സംസ്ഥാനത്ത് ആകെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 11 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെത്തിയ രണ്ട് പേർക്കും (17), (44), മലപ്പുറത്തെത്തിയ ഒരാൾക്കും (37), തൃശൂർ സ്വദേശിനിയ്ക്കുമാണ് (49) ഒമിക്രോൺ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരൻ യുകെയിൽ നിന്നും 44കാരൻ ട്യുണീഷ്യയിൽ നിന്നും മലപ്പുറം സ്വദേശി ടാൻസാനിയയിൽ നിന്നും തൃശൂർ സ്വദേശിനി കെനിയയിൽ നിന്നുമാണ് എത്തിയത്. കേന്ദ്ര സർക്കാർ മാർഗനിർദേശ പ്രകാരം കെനിയ, ട്യുണീഷ്യ എന്നിവ ഹൈ റിസ്‌ക് രാജ്യത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ ഇവർക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.തിരുവനന്തപുരത്തെ 17 വയസുകാരൻ ഒമ്പതിന് അച്ഛനും അമ്മയും സഹോദരിയ്ക്കും ഒപ്പം യുകെയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതാണ്. ഇതോടൊപ്പം അമ്മൂമ്മയും സമ്പർക്ക പട്ടികയിലുണ്ട്. ഇവരെല്ലാം ചികിത്സയിലാണ്.

തിരുവനന്തപുരം എയർപോർട്ട് വഴി വന്ന 44കാരൻ 15ന് ഫ്‌ളൈറ്റ് ചാർട്ട് ചെയ്ത് വന്നതാണ്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാൽ എയർപോർട്ടിൽ റാൺഡം പരിശോധന നടത്തിയ ശേഷം ഇദ്ദേഹത്തെ വിട്ടു. പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തി.

മലപ്പുറത്ത് ചികിത്സയിലുള്ളയാൾ ദക്ഷിണ കർണാടക സ്വദേശിയാണ്. 13ന് കോഴിക്കോട് എയർപോർട്ടിലെ പരിശോധനയിൽ ഇദ്ദേഹം പോസിറ്റീവായതിനാൽ നേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തൃശൂർ സ്വദേശിനി 11ന് കെനിയയിൽ നിന്നും ഷാർജയിലേക്കും അവിടെനിന്നും ഡിസംബർ 12ന് ഷാർജയിൽ നിന്നും കൊച്ചിയിലേക്കുമാണ് എത്തിയത്. കെനിയ ഹൈ റിസ്‌ക് രാജ്യത്തിൽ ഉൾപ്പെടാത്തതിനാൽ ഇവർക്ക് സ്വയം നിരീക്ഷണണാണ് അനുവദിച്ചത്. 13ന് പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവായി. അമ്മ മാത്രമാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. അമ്മയും കോവിഡ് പോസിറ്റീവായി.

കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ അയച്ചു. അതിലാണ് ഇവർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 11 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഒമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി പാലിക്കണം. ഇവർ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങൾ സന്ദർശിക്കുകയോ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളിൽ സംബന്ധിക്കാനോ പാടില്ല.

Related posts

Leave a Comment