ഒമിക്രോണ്‍: ജാഗ്രതയോടെ നേരിടാം ; വീക്ഷണം എഡിറ്റോറിയൽ


കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തി വ്യാപിക്കുകയാണ്. തീവ്ര വ്യാപനശേഷിയുള്ള ഈ വൈറസ് മൂന്നാഴ്ചക്കുള്ളില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുമെന്ന് കരുതുന്നു. ദക്ഷിണാഫ്രിക്ക, നെതര്‍ലാന്റ്‌സ്, ബോട്‌സ്വാന, ബ്രസീല്‍, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിബാംബ്‌വെ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ ലോകത്താകെയുണ്ടായ കോവിഡ് കേസുകളില്‍ പകുതിയിലധികവും യൂറോപ്പിലും യു കെയിലുമാണ്. ഇത് ഡെല്‍റ്റ വകഭേദം കൊണ്ടാണെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. ഇന്ത്യയില്‍ രണ്ടാം കോവിഡ് തരംഗം ഉണ്ടായതും ഡെല്‍റ്റ വകഭേദം വഴിയായിരുന്നു. പുതിയ വകഭേദം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വിദേശത്ത് നിന്ന് കൂടുതല്‍ ആളുകള്‍ വരികയും പോവുകയും ചെയ്യുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ സജീവ നിരീക്ഷണം നടത്തേണ്ടതായുണ്ട്. ഇതിന്റെ ഭാഗമായി വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഏഴുദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. കാര്യമായ ജനിതകമാറ്റം സംഭവിച്ച വൈറസ് ആണ് ഒമിക്രോണ്‍. അതുകൊണ്ട് ഇതിന്റെ വ്യാപനശേഷിയും പ്രതിരോധം മറികടക്കാനുള്ള കരുത്തും ഏറെയാണ്. രോഗം പിടിപെടാന്‍ സാധ്യതയുള്ളവരെ പ്രത്യേക നിരീക്ഷണത്തിലാക്കുകയാണ് അഭികാമ്യം. യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതുകൊണ്ടൊന്നും വ്യാപനം തടയാനാവില്ല. വൈറസിനെ മനുഷ്യകോശത്തിലെത്തിക്കാന്‍ സഹായിക്കുന്നത് സ്‌പൈക് പ്രോട്ടീനാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതിനെതിരെ ആന്റിബോഡി രൂപപ്പെടുത്തുകയാണ് മിക്ക വാക്‌സിനുകളും ചെയ്യുന്നത്. ഒമിക്രോണിലെ സ്‌പൈക് പ്രോട്ടീനുകളില്‍ മാത്രം മുപ്പത് വകഭേദങ്ങളുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. വിദേശത്ത് നിന്നെത്തുന്നവരെയും ഇന്ത്യയില്‍ പെട്ടെന്ന് രോഗം പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളെയും തീവ്രമായ നിരീക്ഷണത്തിലാക്കേണ്ടത് അത്യാവശ്യമാണ്. ഈയിടെ കോവിഡ് വ്യാപനം ശക്തമായ പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടുകളാക്കി പരിശോധനയും ജനിതക ശ്രേണീകരണവും ഉറപ്പുവരുത്തേണ്ടതായുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പൊതുസമൂഹവും സഹകരിച്ചാല്‍ മാത്രമേ ഇതിന് പൂര്‍ണ ഫലപ്രാപ്തി ഉണ്ടാവുകയുള്ളൂ. ആരോഗ്യ മന്ത്രാലയം നേരത്തെ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച് പ്രതിരോധ രീതി ഉറപ്പാക്കേണ്ടതായുണ്ട്. ചികിത്സാലയങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും എണ്ണം വര്‍ധിപ്പിക്കണം. റിസ്‌ക് വിഭാഗത്തില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ വിമാനത്താവളത്തില്‍ പരിശോധനയും തുടര്‍ നിരീക്ഷണവും നടത്തണം. കോവിഡ് വകഭേദത്തിന് ലക്ഷണങ്ങളില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് ഇതിന്റെ വ്യാപനശേഷി കൂടുതലാണ്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം അടുത്ത ദിവസങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. രോഗത്തിന്റെ അനന്തരഫലത്തെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളാണുള്ളത്. ഗുരുതരമായ രോഗലക്ഷണങ്ങള്‍ കാണില്ലെന്ന കാര്യത്തില്‍ ഏറെപ്പേരും ഒരേ അഭിപ്രായക്കാരാണ്. കഴിഞ്ഞ പത്തുദിവസങ്ങളായി മുപ്പതോളം രോഗികളെ നിരീക്ഷിച്ച ദക്ഷിണാഫ്രിക്കന്‍ വിദഗ്ധന്‍ അഭിപ്രായപ്പെട്ടതും ഇതുതന്നെയാണ്. കോവിഡിന്റെ സാധാരണ ലക്ഷണങ്ങള്‍ മാത്രമാണ് അവരില്‍ കാണാന്‍ സാധിച്ചത്. പലരും ആശുപത്രികളില്‍ പ്രവേശിക്കാതെ വീടുകളില്‍ നിരീക്ഷണം കഴിഞ്ഞ് സുഖംപ്രാപിച്ചു. ഈ രോഗികളില്‍ ഏറെയും നാല്പത് വയസ്സിന് താഴെ പ്രായമുള്ളവരായിരുന്നു. ചെറിയ പേശിവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നിവയായിരുന്നു ഇവരിലെല്ലാം കണ്ടിരുന്നത്. രോഗം ആദ്യം പ്രത്യക്ഷപ്പെട്ട ദക്ഷിണാഫ്രിക്കയിലെ വിദഗ്ധര്‍ കാര്യങ്ങള്‍ ലഘൂകരിച്ച് അവതരിപ്പിക്കുകയാണെന്ന അഭിപ്രായം സ്വീകരിക്കേണ്ടതില്ല. എന്നാല്‍ ലോകമാകെ ഇപ്പോള്‍ പുതിയ വൈറസ് ഭീതി പടര്‍ന്നിരിക്കയാണ്. എത്ര മാരകമാണ് പുതിയ വൈറസ് എന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഈ അവസ്ഥയില്‍ ഇല്ലാത്ത ഭീകരത പരത്തി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കരുത്. വാക്‌സിന്‍ എടുക്കാത്തവരില്‍പോലും രോഗം ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടിപ്പിക്കുന്നത്. എന്നാല്‍ ലോകാരോഗ്യ സംഘടനയും വൈറസിന്റെ പൂര്‍ണ വിവരങ്ങള്‍ കണ്ടെത്തിയിട്ടില്ല. അതിനാല്‍ ഡെല്‍റ്റ വകഭേദത്തേക്കാള്‍ വ്യാപനശേഷി കൂടിയതാണോ മാരകമാണോ എന്ന് കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് രോഗപ്രതിരോധത്തെയും രോഗത്തെയും നിസ്സാരമായി തള്ളി ജാഗ്രതക്കുറവ് വരുത്തുന്നത് അപകടകരമാണ്.

Related posts

Leave a Comment