വാറന്റ് ഓഫീസര്‍ പ്രദീപിന്റെ ഭൗതികദേഹം ഏറ്റുവാങ്ങാനൊരുങ്ങി ജന്മനാട് ; സംസ്‌ക്കാരം ഇന്ന്

തൃശൂര്‍: കുനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ സംസ്‌ക്കാരം ഇന്ന് നടക്കും. പ്രദീപിന്റെ മൃതദേഹവുമായി വിമാനം ഡല്‍ഹിയില്‍ നിന്നും കോയമ്പത്തൂരിലേയ്ക്ക് പുറപ്പെട്ടു. കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രദീപിന്റെ ഭൗതിക ദേഹത്തെ അനുഗമിക്കുന്നുണ്ട്. രാവിലെ പതിനൊന്ന് കോയമ്പത്തൂര്‍ സുളൂര്‍ എയര്‍ ബേസില്‍ എത്തിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വാളയാറില്‍ വെച്ച് കേരളത്തിന് കൈമാറും. നേരത്തെ എയര്‍ബേസില്‍ പ്രദീപിന്റെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും അന്തിമോപാചരമര്‍പ്പിക്കുന്നതിനുള്ള അവസരമൊരുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സംസ്‌ക്കാരസമയം ഇനിയും വൈകുമെന്നതിനാല്‍ അത് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. സുളൂരില്‍ പൊതുദര്‍ശനം ക്രമീകരിച്ചാല്‍ നാളെ മാത്രമേ കേരളത്തിന് മൃതദേഹം വിട്ടുനല്‍കാനും സംസ്‌ക്കാരം നടത്താനും കഴിയൂ. ഈ സാഹചര്യത്തിലാണ് പുതിയ ക്രമീകരണം. ടി.എന്‍ പ്രതാപന്‍ എം.പി കോയമ്പത്തൂരിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തൃശൂരിലെത്തിക്കുന്ന മൃതദേഹം പ്രദീപ് പഠിച്ച പുത്തൂര്‍ ഗവ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും പൊന്നൂക്കരയിലെ വീട്ടിലേയ്ക്ക് എത്തിക്കുക. തുടര്‍ന്ന് സംസ്ഥാന സൈനിക ബഹുമതികളോടെ സംസ്‌ക്കാരം നടക്കും. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ രാവിലെ പ്രദീപിന്റെ വീട്ടിലെത്തി.

Related posts

Leave a Comment