ഒമിക്രോൺ ചില്ലറക്കാരനല്ല ; പുതിയ കോവിഡ് വകഭേദത്തിൽ ആശങ്കയിലായി ലോകം

കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിൽ ആശങ്കയിലായി ലോകം. കൂടുതൽ വ്യാപനശേഷി, കൊവിഡ് നേരത്തെ വന്നവരെ വീണ്ടും ബാധിക്കാനുള്ള സാധ്യത, വാക്സിൻ പ്രതിരോധത്തെ കവച്ചു വെക്കാനുള്ള ശേഷി എന്നിവയാണ് ഒമിക്രോണിനെ അപക‌ടകാരിയാക്കുന്നത്. പുതിയ വകഭേദം എത്രത്തോളം മാരകമാണെന്നത് സംബന്ധിച്ച്‌ വ്യക്തമായ വിവരങ്ങൾ ലഭിക്കാൻ പഠനങ്ങൾ ന‌ടന്നു വരികയാണ്. ​ഒമിക്രോണിന്റെ യഥാർത്ഥ പ്രഹര ശേഷി മനസ്സിലാവാൻ ആഴ്ചകൾ വേണ്ടി വന്നേക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നിലവിലെ കൊവിഡ് വാക്സിനുകളും ചികിത്സകളും പുതിയ വകഭേദത്തെ തടയാൻ പര്യാപ്തമാണോയെന്നും ഇതിനുശേഷം മനസ്സിലാവും.

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറയുന്നത് പ്രകാരം ഒമിക്രോണിലെ പ്രോട്ടീൻ ഘട‌കം നിലവിലെ കൊറോണ വൈറസിൽ നിന്നും വളരെയധികം വ്യത്യസ്തമാണ്. നിലവിലെ കൊറോണ വൈറസിന്റെ ഘട‌നയ്ക്കനുസരിച്ചാണ് പ്രതിരോധ വാക്സിനുകൾ നിർമ്മിച്ചിരിക്കുന്നതും. ഇതാണ് ആശങ്കയുണ്ടാക്കുന്നത്.എന്തായാലും ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ വിവിധ രാജ്യങ്ങൾ അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കയിലാണ് ഒമിക്രോൺ വകഭേദം ആദ്യം റിപ്പോർട്ട് ചെയ്തത്.

സൗത്ത് ആഫ്രിക്കയിൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നുമുള്ള പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളുമായുള്ള അതിർത്തികളടക്കുകയാണെന്ന് കാനഡ അറിയിച്ചു. ഇവി‌ടങ്ങളിൽ നിന്നുള്ള വിമാനയാത്ര വിലക്കിയതായി ബ്രിട്ടനും യൂറോപ്യൻ യൂണിയനും അറിയിച്ചു. നിലവിൽ സൗത്ത് ആഫ്രിക്കക്ക് പുറമെ ബെൽജിയം, ഇസ്രായേൽ, ബൊട്സ്വാന, ഹോങ് കോങ്, എന്നിവടങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.ആഗോള തലത്തിൽ നേരത്തെ വലിയ ഭീഷണി സൃഷ്ടിച്ച ഡെൽറ്റ, ഇതിന്റെ തീവ്രത കുറഞ്ഞ വകഭേദങ്ങളായ ആൽഫ,ബീറ്റ, ഗാമ എന്നിവയേക്കാൾ പതിൻമടങ്ങ് വ്യാപന ശേഷിയുള്ളതാണ് ഒമിക്രോൺ എന്നാണ് ഡബ്ല്യൂഎച്ച്‌ഒ വ്യക്തമാക്കുന്നത്.

Related posts

Leave a Comment