ഐ പി എൽ; നരെയ്ൻ മികവിൽ കൊൽക്കത്ത; എലിമിനേറ്ററിൽ തോറ്റ് ബാംഗ്ലൂർ പുറത്ത്

ഐപിഎൽ 14–ാം സീസണിലെ എലിമിനേറ്റർ പരീക്ഷണം വിജയകരമായി മറികടന്ന് കൊൽക്കത്ത നൈറ്റ് റൈഡഴ്സ്. കന്നി കിരീടത്തിന് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇനിയും കാത്തിരിക്കണം. അസാധ്യ പ്രകടനവുമായി നിറഞ്ഞുനിന്ന സീസണിനൊടുവിൽ നടന്ന എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് നാല് വിക്കറ്റിന് പരാജയപ്പെട്ട് ബാംഗ്ലൂർ പുറത്ത്. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ കൊൽക്കത്ത ഡൽഹിയെ നേരിടും. ഷാർജ രാജ്യാന്തര സ്‌റ്റേഡിയത്തിൽ ബാംഗ്ലൂർ ഉയർത്തിയ 139 എന്ന സ്‌കോർ പിന്തുടർന്ന കൊൽക്കത്ത രണ്ടു പന്തുകൾ ബാക്കിനിൽക്കെയാണ് വിജയതീരമണഞ്ഞത്. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂരിനെ 138 റൺസിൽ ഒതുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് നരെയ്നായിരുന്നു. നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി നരെയ്ൻ പിഴുതത് നാലു വിക്കറ്റുകൾ. പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയെ ബാംഗ്ലൂർ ബോളർമാർ അച്ചടക്കമുള്ള ബോളിങ്ങിലൂടെ മത്സരം ഒതുക്കി പിടിച്ചപ്പോഴും ജീവശ്വാസം പകർന്നതും നരെയ്ൻ തന്നെ. നരെയ്ൻ 15 പന്തിൽ മൂന്നു സിക്സുകൾ സഹിതം 26 റൺസെടുത്തു. ഒന്നാം ക്വാളിഫയറിൽ ഡൽഹിയെ തോൽപ്പിച്ച് മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് ഫൈനലിൽ ഇടംപിടിച്ചു കഴിഞ്ഞു.

Related posts

Leave a Comment