ഒമിക്രോൺ ; വിദേശജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ യുവതി ജീവനൊടുക്കി

മണിമല: പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ വ്യാപനം മൂലം വിമാനസർവീസുകൾ നിർത്തലാക്കുന്നതോടെ വിദേശ ജോലിക്കു പോകാൻ വൈകിയേക്കുമെന്ന വിഷമത്തിൽ യുവതി ആത്മഹത്യചെയ്തു.വാഴൂർ ഈസ്‌റ്റ്‌ ആനകുത്തിയിൽ നിമ്മി പ്രകാശ്‌ (27) ആണു മരിച്ചത്‌. ഞായറാഴ്‌ച രാത്രി ഒമ്പതോടെ മണിമല വള്ളംചിറയിലെ ഭർതൃഗൃഹത്തിലെ ബെഡ്‌റൂമിലാണു യുവതി തൂങ്ങിമരിച്ചത്‌.
കർണാടകയിൽ നഴ്‌സായിരുന്ന നിമ്മി സ്വീഡനിൽ ജോലി ശരിയായതോടെ രണ്ടുമാസം മുമ്പാണു മണിമലയിലെ വീട്ടിലെത്തിയത്‌. കോവിഡ്‌ മൂലം വിദേശജോലി നഷ്‌ടപ്പെട്ട ഭർത്താവ്‌ റോഷൻ പാലായിലെ സ്വകാര്യസ്‌ഥാപനത്തിൽ ജോലി ചെയ്യുകയാണ്‌. രണ്ടു വർഷം മുമ്പായിരുന്നു വിവാഹം. കുടുംബപ്രശ്‌നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നെന്ന്‌ ഇവരുമായി അടുപ്പമുള്ളവർ വ്യക്‌തമാക്കി.
ഞായറാഴ്‌ച ഇരുവരും വള്ളംചിറയിലെ ഇടവകപ്പള്ളിയിൽ പോയിരുന്നു. തിരികെ വീട്ടിലെത്തി റോഷന്റെ മാതാപിതാക്കളുമൊരുമിച്ചു ഭക്ഷണം കഴിച്ചതിനു ശേഷം നിമ്മി മുറിയിലേക്കു പോയി. കുറേക്കഴിഞ്ഞ്‌ റോഷൻ ചെല്ലുമ്പോൾ ബെഡ്‌റൂമിന്റെ കതക്‌ ഉള്ളിൽനിന്നു പൂട്ടിയിരുന്നു. വിളിച്ചിട്ടും തുറക്കാതായതോടെ കതക്‌ വെട്ടിപ്പൊളിച്ചപ്പോൾ നിമ്മിയെ ഷാളിൽ കുരുക്കുണ്ടാക്കി തൂങ്ങിയ നിലയിലാണു കണ്ടത്‌. ഷാൾ മുറിച്ചുമാറ്റി മണിമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം സ്വന്തം വീടായ വാഴൂർ ഈസ്‌റ്റ്‌ ആനകുത്തിയിലേക്കു കൊണ്ടുപോയി. സംസ്‌കാരംനാളെ 11-ന്‌ വാഴൂർ ചെങ്കൽ തിരുഹൃദയ പള്ളിയിൽ.

Related posts

Leave a Comment