ഓണക്കിറ്റിൽ തട്ടിപ്പ് ഇല്ല; സുതാര്യമാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സർക്കാർ നൽകുന്ന ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും അളവിനെക്കുറിച്ചും നേരത്തെ ആക്ഷേപം ഉണ്ടായ സ്ഥിതിക്ക് ഇക്കുറി ഓണത്തിന് നൽകുന്ന കിറ്റിനെക്കുറിച്ച് ആ പരാതി ഉണ്ടാവില്ലെന്ന് ഭക്ഷ്യമന്ത്രിയുടെ ഉറപ്പ്. ഉത്പന്നങ്ങളുടെ ഗുണനിലവാരവും അളവും കർശനമായി ഉറപ്പാക്കിയാകും ഓണം സ്‌പെഷ്യൽ കിറ്റ് വിതരണം ചെയ്യുകയെന്നു മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. റേഷൻ കടകൾവഴി നൽകുന്ന മുഴുവൻ ഭക്ഷ്യവസ്തുക്കളുടേയും ഗുണനിവാരം ഉറപ്പാക്കാനുള്ള കർശന നടപടി വകുപ്പ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഓണം സ്‌പെഷ്യൽ ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുക എന്നതാണു ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ലക്ഷ്യം. വിലക്കുറവെന്നുകണ്ടു മോശപ്പെട്ട ഉത്പന്നം വിതരണത്തിനെത്തിക്കുക എന്നത് ഒരിക്കലും അംഗീകരിക്കില്ല. ഓണം സ്‌പെഷ്യൽ കിറ്റിലേക്കുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ ഗുണനിലവാരം കർശനമായി ഉറപ്പാക്കിയാണു ടെൻഡർ നടപടി പൂർത്തിയാക്കിയത്. കിറ്റിലുള്ള എല്ലാ സാധനങ്ങളുടേയും കൃത്യമായ അളവും തൂക്കവും വ്യക്തമാക്കുന്ന പോസ്റ്റർ റേഷൻകടകൾക്കു മുന്നിൽ പതിക്കും. ഇതുവഴി കിറ്റിലുള്ള ഓരോ ഉത്പന്നത്തിന്റേയും അളവും ഗുണനിലവാരവും ഉപഭോക്താവിന് ഉറപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. 

Related posts

Leave a Comment