കത്തിക്കയറി ഇന്ധന വിലഃ 14 മുതൽ കോൺ​ഗ്രസ് പ്രക്ഷോഭം

കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്നു കൂടിയത്. പാറശാലയിൽ ഒരു ലിറ്റർ പെട്രോളിന് 110.10 രൂപയാണ് വില. ഡീസലിന് 103.77 രൂപയും. പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് പ്രക്ഷോഭത്തിനു തയാറെടുക്കുന്നു. അടുത്ത മാസം 14 മുതൽ 29 വരെ കേന്ദ്ര സർക്കാരിനെതിരേ പ്രതിഷേധം കടുപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ അറിയിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓരോ സംസ്ഥാനത്തും മണ്ഡലം അടിസ്ഥാനത്തിൽ പദയാത്രകളും നടത്തും.
ലോകത്തേക്കും ഉയർന്ന നിരക്കാണ് ഇന്ത്യയിൽ ഇന്ധനങ്ങൾക്കു വാങ്ങുന്നത്. അടിസ്ഥാന വില ഉയർത്തുകയും അതിന് ആനുപാതികമായി വില്പന നികുതിയും ഇതര നികു‌തുകളും വർധിപ്പിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. അധിക വില്പന നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാരും തയാറല്ല. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണെങ്കിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ അതിനു തയാറല്ല. ഇന്ധനവിലയിലെ അനുസ്യൂതമുള്ള വർധന നിത്യോപയോ​ഗ സാധനങ്ങളുടെ വിലയിലും പ്രതിഫലിക്കുന്നുണ്ട്. പച്ചക്കറി, മീൻ, പഴവർ​ഗങ്ങൾ എന്നിവയ്ക്ക് വലിയ വിലയാണ് ഇപ്പോൾ ഈടാക്കുന്നത്. ഇന്ധനവില കൂടുന്നതനുസരിച്ച് ഇവയുടെ വില ഇനിയും കൂടുമെന്നാണു കച്ചവടക്കാർ പറയുന്നത്.

Related posts

Leave a Comment