ഒമിക്രോൺ പരിശോധനാ ഫലം ഇന്ന്, കൊച്ചിയിലും ആശങ്ക

ന്യൂഡൽഹി: ന്യൂഡൽഹിയിൽ ഒമിക്രോൺ വകഭേദത്തിന്റെ സാന്നധ്യം സംശയിക്കുന്ന സാമ്പിളുകളുടെ ഫലം ഇന്നറിയാം.
വിദേശത്ത് നിന്ന് ഡൽഹിയിലെത്തി കൊവിഡ് സ്ഥിരീകരിച്ച ഒരാളെ ബാധിച്ചത് ഒമിക്രോൺ വകഭേദമാണെന്നാണ് സൂചന. കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങൾക്ക് ജാഗ്രത തുടരാൻ നിർദേശിച്ചു.
കൊവിഡ് കേസുകൾ കൂടുതൽ ഉള്ള കേരളം, മഹാരാഷ്‌ട്ര, കർണാടക, തമിഴ്നാട്, ഒഡിഷ, മിസോറം, ജമ്മു കാശ്മീർ എന്നി സംസ്ഥാനങ്ങൾക്ക് ഇക്കാര്യം ഉന്നയിച്ച് പ്രത്യേക നിർദേശം നൽകി. കൊവിഡ് വ്യാപനം കുറയ്ക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം. കർണാടകയ്ക്ക് പിന്നാലെ ഇന്നലെ ​ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തിൽ 72കാരനും, മഹാരാഷ്ട്രയിൽ 32കാരനുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഒമിക്രോൺ കേസുകളുടെ എണ്ണം നാലായി.
അതിനിടെ, നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്രിട്ടനിൽ നിന്നെത്തിയ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ സാ0പിൾ പരിശോധനയ്ക്ക് അയച്ചു. ഇദ്ദേഹത്തെ അമ്പലമുകൾ സർക്കാർ കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഷ്യൻ സ്വദേശിയാണ്. ഒമിക്രോണിൽ കേന്ദ്ര മാർഗനിർദേശം നടപ്പാക്കുന്നതിന് മുൻപ് കേരളത്തിലെത്തിയവരെ കണ്ടെത്തി മുൻകരുതലെടുക്കുന്നതിൽ വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തി. നവംബർ 29ന് റഷ്യയിൽ നിന്നെത്തിയവരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചിട്ടും കൂടെ യാത്ര ചെയ്തവരെ ഇതുവരെ പൂർണമായും നിരീക്ഷണത്തിലാക്കുന്നത് വൈകി. സംഘത്തിൽ ഏറ്റവും കൂടുതൽ പേർ വിമാനമിറങ്ങിയ എറണാകുളത്താണ് പലരും പരിശോധന പോലുമില്ലാതെ കടന്നുപോയത്. ഇക്കാര്യത്തിൽ യാത്രാസംഘത്തിൽ ഒപ്പമുണ്ടായിരുന്നയാൾ തന്നെ പരാതി നൽകിയെങ്കിലും ഇടപെടലുണ്ടായില്ല. കോവിഡ് പോസിറ്റിവായ ആളുടെ സാംപിൾ ഇന്നലെ മാത്രമാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്.

Related posts

Leave a Comment