്ലാതെ പ്രായോഗിക സമീപനമില്ലെന്നാണ് തൊഴിലാളികളുടെ പരാതി. ഇനിയും ശമ്പളം കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ് തൊഴിലാളികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ ഭീഷണി മുഴക്കി ഇന്നലെ ഓഫീസിലെത്തിയ ചില തൊഴിലാളികളെ പൊലീസ് എത്തി സമാധാനിപ്പിച്ച് വീട്ടിലേക്ക് അയച്ചു. ഇതിനിടെ, തൊഴിലാളികൾ നിരവധി നിവേദനങ്ങൾ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നൽകി. പക്ഷെ, അതിലൊന്നും കാര്യമായ ഇടപെടലുകൾ ഉണ്ടായില്ല. പ്രോവിഡന്റ് ഫണ്ടിൽ ജീവനക്കാരുടെ വിഹിതം അടക്കാതായിട്ട് വര്‍ഷങ്ങളായി. അതിനാൽ അതുവഴിയുള്ള ഒരാനൂകൂല്യവും ജീവനക്കാർക്ക് ഇതുവരെ കിട്ടിയില്ല. വിരമിച്ചവരില്‍ പലരും ഹൈക്കോടതിയെ വരെ സമീപിച്ച് അനുകൂല വിധി നേടി. എന്നിട്ടും പണം മാത്രം കിട്ടുന്നില്ല. ശമ്പളവും വിരമിച്ചവരുടെ ആനുകൂല്യവും മുമ്പും മുടങ്ങിയിട്ടുണ്ടെന്നും എത്രയും വേഗം കൊടുത്ത് തീര്‍ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് കെഎഎല്‍ മാനേജിങ് ഡയറക്ടറുടെ വിശദീകരണം.

Related posts

Leave a Comment