പ്രതിപക്ഷ സമരം ഫലം കണ്ടു ; അട്ടാപ്പാടിയിൽ ആരോ​ഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം , കോട്ടത്തറ ആശുപത്രിയും ശിശുമരണം നടന്ന ഊരുകളും സന്ദർശിക്കും

പാലക്കാട്: പ്രതിപക്ഷ സമരത്തെ തുടർന്ന് അട്ടപ്പാടിയിലേക്ക് ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജിന്റെ മിന്നൽ സന്ദർശനം. ആരോ​ഗ്യ വകുപ്പിലെ അട്ടപ്പാടി നോഡൽ ഓഫീസ് ഉൾപ്പടെ തിരുവനന്തപുരത്താണ് ഇവരാരെയും അറിയിക്കാതെയാണ് മന്ത്രിയുടെ സന്ദർശനം. അട്ടപ്പാടിയിലെ സ്ഥിതി​ഗതികൾ രൂക്ഷമായതിനെ തുടർന്ന് കടുത്ത പ്രതിപക്ഷ ഇടപെടൽ മൂലമാണ് മന്ത്രി മിന്നൽ സന്ദർശനം നടത്തിയത്. ഇന്നലെ വിദ്യാർത്ഥി സംഘടനയായ കെഎസ്യുവിന്റെ സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് അട്ടപ്പാടിയിൽ ഉപവാസസമരം നടത്തിയിരുന്നു. വിടി ബൽറാമാണ് സമരം ഉദ്ഘാടനം ചെയ്തത്. ഷാഫി പറമ്പിൽ എം എൽ എ ഉൾപ്പടെ സമരവേദി സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ.

അതേസമയം അട്ടപ്പാടി ശിശുമരണങ്ങളെ കുറിച്ചുളള ആരോ​ഗ്യ വകുപ്പിന്റെ അവലോകന യോ​ഗം നടക്കാനിരിക്കെയാണ് മന്ത്രി അട്ടപ്പാടിയിലേക്ക് തിരിച്ചത്.കോട്ടത്തറ ആശുപത്രി , ശിശുമരണം നടന്ന ഊരുകൾ എന്നിവിടങ്ങളിലാണ് മന്ത്രി സന്ദർശനം നടത്തുക. മന്ത്രിയെത്തുന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ല. മന്ത്രിയുടെ വാഹനം പാലക്കാട് ജില്ലാ അതിർത്തി കടന്ന ശേഷം മാത്രമാണ് വിവരം പുറത്തറിഞ്ഞത്.

അട്ടപ്പാടിയിലെ ഗർഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അട്ടപ്പാടിയിലെ ഗർഭിണികളിൽ 58 ശതമാനവും ഹൈറിസ്ക് വിഭാഗത്തിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ ആദിവാസി ഗർഭിണികളിൽ നാലിലൊന്നും തൂക്കക്കുറവുള്ളവരാണെന്നും ആരോഗ്യ വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.

അട്ടപ്പാടിയിൽ നവജാത ശിശു മരണം തുടർക്കഥയായ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കണക്കെടുപ്പ് നടത്തിയത്. രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്കുറവ്, അരിവാൾ രോഗം, ഗർഭം അലസാൻ സാധ്യതയുള്ളവർ ഗർഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവർ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഗർഭിണികളെ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇത്തരത്തിൽ കണക്കെടുപ്പ് പൂർത്തിയായപ്പോൾ ആകെയുള്ള 426 ഗർഭിണികളിൽ 245 പേരാണ് ഹൈറിസ്കിൽ ഉൾപ്പെട്ടിരിക്കുന്നത്. അതിൽ തന്നെ ആദിവാസികളുടെ സ്ഥിതിയാണ് കൂടുതൽ ഗുരുതരം.

191 ആദിവാസി ഗർഭിണികൾ ഹൈ റിസ്ക്ക് വിഭാഗത്തിലാണുള്ളത്. അരിവാൾ രോഗികളായ 17 ഗർഭിണികൾ അട്ടപ്പാടിയിലുണ്ട്. ആദിവാസി ഗർഭിണികളിൽ 90 പേർക്ക് തൂക്കകുറവും ഹീമോഗ്ലോബിന്റെ കുറവുള്ള 115 പേരുമുണ്ടെന്ന് സർക്കാർ രേഖകളിൽ നിന്നും വ്യക്തമാകുന്നു

Related posts

Leave a Comment