കർണാടകയിലും മഹാരാഷ്ട്രയിലും ആന്ധ്രയിലും ഛണ്ഡിഗഡിലും ഒമിക്രോൺ സ്ഥിരീകരിച്ചു

ബെഗളൂരു: കർണാടകയിലും മഹാരാഷ്ട്രയിലും ആന്ധ്രയിലും ഛണ്ഡിഗഡിലും ഇന്നലെ ഓരോ ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 34 കാരനാണ് കർണാടകയിൽ ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മൂന്നാമത്തെ ഒമിക്രോൺ കേസാണിത്. ഇയാൾക്ക് 5 പേരുമായി നേരിട്ടും 15 പേരുമായി അല്ലാതെയും സമ്പർക്കം ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. രാജ്യത്ത് ആദ്യമായി ഒമിക്രോൺ കേസ് സ്ഥിരീകരിച്ചതും കർണാടയിലായിരുന്നു. ദക്ഷിണാഫ്രിക്കൻ സ്വദേശിക്കും ഒരു ഡോക്ടർക്കുമാണ് ഇവിടെ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിൽ നാഗ്പൂരിലെ 40 കാരനായ ഒരാൾക്കാണ് ഒമിക്രോൺ ബാധിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം 18 ആയി. ആന്ധ്രാപ്രദേശിൽ അയർലൻഡ് സന്ദർശിച്ച് എത്തിയ 34 കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. നവംബർ 27 നാണ് ഇയാൾ മുംബൈ വഴി വിശാഖപട്ടണം വിമാനത്താവളത്തിൽ എത്തിയത്. കോവിഡില്ലാ സർട്ടിഫിക്കറ്റുമായാണ് ഇയാൾ എത്തിയിരുന്നത്. വിശാഖപട്ടണത്ത് വച്ച് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേക ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. 34 കാരനുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. വിദേശത്ത് നിന്ന് ആന്ധ്രയിലെത്തിയ പതിനഞ്ച് പേരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇറ്റലിയിൽ നിന്ന് ഛണ്ഡിഗഡിലെത്തിയ 20 വയസുകാരനിലാണ് ഒമിക്രോൺ കണ്ടെത്തിയത്. കഴിഞ്ഞ 22 നാണ് ഇയാൾ ഇന്ത്യയിലെത്തിയത്.

Related posts

Leave a Comment