നിയമസഭയിൽ ഇന്ധന വിലയ്ക്കെതിരേ പ്രതിപക്ഷത്തിന്റെ രോഷാ​ഗ്നി

  • കക്കാനിറങ്ങുന്ന മോദിക്കു സംസ്ഥാനസർക്കാർ ഫ്യൂസ് ഊരിക്കൊടുക്കുന്നുഃ ഷാഫി പറമ്പിൽ


തിരുവനന്തപുരം ഇന്ധനവില വർധന നിയമസഭയിൽ ഉന്നയിച്ച്‌ പ്രതിപക്ഷം. നികുതി ഭീകരതയാണ് ഈ വിഷയത്തിൽ നടക്കുന്നത്.110 രൂപയ്ക്ക് പെട്രോൾ അടിച്ചാൽ 66 രൂപയാണ് നികുതി ഈടാക്കുന്നതെന്ന് അടിയന്തരപ്രമേയ നോട്ടീസ് നൽകിയ ഷാഫി പറമ്പിൽ പറഞ്ഞു. നികുതി നിശ്ചയിക്കുന്നത് സർക്കാരാണ്, എണ്ണക്കമ്പനികൾ അല്ല.കേന്ദ്രത്തിൽ
നരേന്ദ്രമോദി സർക്കാർ കക്കാനിറങ്ങുമ്പോൾ ഫ്യൂസ് ഊരിക്കൊടുക്കുന്ന പണിയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കോൺഗ്രസിനെ വിമർശിക്കാനുള്ള ത്വരയാണ് മന്ത്രി കെ എൻ ബാലഗോപാലിനെന്ന് ഷാഫി കുറ്റപ്പെടുത്തി. 66 ശതമാനം നികുതി ഇന്ധനത്തിന് കൊടുക്കേണ്ട ദുരവസ്ഥയിലാണ് സംസ്ഥാനത്തെ ജനങ്ങൾ. കോൺഗ്രസിനെ പഴിചാരി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. കോൺഗ്രസിനെ വിമർശിക്കുന്നത് ബിജെപി സർക്കാരിന് എതിരായ ജനരോഷം തിരിച്ചുവിടാനാണ്. ബിജെപിയെ കൂടി വിമർശിച്ചുകൂടെയെന്ന് ഷാഫി പറമ്പിൽ ചോദിച്ചു.

രണ്ടു തവണ നികുതി കുറച്ച മനുഷ്യത്വമുള്ള മുഖ്യമന്ത്രി ഭരിച്ച നാടാണിത്. നാലു തവണയായി 600 കോടി രൂപ വേണ്ടെന്നു വെച്ച മാതൃകയുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇന്ധന വില കൂടാൻ കാരണം കോൺഗ്രസ് ആണെന്നത് തെറ്റായ പ്രചാരണമാണ്. ഇന്ധന വില തീരുമാനിക്കാൻ എണ്ണക്കമ്ബനികൾക്ക് കോൺഗ്രസ് അധികാരം നൽകിയിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ഇന്ധനവില വർധന ഗുരുതരമായ പ്രശ്‌നമാണെന്ന കാര്യത്തിൽ തർക്കമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഇന്ധന നികുതി കോവിഡ് കാലത്ത് സംസ്ഥാനസർക്കാർ വർധിപ്പിച്ചിട്ടില്ല. യുഡിഎഫ് 94 ശതമാനം വർധിപ്പിച്ചപ്പോൾ എൽഡിഎഫ് കൂട്ടിയത് 11 ശതമാനം മാത്രമാണ്. കേരളത്തേക്കാൾ കൂടുതൽ നികുതി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങൾക്ക് നികുതി വിഹിതം വീതം വെക്കാത്ത വിധം നികുതി ഘടന പരിഷ്‌കരിച്ചുകൊണ്ട് കേന്ദ്രം നടത്തുന്ന ഇടപെടലുകളാണ് ഇന്ധനത്തിന് ഇത്രയും വില വർധിക്കാൻ കാരണം. അതിനാൽ കേന്ദ്രത്തിനെതിരെ ഒന്നിച്ച്‌ അണിനിരക്കുകയാണ് എല്ലാവരും ചെയ്യേണ്ടതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. വിലനിർണയം എണ്ണകമ്ബനികൾക്ക് വിട്ടുകൊടുത്തെങ്കിലും ക്രൂഡ് വില താഴുന്നത് അനുസരിച്ച്‌ വില കുറയുന്നില്ല.

സംസ്ഥാനം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒരിക്കലും ഇന്ധന നികുതിയിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ കേന്ദ്രം പലതവണയാണ് ഇത്തരത്തിൽ മാറ്റം വരുത്തിയത്. സംസ്ഥാനങ്ങൾക്ക് നികുതി വിഹിതം കൊടുക്കാതിരിക്കാനുള്ള ചില ഉപായങ്ങൾ പോലും കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായതായും ധനമന്ത്രി ആരോപിച്ചു.

Related posts

Leave a Comment