ഒളിമ്പ്യൻ സജൻ പ്രകാശിന് നാളെ പോലീസ് ആസ്ഥാനത്ത് സ്വീകരണം

തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുത്ത് മടങ്ങിയെത്തുന്ന നീന്തൽതാരവും ആംഡ് പൊലീസ് ഇൻസ്പെക്ടറുമായ സജൻ പ്രകാശിന് നാളെ തിരുവനന്തപുരം വിമാനത്താവളത്തിലും പൊലീസ് ആസ്ഥാനത്തും കേരളാ പൊലീസ് സ്വീകരണം നൽകും.
ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന സജൻ പ്രകാശിനെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കും. തുടർന്ന് പൊലീസ് ബാന്റ് സംഘത്തിന്റെ അകമ്പടിയോടെ തുറന്ന ജീപ്പിൽ പൊലീസ് ആസ്ഥാനത്തേയ്ക്ക് ആനയിക്കും. മോട്ടോർ സൈക്കിൾ, കുതിരപ്പൊലീസ് എന്നിവയും അകമ്പടി നൽകും. പൊലീസ് ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പൊലീസിന്റെ ഉപഹാരങ്ങൾ അദ്ദേഹത്തിന് സമ്മാനിക്കും. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി.പിമാരായ കെ.പത്മകുമാർ, മനോജ് എബ്രഹാം, വിജയ് സാഖറെ, സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ, ബറ്റാലിയൻ ഡി.ഐ.ജി പി.പ്രകാശ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കേരളാ സ്‌പോർട്‌സ് കൗൺസിൽ, ഒളിമ്പിക്‌സ് അസോസിയേഷൻ, സ്‌പോർട്‌സ് വകുപ്പ് എന്നിവയുടെ പ്രതിനിധികളും പൊലീസ് സ്‌പോർട്‌സ് വിഭാഗത്തിലെ താരങ്ങളും ചടങ്ങിൽ പങ്കെടുക്കും.

Related posts

Leave a Comment