ഒമിക്രോൺ ആശങ്ക ; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ആശങ്ക പരത്തുന്നതിനിടെ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ.
ഊർജിത നടപടികൾ സ്വീകരിക്കാനും കർശന നിരീക്ഷണം ഏർപ്പെടുത്താനും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.
ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ ”അറ്റ് റിസ്‌ക്” പട്ടികയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട തുടർനടപടികൾക്കു വേണ്ടിയാണിത്.

ഊർജിത നടപടി, സജീവ നിരീക്ഷണം, വാക്സിനേഷൻ കൂടുതൽ പേരിലേക്ക് എത്തിക്കൽ, കോവിഡ് അനുയോജ്യ പെരുമാറ്റം എന്നിവ ഫലപ്രദമായി നടപ്പാക്കേണ്ടത് ആശങ്കയുണർത്തുന്ന ഈ വകഭേദത്തെ കൈകാര്യം ചെയ്യാൻ അനിവാര്യമാണ്- ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

അന്താരാഷ്ട്ര വിമാനങ്ങളിൽ എത്തുന്നവരുടെ യാത്രാവിവരങ്ങൾ ശേഖരിക്കാനുള്ള സംവിധാനം നിലവിലുണ്ട്. അത് സംസ്ഥാനതലത്തിൽ അവലോകനം ചെയ്യാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.

വാക്സിനേഷൻ കൂടുതലാളുകളിലേക്ക് എത്തിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡിന്റെ ജനിതക വ്യതിയാനം വന്ന വൈറസ് വകഭേദം ഒമിക്രോൺ ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണ്.

ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനത്തെ തടയാൻ പരിശോധനയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തണം. ചില സംസ്ഥാനങ്ങളിൽ ആകെ പരിശോധനയും ആർ.ടി.പി.സി.ആർ. പരിശോധനാ അനുപാതവും കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആവശ്യത്തിന് പരിശോധന നടത്താതിരുന്നാൽ രോഗവ്യാപനത്തിന്റെ ശരിയായ തോത് മനസ്സിലാക്കാൻ സാധിക്കാതെ പോകുമെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.

ഹോട്ട് സ്പോട്ടുകൾ അല്ലെങ്കിൽ ഈയടുത്ത് കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തയിടങ്ങളിൽ നിരീക്ഷണം തുടരണം. എല്ലാ പോസിറ്റീവ് സാമ്പിളുകളും ജീനോം സീക്വൻസിങ്ങിനായി അയക്കണമെന്നും നിർദ്ദേശമുണ്ട്.

Related posts

Leave a Comment