വിദേശികൾക്ക് നിയന്ത്രണമേർപ്പെടുത്തിയെങ്കിലും ജപ്പാനിലും ഒമിക്രോൺ സ്ഥിരീകരിച്ചു

ടോക്കിയോ: വിദേശികൾക്ക് നിയന്ത്രണമേർപ്പെടുത്തി ഒരു ദിവസത്തിനകം ജപ്പാനിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. നമീബിയയിൽ നിന്ന് വന്നയാൾ കൊവിഡ് പോസ്റ്റീവായതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ വകഭേദമാണെന്ന് കണ്ടെത്തിയത്. 30കാരനായ ഇയാളെ മെഡിക്കൽ സംഘത്തിന് കീഴിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ജപ്പാനിൽ അതിർത്തി കടന്നുള്ള യാത്രകൾക്കും മറ്റും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വിദേശികൾക്കും ജപ്പാനിലേയ്ക്ക് കടക്കുന്നതിൽ പൂർണമായി നിരോധനമുണ്ടായിരുന്നു.
ഏതാനും ആഴ്ചകളായി കോവിഡ് സമയത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി പഴയ സ്ഥിതിയിലേയ്ക്ക് നീങ്ങുകയായിരുന്നു ജപ്പാൻ. ഇതിനിടെയാണ് വീണ്ടും അടച്ചിടലുകൾ പ്രഖ്യാപിച്ചത്.
വാക്സിനേഷൻ നിരക്ക് തുടക്കത്തിൽ കുറവായിരുന്നെങ്കിലും നിലവിൽ ജനസംഖ്യയുടെ 77 ശതമാനവും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങളിലേയ്ക്ക് ജപ്പാൻ കടക്കുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. ഒമിക്രോൺ ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി സ്ഥിരീകരിച്ചത്. ബ്രിട്ടൺ, ജർമനി, ബെൽജിയം, ഇറ്റലി, ഇസ്രഈൽ, കാനഡ എന്നിവിടങ്ങളിലും ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

Related posts

Leave a Comment