ഒമിക്രോൺ ബാധിച്ചയാളുടെ സമ്പർക്കപ്പട്ടിക വിപുലം ; ഷോപ്പിങ് മാളുകളും റസ്റ്റോറന്റുകളും സന്ദർശിച്ചു

തിരുവനന്തപുരം: കേരളത്തിൽ എണറാകുളത്ത് ബുധനാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്. കോങ്കോയിൽ നിന്നും വന്ന ഇദ്ദേഹം ധാരാളം ആളുകളെത്തുന്ന സ്ഥലങ്ങൾ സന്ദർശിച്ചു. ഷോപ്പിങ് മാളുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെല്ലാം രോഗി സഞ്ചരിച്ചു. അതിനാൽ ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടിക തയാറാക്കൽ സങ്കീർണമാണ്. രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. സമ്പർക്ക പട്ടികയിലുള്ളവർ അധികൃതരെ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ച യുവതിക്ക് (22) വിമാനത്തിൽ നിന്നുള്ള സമ്പർക്കം മാത്രമാണുള്ളത്. ഇവർ തിരുവനന്തപുരത്തെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ നിർദ്ദേശം നൽകി. ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തിൽ നിന്നും വന്നയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകൾ എല്ലാവരും കൃത്യമായി പാലിക്കണം. സാമൂഹിക ഇടപെടലുകൾ, ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തീയറ്ററുകൾ, മാളുകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണം. എറണാകുളത്ത് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചയാൾ കോങ്കോയിൽ നിന്നും വന്നതാണ്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാൽ കേന്ദ്ര മാർഗനിർദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
ഡിസംബർ ഒന്നു മുതൽ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങൾ വഴി ആകെ 1,47,844 യാത്രക്കാരാണ് എത്തിച്ചേർന്നിട്ടുള്ളത്. അവരിൽ 8,920 പേരെ വിമാനത്താവളങ്ങളിൽ വച്ചു തന്നെ പരിശോധിച്ചു. അതിൽ 15 പേരാണ് കോവിഡ് പോസിറ്റീവായത്. അതിൽ 13 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 2 പേർ മറ്റ് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. ഇവരുടെ എല്ലാവരുടേയും സാമ്പിളുകൾ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡിസംബർ ഒന്നിന് മുമ്പ് ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തിയിട്ടുള്ള കോവിഡ് പോസിറ്റീവായിട്ടുള്ളവരുടേയും എട്ടാമത്തെ ദിവസം പരിശോധനാ ഫലം പോസിറ്റീവായിട്ടുള്ളവരുടേയും സാമ്പിളുകൾ ഉൾപ്പെടെ ആകെ 54 പേരുടെ സാമ്പിളുകളാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 44 പേരുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. അതിൽ 39 പേർ ഡെൽറ്റാ വേരിയന്റ് പോസിറ്റീവും 5 പേർ ഒമിക്രോൺ പോസിറ്റീവുമാണ്. വാക്‌സിൻ എടുക്കാത്തവർ ഉടൻ തന്നെ വാക്‌സിൻ എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണം. ബാക്ക് ടു ബേസിക്‌സ് അടിസ്ഥാനമാക്കി മാസ്‌ക്, സാനിറ്റൈസർ ഉപയോഗം, സാമൂഹിക അകലം എന്നിവ പാലിക്കണമെന്നാണ് അറിയിപ്പ്.

Related posts

Leave a Comment