Kerala
ജനക്കൂട്ടത്തെ ഇന്ധനമാക്കിയ ഉമ്മൻ ചാണ്ടി; വി.ഡി. സതീശൻ

തിരുവനന്തപുരം: ജനക്കൂട്ടമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ലുകളും മുള്ളുകളുമുള്ള പാതയിലൂടെ സഞ്ചരിച്ച് നിശ്ചയദാർഢ്യത്തോടെ സാധാരണക്കാരുടെ ഹൃദയത്തിലേക്ക് നടന്ന വ്യത്യസ്തനായ നേതാവായിരുന്നു അദ്ദേഹം. മറ്റുള്ളവരോട് കാട്ടിയ സ്‌നേഹവും സഹതാപവും ചേർത്ത് നിർത്തലുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതകൾ. ചെറിയ ചെറിയ സങ്കടങ്ങളുമായി വരുന്ന മനുഷ്യരെ പോലും നിരാശപ്പെടുത്താതെ അവരുടെ സങ്കടങ്ങളിൽ പങ്കാളിയായി പ്രശ്‌നപരിഹാരമുണ്ടാക്കാനുള്ള തീഷ്ണമായ പ്രയത്‌നമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ. ശ്രദ്ധയിൽപ്പെടുന്ന പ്രശ്‌നങ്ങൾക്കൊക്കെ ശാശ്വത പരിഹാരമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ അദ്ദേഹം എന്നും നടത്തിയിരുന്നു. കേരളത്തിൽ ഇത്രമാത്രം സംസ്ഥാനത്തുടനീളെ സഞ്ചരിച്ച മറ്റൊരു രാഷ്ട്രീയ നേതാവുണ്ടാകില്ല. രാഷ്ട്രീയ, പൊതു പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷണം പോലും ഉപേക്ഷിച്ച നേതാവും വേറെയുണ്ടാകില്ല. ഭക്ഷണവും ഉറക്കവും മറന്ന് അദ്ദേഹം ആൾക്കൂട്ടത്തിനിടയിലൂടെ സഞ്ചരിച്ചു. ആൾക്കൂട്ടത്തിൽ ലയിച്ച് ചേരാറുള്ള ഉമ്മൻ ചാണ്ടി മരണ ശേഷം ആൾക്കൂട്ടത്തിന്റെ ഹൃദയത്തിലേക്കാണ് അലിഞ്ഞ് ചേർന്നത്. കേരളം അദ്ദേഹത്തെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്നാണ് നാം കണ്ടത്. അദ്ദേഹം നൽകിയ സ്‌നേഹം നൂറിരട്ടിയായാണ് കേരളത്തിലെ ജനങ്ങൾ മടക്കി നൽകിയത്.
ഭരണാധികാരിയായി ഇരിക്കുമ്പോഴും ഏറ്റവും സാധാരണക്കാർക്കിടയിൽ ജീവിക്കാൻ ആഗ്രഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഭരണാധികാരിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിജയവും അതുതന്നെയായിരുന്നു. സാധാരണക്കാരെ മറക്കാതെ, അവർക്കൊപ്പം നടന്ന്, അവർക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ… ജനസമ്പർക്ക പരിപാടി കഴിഞ്ഞതിന് ശേഷം സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന നിരവധി സങ്കീർണങ്ങളായ പ്രശ്‌നങ്ങൾ, നിയമപരമായ തടസങ്ങൾ, എത്ര കാലം സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയാലും തീരാത്ത ദുരിതങ്ങൾ ഇതെല്ലാം മനസിൽ കുറിച്ചുവച്ച അദ്ദേഹം മുഖ്യമന്ത്രിയെന്ന നിലയിൽ പരിഹാരമുണ്ടാക്കാൻ നിരവധി ഉത്തരവുകളിറക്കി. ജനസമ്പർക്ക പരിപാടിയിൽ നൽകിയ സഹായങ്ങളെക്കാൾ ഇതാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയതെന്നാണ് ഞാൻ കരുതുന്നത്.
ഏത് വിഷയത്തിലും അദ്ദേഹം ശ്രദ്ധയോടെ ഇടപെട്ടിരുന്നു. നാട്ടിൽ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് രോഗികളാണെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് കാരുണ്യ പദ്ധതിയും കാരുണ്യ ഫാർമസിയും കോക്ലിയാർ ഇംപ്ലാന്റേഷനും ഹീമോഫീലിയ രോഗികൾക്ക് ജീവിതകാലം മുഴുവൻ സൗജന്യമായി മരുന്ന് നൽകാനുള്ള പദ്ധതിയും കൊണ്ടുവന്നത്. സാധാരണക്കാരനെ ബാധിക്കുന്ന ഏത് പ്രശ്‌നം തന്റെ മുന്നിൽ വന്നാലും നിയമ തടസങ്ങൾ മറികടന്ന് തീരുമാനമെടുക്കുകയും നടപ്പാക്കുകയും ചെയ്തിരുന്നുവെന്നതാണ് ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.
കേരളത്തിലെ ജനങ്ങൾക്കിടയിൽ അദ്ദേഹം നിറഞ്ഞ് നിൽക്കുകയായിരുന്നു. ഒരേ നിയമസഭാ മണ്ഡലത്തിൽ നിന്നും തുടർച്ചയായി 53 വർഷവും വിജയിച്ച് നിയമസഭയിൽ ഇരിക്കാൻ കഴിഞ്ഞ നേതാവാണ് അദ്ദേഹം. പുതുപ്പള്ളിയിലെ ജനങ്ങളെ ഹൃദയത്തിലേറ്റ് കേരളം മുഴുവൻ സഞ്ചരിച്ച അദ്ദേഹം എല്ലാ ജനപ്രതിനിധികൾക്കും മാതൃകയാണ്. ജനങ്ങളോട് എങ്ങനെ പെരുമാറണം, അവരെ എങ്ങനെ ചേർത്ത് നിർത്തണം, പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കണം എന്നതിനൊക്കെ മാതൃകയാണ് അദ്ദേഹം.
അചഞ്ചലമായ ദൈവവിശ്വാസത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ടാണ് അദ്ദഹം ജീവിച്ചത്. സദ്പ്രവർത്തികൾ ചെയ്യുകയും സ്‌നേഹഭാഷണം നടത്തുകയും ചെയ്തിരുന്ന അദ്ദേഹം പീഡാനുഭവങ്ങളിലൂടെയും കടന്നു പോയി. ക്രിസ്തുവിനെ ക്രൂശിച്ച ശേഷം പടയാളികളുടെ ശതാധിപൻ ഇങ്ങനെ പറഞ്ഞു; Certainly this was a righteous man ; വാസ്തവത്തിൽ അദ്ദേഹം ഒരു നീതിമാനായിരുന്നു… ആ നീതിമാൻ ഉയർത്തെഴുന്നേൽക്കുന്നത് ജനങ്ങളുടെ ഹൃദയത്തിലായിരിക്കുമെന്നാണ് ഈ കാലം നമ്മോട് പറയുന്നത്. ജനങ്ങളുടെ ഹൃദയത്തിൽ ആർക്കും മായ്ച്ച് കളയാനാകാത്ത വിധം ഉമ്മൻ ചാണ്ടി എന്നും ജീവിച്ചിരിക്കുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ ഊഷ്മളമായ ഓർമ്മകൾക്ക് മുന്നിൽ ആദരവ് അർപ്പിക്കുന്നു.
വക്കം പുരുഷോത്തമൻ വ്യത്യസ്തയുടെ രാഷ്‌ട്രീയ ശൈലി
വ്യത്യസ്തമായ ശൈലി കൊണ്ടും ഭരണരീതി കൊണ്ടും ശ്രദ്ധേയനായ ആളായിരുന്നു വക്കം പുരുഷോത്തമൻ. 2001-ൽ ആദ്യമായി ഞാൻ നിയമസഭയിൽ എത്തുമ്പോൾ സ്പീക്കറായിരുന്നു അദ്ദേഹം. കാർക്കശ്യം നിറഞ്ഞ സ്പീക്കറായിരുന്നു. ഒന്നര മണിക്ക് നിയമസഭ അവസാനിപ്പിക്കുമെന്ന നിശ്ചയദാർഢ്യമുണ്ടായിരുന്നു സ്പീക്കറായിരുന്നു അദ്ദേഹം. ഏറ്റവും സീനിയറായ അംഗങ്ങളുടെ പ്രസംഗം പോലും സമയത്തിനുള്ളിൽ അവസാനിപ്പിക്കാൻ നിർബന്ധിച്ച സ്പീക്കറായിരുന്നു അദ്ദേഹം. ഏറ്റവും പിന്നിലുണ്ടായിരുന്ന ഞങ്ങൾക്കൊക്കെ അദ്ദഹം ഒരുപാട് അവസരങ്ങൾ നൽകിയിട്ടുണ്ട്. സമയത്ത് അവസാനിപ്പിക്കുമ്പോഴും നന്നായി പ്രംഗിക്കുമ്പോഴും ചേംബറിലേക്ക് വിളിച്ചു വരുത്തി അദ്ദേഹം അഭിനന്ദിച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ പ്രധാനപ്പെട്ട കാര്യങ്ങൾ പറയാൻ ഞങ്ങളെയെല്ലാം ശീലിപ്പിച്ചത് അദ്ദേഹത്തിന്റെ കാർക്കശ്യം നിറഞ്ഞ നിലപാടായിരുന്നു.
5 തവണ എം.എൽ.എയും 2 തവണ എം.പിയായും 2 തവണ ഗവർണറായും 2 തവണ സ്പീക്കറായും ജനപ്രതിനിധിയെന്ന നിലയിൽ ലോങ് ഇന്നിങ്‌സ് പൂർത്തിയാക്കിയ വ്യക്തിയാണ്. കാര്യങ്ങൾ കൃത്യമായി പഠിക്കുകയും ഉദ്യോഗസ്ഥരോട് ആരോഗ്യകരമായ സംവാദങ്ങൾ നടത്തുകയും എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ ഏതറ്റം വരെയും പോകുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളിൽ അദ്ദേഹം നിരവധി തീരുമാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന കാലത്താണ് അദ്ദേഹം ധനമന്ത്രിയായത്. ധന, ആരോഗ്യ, കൃഷി മന്ത്രിയെന്ന നിലകളിൽ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മികച്ച ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരവ് അർപ്പിക്കുന്നു.
Kerala
സമാശ്വാസ തൊഴിൽദാന പദ്ധതിയല്ല, ഇത് തൊഴിൽ അപഹരണ പദ്ധതി; ചവറ ജയകുമാർ

തിരുവനന്തപുരം: സമാശ്വാസ തൊഴിൽദാന പദ്ധതി എന്ന പേരിൽ സർക്കാർ ആശ്രിത നിയമനം അട്ടിമറിക്കുകയാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആരോപിച്ചു. എൻ.ജി.ഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന ആശ്രിത നിയമന ചട്ടങ്ങളെ മാറ്റി ഭൂരിപക്ഷത്തിനും തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുംവിധമാണ് പുതിയ നയമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആശ്രിതർക്കായി നിയമനം നൽകുന്നതിനുള്ള പ്രായപരിധിയായി 13 വയസ്സാണ് നിശ്ചയിച്ചിരിക്കുന്നത് എന്നതൊരു വലിയ അനീതിയാണെന്നും, ഈ നയത്തിലൂടെ 13 വയസ്സിന് താഴെയുള്ള ആശ്രിതർക്ക് ജോലി നിഷേധിക്കുന്നതിൽ യുക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടകരമായ ജോലിക്കിടെ ഒരു ക്ലാസ് ഫോർ ജീവനക്കാരൻ മരണപ്പെടുമ്പോൾ, അവന്റെ ആശ്രിതർ 13 വയസ്സിൽ താഴെയാണ് എന്ന കാരണം പറഞ്ഞ് ജോലി നിഷേധിക്കുന്നത് മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, സർക്കാർ തൊഴിൽ നൽകുന്നതിനുള്ള കുടുംബവരുമാന പരിധിയും വർഷങ്ങളായി പരിഷ്കരിച്ചിട്ടില്ല. ക്ലർക്ക് തസ്തികയിൽ 15 വർഷത്തിലധികം സേവനം അനുഷ്ഠിച്ച ഉദ്യോഗസ്ഥൻ മരണപ്പെട്ടാൽ ആശ്രിതർക്ക് നിയമനം ലഭിക്കില്ലെന്ന വ്യവസ്ഥ ജീവനക്കാരോടുള്ള അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാർ ഭരിച്ചപ്പോൾ മുടങ്ങിയ ആശ്രിത നിയമനങ്ങൾ പൂർണമായി നടപ്പാക്കിയിരുന്നു. അകാലമരണം സംഭവിച്ച ജീവനക്കാരന്റെ കുടുംബത്തിന് ആശ്രിതർക്ക് ജോലി ലഭിക്കുന്നതുവരെ ശമ്പളം നൽകാമെന്ന തീരുമാനവും അന്നത്തെ സർക്കാർ കൈക്കൊണ്ടിരുന്നു. എന്നാൽ, പിന്നീട് അധികാരത്തിലേക്കെത്തിയ പിണറായി സർക്കാർ ഈ ആനുകൂല്യം 30% ആയി വെട്ടിക്കുറച്ചുവെന്ന് ജയകുമാർ കുറ്റപ്പെടുത്തി. ഇപ്പോൾ ആശ്രിത നിയമനത്തെയും അട്ടിമറിച്ചിരിക്കുന്ന ഈ തീരുമാനം സർക്കാർ തിരുത്തണമെന്ന് എൻ.ജി.ഒ അസോസിയേഷന്റെ ആവശ്യപ്പെട്ടു.
ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടതാണെന്നും, അതിന് തയ്യാറാകാത്ത പക്ഷം സന്ധിയില്ലാത്ത സമരത്തിന് എൻ.ജി.ഒ അസോസിയേഷൻ മുന്നിട്ടിറങ്ങുമെന്നും ചവറ ജയകുമാർ മുന്നറിയിപ്പ് നൽകി. ആർ.എസ്. പ്രശാന്ത് കുമാർ, വി.എസ്. രാഘേഷ്, മൊബിഷ് പി. തോമസ്, ഷിബുകുമാർ, കെ. രാജീവ്, ഷൈജി ഷൈൻ, എൻ.പി. അനിൽകുമാർ, നിതീഷ് കാന്ത്, ബി.എസ്. ഷൈൻ കുമാർ, എൻ.ആർ. ഷിബി, എസ്.പി. അഖിൽ, ലിജു എബ്രഹാം, എസ്. ശരത്, എൻ.വി. വിപ്രേഷ് കുമാർ, ശ്രീകാന്ത്, അനൂജ് രാമചന്ദ്രൻ, ബാലു പവിത്രൻ, ഷിബു പനയ്ക്കോട് എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
Featured
സി.ആർ രാമചന്ദ്രൻ
പുരസ്കാരം
ഡോ. ശൂരനാട് രാജശേഖരന്

കൊല്ലം: മുതിർന്ന മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ, സീനിയർ ജേണലിസ്റ്റ് ഫോറം എന്നിവയുടെ സംസ്ഥാന പ്രസിഡന്റുമായിരുന്ന സി.ആർ. രാമചന്ദ്രന്റെ സ്മരണയ്ക്ക് സി.ആർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ അവാർഡ് വീക്ഷണം മാനേജിങ് എഡിറ്റർ ഡോ. ശൂരനാട് രാജശേഖരന്. അരനൂറ്റാണ്ട് കാലത്തെ സുദീർഘമായ പത്രപ്രവർത്തന പാരമ്പര്യം, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ്, കോളമിസ്റ്റ്, ഒരു ഡസണോളം കൃതികളുടെ കർത്താവ് എന്നിവയിലെ മികവ് മുൻനിർത്തിയാണ് ഡോ. രാജശേഖരന് അവാർഡ് നൽകുന്നതെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് എസ്. സുധീശൻ, സെക്രട്ടറി കെ. സുന്ദരേശൻ, ട്രഷറർ ഡി. വേണുഗോപാൽ എന്നിവർ അറിയിച്ചു.
പത്രപ്രവർത്തനത്തിനു പുറമേ രാഷ്ട്രീയ തലത്തിലും മികവും കഴിവും തെളിയിച്ചിട്ടുള്ളയാളാണ് രാജശേഖരൻ. കേരള വിദ്യാർഥി യൂണിയനിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം പിന്നീട് ഡിസിസി പ്രസിഡന്റ്, കെപിസിസി വൈസ് പ്രസിഡന്റ്, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, എൽഐസി ഡയറക്റ്റർ ബോർഡ് അംഗം തുടങ്ങിയ നിലകളിലും തിളങ്ങി. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമാണ്. കൊല്ലത്തു നിന്ന് ലോക്സഭയിലേക്കും ചത്തന്നൂരിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്.
സി.ആർ രാമചന്ദ്രന്റെ ഏഴാം ചരമവാർഷിക ദിനമായ ഏപ്രിൽ 23നു രാവിലെ 10.30 ന് കൊല്ലം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പുരസ്കാരം സമ്മാനിക്കും. ‘വാർത്തകളുടെ നേരും നേരുകേടും’ എന്ന വിഷയത്തെ ആസ്പദമാക്കി എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും.
Featured
മുണ്ടക്കൈ -ചൂരല്‍മല നിവാസികള്‍ക്ക് വീടുകളൊരുങ്ങുന്നു; മാതൃകാ ടൗണ്‍ഷിപ്പിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായ മുണ്ടക്കൈ -ചൂരല്‍മല നിവാസികള്‍ക്ക് വീടുകളൊരുങ്ങുന്നു. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിർമിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.വലിയൊരു ജീവകാരുണ്യമാണ് ഫലവത്താകുന്നത്. വലിയ സ്രോതസായി പ്രതീക്ഷിച്ചത് കേന്ദ്രസഹായമാണ്. കിട്ടിയത് വായ്പാ രൂപത്തിലുള്ള തീർത്തും അപര്യാപ്തമായ തുകയാണ്. കേന്ദ്ര സഹായത്തിന്‍റെ അഭാവത്തിലും പുനരധിവാസവുമായി നാം മുന്നോട്ട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. അസാധാരണ ദൗത്യം ഏറ്റെടുത്ത് മുന്നേറാൻ നമുക്കുണ്ടായ ധൈര്യം പകർന്നത് നമ്മുടെ നാടിന്‍റെ ഒരുമയും ഐക്യവും മനുഷ്യത്വവുമാണെന്നും അദ്ദേഹം പറഞ്ഞു. ഏഴുസെന്‍റ് സ്ഥലത്ത് ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമിക്കുന്നത്. രണ്ട് ബെഡ്റൂം, ഹാള്‍, അടുക്കള, വരാന്ത, ഡൈനിംഗ്, സ്റ്റോർ ഏരിയ എന്നിങ്ങനെയാണ് നിർമാണം. ഒന്നരയേക്കറില്‍ മാർക്കറ്റ്, ആധുനിക അങ്കണവാടി, പാർക്കിംഗ് ഏരിയാ, ഡിസ്പെൻസറി, കമ്മ്യൂണിറ്റി ഹാള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഓപ്പണ്‍ എയർ തിയറ്റർ, ഫുട്ബോള്‍ മൈതാനം, മാലിന്യസംസ്കരണ സംവിധാനം എന്നിവയും പദ്ധതിയിലുണ്ട്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ കെ.രാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രിയങ്ക ഗാന്ധി എംപി തുടങ്ങിയവർ പങ്കെടുത്തു.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram2 months ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala2 months ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait2 weeks ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login