ഒമിക്രോൺ 2,630 പേർക്ക്, കേരളം നാലാമത്: ആഭ്യന്തര സെക്രട്ടറി യോ​ഗം വിളിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 2500 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 2630 പേർക്ക് എന്നാണ് ഔദ്യോ​ഗിക കണക്ക്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ലക്ഷത്തോട് അടുക്കുന്ന സാഹചര്യത്തിൽ സ്ഥിതി​ഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി അജയ് ഭല്ല ഇന്നു വൈകുന്നേരം ഉന്നതതല യോ​ഗം വിളിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ കേന്ദ്ര ആരോ​​ഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ഇന്ന് ചീഫ് ഇലക്‌ഷൻ കമ്മിഷനെ സമീപിക്കും.
ഏറ്റവും കടൂതൽ ഒമിക്രോൺ കേസുകളുള്ളത് മഹാരാഷ്‌‌ട്രയിലാണ്. 797 പേർക്ക്. ഡൽഹിയിൽ 463 പേർക്കും രാജസ്ഥാനിൽ 253 പേർക്കും രോ​ഗം ബാധിച്ചു. കേരളം ഈ പട്ടികയിൽ നാലാം സ്ഥാനത്താണ്. സംസ്ഥാനത്ത് 49 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തൃശൂർ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസർഗോഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, വയനാട് ഒന്നു വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുകൂടാതെ ഒരു തമിഴ്‌നാട് സ്വദേശിക്കും ഒരു കോയമ്പത്തൂർ സ്വദേശിക്കും ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതിൽ 32 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 7 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 10 പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. തൃശൂർ 4, കൊല്ലം 3, മലപ്പുറം 2, എറണാകുളം 1 സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.

കൗമാരക്കാരിലെ വാക്സിനേഷൻ നല്ല രീതിയിൽ മുമ്പോട്ട് പോകുന്നുണ്ട്. രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലെന്ന് കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഈ മാസം തന്നെ കൊവിഡ് കേസുകൾ ഏറ്റവുമുയർന്ന നിരക്കിലാകുമെന്നും, രാജ്യത്തെ മെട്രോ നഗരങ്ങളിൽ ആശുപത്രികൾ നിറഞ്ഞു കവിയാൻ സാധ്യതയുണ്ടെന്നും കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ കെ അറോറ വ്യക്തമാക്കി.

Related posts

Leave a Comment